in ,

എച്ച്എംസി യാത്രാ ക്ലിനിക്കിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചു

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ കമ്യൂണിക്കബിള്‍ ഡിസീസ് സെന്ററിലെ(സിഡിസി) യാത്രാ ക്ലിനിക്കിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചു. ക്ലിനിക്കിന്റെ സേവനം ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു തവണ യാത്രക്കാര്‍ക്ക് ലഭ്യമാണ്. ഇടക്കാലത്ത് തിങ്കളാഴ്ചകളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്ക് ഇപ്പോള്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിഡിസി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.മുന അല്‍മസ്‌ലമാനി പറഞ്ഞു.

ദി പെനിന്‍സുലയോടു സംസാരിക്കുകയായിരുന്നു അവര്‍. യാത്രക്ക് മുമ്പ് ആവശ്യമായ പ്രതിരോധ കുത്തിവെയ്പുകളും വൈദ്യ പരിചരണവും നല്‍കുക സുപ്രധാനമാണ്. രാജ്യത്തെ യാത്രക്കാര്‍ക്കുള്ള വണ്‍ സ്റ്റോപ്പ് ഷോപ്പാണ് ക്ലിനിക്ക്. കൂടാതെ വിദേശയാത്രകളില്‍നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് യാത്രയുമായി ബന്ധപ്പെട്ട അസുഖമുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് പ്രത്യേകമായി ഉപദേശവും ചികിത്സയും ലഭ്യമാക്കുന്നുണ്ട്.

ക്ലിനിക്ക് അപ്പോയിന്‍മെന്റ് അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രോഗികള്‍ക്ക് നേരത്തെ വിളിച്ച് ബുക്ക് ചെയ്ത് ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്താം. തിങ്കളാഴ്ചകളില്‍ ഉച്ചക്ക് പന്ത്രണ്ടു മുതല്‍ മൂന്നുവരെയും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ പതിനൊന്നുവരെയും സേവനങ്ങള്‍ ലഭ്യമാകും.

2017 ആദ്യത്തില്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ ഒട്ടനവധി രോഗികള്‍ക്ക് പരിചരണം ലഭിച്ചിട്ടുണ്ട്. 2018ല്‍ 824 യാത്രക്കാരാണ് ക്ലിനിക്കിന്റെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യ ആറുമാസത്തിനുള്ളില്‍ 558 പേര്‍ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ.അല്‍മസ്‌ലമാനി പറഞ്ഞു.

വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെടുന്നവര്‍ പ്രതിരോധ കുത്തിവെയ്പ്പുകള്‍, മരുന്നുകള്‍, മറ്റു പ്രതിരോധ നടപടികള്‍ എന്നിവ ആവശ്യമുണ്ടെങ്കില്‍ ട്രാവല്‍ ക്ലിനിക്കിന്റെ സേവനങ്ങള്‍ തേടാം. യാത്രയുമായി ബന്ധപ്പെട്ട അണുബാധകളുമായി മടങ്ങിവരുന്ന യാത്രക്കാര്‍ക്ക് വിലയിരുത്തലുകളും വൈദ്യപരിചരണവും ക്ലിനിക്ക് നല്‍കുന്നു.

പ്രത്യേക ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ യാത്രക്കാരന്റെ ശാരീരികവും ആരോഗ്യപരവുമായ അവസ്ഥയെക്കുറിച്ചും യാത്രാ വിശദാംശങ്ങളെക്കുറിച്ചും സമഗ്രമായ വിലയിരുത്തല്‍ നടത്തും. ഡൈവിങ്, പര്‍വതാരോഹണം, ക്രൂയിസിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന യാത്രക്കാര്‍ക്ക് പ്രത്യേക ഉപദേശവും കൗണ്‍സലിങും നല്‍കുന്നുണ്ടെന്നും ഡോ.മസ്‌ലമാനി പറഞ്ഞു.

യാത്രാ ലക്ഷ്യസ്ഥാനം, യാത്രാദൈര്‍ഘ്യം, യാത്രയിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി എന്തൊക്കെ വാക്‌സിനുകളും മരുന്നുകളുമാണ് വേണ്ടതെന്ന് ട്രാവല്‍ ക്ലിനിക്ക് ഡോക്ടര്‍മാരുമായി ആലോചിക്കാന്‍ യാത്രക്കാരോടു ശുപാര്‍ശ ചെയ്യുന്നുണ്ട്. യാത്രാതീയതിക്ക് നാലോ ആറോ ആഴ്ച മുന്‍്പ് യാത്രാ ഉപദേശവും പ്രതിരോധ കുത്തിവെയ്പ്പുകളും നേടാന്‍ ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നുണ്ട്. യാത്രക്കുള്ള തീയതിക്ക് രണ്ടാഴ്ച മുന്‍പെങ്കിലും യാത്രാക്ലിനിക്കിലെത്താന്‍ ജനങ്ങളെ ഉപദേശിക്കുന്നുണ്ട്.

കാരണം പ്രതിരോധ കുത്തിവെയ്പ്പുകളിലൂടെ ശരീരത്തിനുള്ളില്‍ പ്രതിരോധശേഷി വികസിപ്പിക്കുന്നതിന് ഈ സമയം ആവശ്യമാണ്- ഡോ.മസ്‌ലമാനി പറഞ്ഞു. ക്ലിനിക്കിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടാനാകും. ചില രാജ്യങ്ങളിലേക്കുള്ള യാത്രക്ക് ഈ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്. ഒപ്പം സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലേക്കുള്ള രോഗപ്രതിരോധ ഉപദേശവും നല്‍കും. മീസെല്‍സ്-മംബ്‌സ്-റൂബല്ല, ഡിഫ്തീരിയ, ടെറ്റനസ്, പെര്‍ട്ടുസിസ്, പോളിയോ, ഹെപ്പറ്റൈറ്റിസ് എ, ബി, വാര്‍ഷിക ഫ്‌ളൂ ഷോട്ട് എന്നിവ ഉള്‍പ്പടെ പതിനഞ്ച് വാക്‌സിനുകള്‍ ഇതിലുള്‍പ്പെടുന്നു.

സന്ദര്‍ശിക്കുന്ന രാജ്യത്തെ ആശ്രയിച്ച മഞ്ഞപ്പനി, റാബിസ്, ഡിഫ്തീരിയ എന്നിവക്കുള്ള ചില അധിക വാക്‌സിനുകളും യാത്രക്ക് ആവശ്യമായി വന്നേക്കാം. ആവശ്യമായി മരുന്നുകള്‍ പ്രത്യേകമായി നല്‍കിയിട്ടില്ലെങ്കില്‍(ഉദാഹരണത്തിന് ജാപ്പനീസ് എന്‍സെഫലൈറ്റിസ്) പ്രതിരോധ കുത്തിവെപ്പുകള്‍ എല്ലാവര്‍ക്കും സൗജന്യമായിരിക്കും.

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ 40254003 എന്ന നമ്പരില്‍ വിളിച്ച് അപ്പോയിന്‍മെന്റ് നേടാം. അവധി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിനു പുറത്തേക്ക് യാത്രയ്ക്ക് പുറപ്പെടുന്നവര്‍ യാത്രാക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്തണം. യാത്രാ സംബന്ധമായ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ഇതിലൂടെ സാധിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കാല്‍നട യാത്രികര്‍ ഉള്‍പ്പെടുന്ന ഗതാഗത അപകടങ്ങള്‍ കുറക്കുന്നതിന് കാമ്പയിന്‍

മൊഗാദിഷുവില്‍ പരിക്കേറ്റ 12പേരെ ചികിത്സക്കായി വിമാനമാര്‍ഗം ഖത്തറിലെത്തിച്ചു