in

എച്ച്എംസി 50 ആംബുലന്‍സുകളില്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചു

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ(എച്ച്എംസി) അന്‍പത് ആംബുലന്‍സുകളില്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചു. ഇവയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്.

മൂന്നുമാസം ഇവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. ആംബുലന്‍സുകളുടെ വരവ് സംബന്ധിച്ച് മുന്നിലുള്ള വാഹന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായാണ് നൂതനമായ ഇഡബ്ല്യുഎസ്(എമര്‍ജന്‍സി വാണിങ് സിസ്റ്റം) എന്ന മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.

ഇതിനോടകം എച്ച്എംസിയുടെ അന്‍പതോളം ആംബുലന്‍സുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. പുതിയ രാജ്യാന്തര എഫ്എം റേഡിയോ ഓവര്‍ ബ്രോഡ്കാസ്റ്റ് സിസ്റ്റമാണ് നടപ്പാക്കിയിരിക്കുന്നത്. ഇതോടെ ഗള്‍ഫ് മേഖലയില്‍ ഇഡബ്ല്യുഎസ് ആദ്യം ഉപയോഗിക്കുന്ന രാജ്യമെന്ന ഖ്യാതി ഖത്തറിനു സ്വന്തമായി.

എച്ച്എംസി ആംബുലന്‍സ് സര്‍വീസിന്റെ നേതൃത്വത്തിലാണ് പുതിയ സിസ്റ്റം ആംബുലന്‍സുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. സെപ്തംബര്‍ ഒന്നു മുതല്‍ പരീക്ഷണടിസ്ഥാനത്തില്‍ നടപ്പാക്കിയതായി ആംബുലന്‍സ് സര്‍വീസ് ഹെല്‍ത്ത്‌കെയര്‍ കോര്‍ഡിനേഷന്‍ ആന്റ് സപ്പോര്‍ട്ട് സര്‍വീസസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ തോമസ് റെയ്മാന്‍ പറഞ്ഞു.

ഇവയുടെ ഉപയോഗം എത്രത്തോളം കാര്യക്ഷമമാണെന്ന് വിലയിരുത്തും. ഇതിനായി അടുത്ത മൂന്നുമാസം പരിശോധിക്കും. ഫലപ്രദമാണെന്നു ബോധ്യപ്പെട്ടാല്‍ എല്ലാ ആംബുലന്‍സുകളിലും ഉപയോഗിക്കാന്‍ അന്തിമാനുമതി നല്‍കും.

ആംബുലന്‍സിന് 300 മീറ്റര്‍ വരെ മുമ്പിലുള്ള ഏതെങ്കിലും വാഹനങ്ങളില്‍ ഏതെങ്കിലും എഫ്എം റേഡിയോകള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ആംബുലന്‍സ് വരുന്നു എന്ന സന്ദേശം റേഡിയോ സ്‌ക്രീനിലൂടെ ഡ്രൈവര്‍ക്കു നല്‍കാന്‍ ഇഡബ്ല്യുഎസിന് കഴിയും. ആംബുലന്‍സ് വാഹനത്തെ മറികടക്കുംവരെ എഫ്എം പ്രക്ഷേപണം വിച്ഛേദിക്കപ്പെടുകയും തുടര്‍ന്ന് മുന്നറിയിപ്പ് സംബന്ധിച്ച ശബ്ദസംപ്രേഷണം പ്രക്ഷേപണം ചെയ്യും.

‘ആംബുലന്‍സ് സമീപിക്കുന്നു, വഴിയൊരുക്കുക’ എന്ന ശബ്ദസന്ദേശമായിരിക്കും ഇംഗ്ലീഷ്, അറബി ഭാഷകളില്‍ പ്രക്ഷേപണം ചെയ്യുക. വാഹനങ്ങളില്‍ സിഡിയിട്ട് ശ്രവിച്ചുകൊണ്ടിരുന്നാലും സാങ്കേതികവിദ്യയുടെ സഹായത്തോടെ തടസപ്പെടുത്തി മുന്നറിയിപ്പ് സംപ്രേഷണം ചെയ്യാനാകും.

മറ്റു ഡ്രൈവര്‍മാര്‍ക്ക് ആംബുലന്‍സിന്റെ വരവിനെക്കുറിച്ച് കൃത്യമായി അറിയാനും ജാഗ്രത പാലിക്കാനും ആംബുലന്‍സിന് വഴിയൊരുക്കാനും ഇതിലൂടെ സാധിക്കും. ആംബുലന്‍സിന് സുരക്ഷിതമായി മുന്നിലുള്ള വാഹനങ്ങളെ മറികടന്നു മുന്നോട്ടുപോകാന്‍ കഴിയും. ഡ്രൈവര്‍മാര്‍ക്ക് ആംബുലന്‍സ് സൈറനുകള്‍ കേള്‍ക്കാനും 50മീറ്റര്‍ അകലെവരെ മിന്നുന്ന ലൈറ്റുകള്‍ കാണാനും സാധിക്കും.

എന്നാല്‍ പുതിയ മുന്നറിയിപ്പ് സംവിധാനത്തിലൂടെ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ മുന്നോട്ടു മുന്നറിയിപ്പ് നല്‍കാനാകും. റോഡ് ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കാതെയായിരിക്കും മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കുക. ആംബുലന്‍സിലെ സാധാരണ ലൈറ്റുകളും സൈറണുകളും പഴയതുപോലെ തന്നെ നിലനിര്‍ത്തും. റോഡില്‍ കാല്‍നടയാത്രക്കാരും മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരുമുണ്ടെന്നതിനാലാണിത്.

എല്ലാ വാഹനങ്ങളും റേഡിയോ പ്ലേ ചെയ്യില്ല. അതുകൊണ്ടുതന്നെ സാധാരണയുള്ള മുന്നറിയിപ്പ് സംവിധാനവുമുണ്ടാകും. സാധാരണദിവസങ്ങളില്‍ ആംബുലന്‍സ് സേവനങ്ങള്‍ 700ഓളം എമര്‍ജന്‍സി കേസുകളാണ് കൈകാര്യം ചെയ്യുന്നത്. 130ഓളം ആംബുലന്‍സുകളെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിദിന സേവനത്തിനായി നിയോഗിച്ചിരിക്കുന്ന ആംബുലന്‍സുകളില്‍ പകുതിയോളമെണ്ണത്തിലും പുതിയ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. നഗര, ഗ്രാമ പ്രദേശങ്ങള്‍ ഉള്‍പ്പടെ എല്ലാ സാഹചര്യങ്ങളിലും പുതിയ സംവിധാനം പരീക്ഷണ വിധേയമാക്കുന്നുണ്ട്.

ഗതാഗത ഒഴുക്ക് നിയന്ത്രിക്കുന്നതിനും അപകടസാധ്യത കുറക്കുന്നതിനു വേഗത്തില്‍ അടിയന്തര ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നതിനും പുതിയ മുന്നറിയിപ്പ് സംവിധാനത്തിലൂടെ സാധിക്കും. നിലവില്‍ ആംബുലന്‍സ് സര്‍വീസ് നഗരപ്രദേശങ്ങളില്‍ ആറു മിനുട്ടിലും ഗ്രാമപ്രദേശങ്ങളില്‍ പത്ത് മിനുട്ടിലും എത്തുന്നുണ്ട്.

ഗതാഗതക്കുരുക്കുകളിലോ മറ്റോ പെട്ട് സമയനഷ്ടമുണ്ടാകാതെ വളരെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് രോഗിയെയും കൊണ്ടുപോകാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്റ്റാര്‍സ് ലീഗ്: അല്‍സദ്ദിനും അല്‍സെയ്‌ലിയക്കും ജയം

പൈറസി ചാനല്‍ ബ്യൂട്ട്ക്യുവിന്റെ ആസ്ഥാനം റിയാദ്; വെളിപ്പെടുത്തലുമായി അല്‍ജസീറ