
ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യൂക്കേഷന്‍ സിറ്റിയില്‍ ട്രാമുകളുടെ സര്‍വീസ് തുടങ്ങി. ബ്ലൂലൈനില്‍ ട്രാമിന്റെ സര്‍വീസ് തുടങ്ങിയതായി ഖത്തര്‍ ഫൗണ്ടേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
മറ്റു ലൈനുകളിലും ഉടന്‍ സര്‍വീസ് തുടങ്ങും. ബ്ലൂ ലൈനില്‍ ഏഴു സ്റ്റോപ്പുകളാണുള്ളത്. എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം, ഖത്തര്‍ അക്കാദമി, വിസിയു ആര്‍ട്‌സ് ഖത്തര്‍ എന്നിവിടങ്ങളിലേക്ക് ബ്ലൂ ലൈനിലൂടെ സൗകര്യപ്രദമായി എത്താനാകും.
ട്രാം സര്‍വീസിനായി 19 ട്രാമുകള്‍ ജര്‍മന്‍ ആസ്ഥാനമായ കമ്പനിയായ സീമെന്‍സ് നേരത്തെതന്നെ ദോഹയില്‍ എത്തിച്ചിരുന്നു. 27.7 മീറ്റര്‍ നീളവും 2.55 മീറ്റര്‍ വീതിയുമുള്ള അവനിയോ ട്രാമുകളാണ് ട്രാം സര്‍വീസിനായി ഉപയോഗിക്കുന്നത്. എജ്യൂക്കേഷന്‍ സിറ്റിയില്‍ സ്റ്റേഷനുകളും ട്രാക്കുകളും സജ്ജമാക്കിയിട്ടുണ്ട്. ഒരു ട്രാമില്‍ മൂന്നു ഭാഗങ്ങളിലായി 60 സീറ്റുകളാണുണ്ടാകുക.

170ലേറെ പേര്‍ക്കു നിന്നു യാത്ര ചെയ്യാം. ആകെ 234 പേര്‍ക്കു യാത്ര ചെയ്യാന്‍ കഴിയും. 40 കിലോമീറ്റര്‍ വേഗത്തിലാണ് എജ്യൂക്കേഷന്‍ സിറ്റിയിലൂടെ സഞ്ചരിക്കുക. ഒരോ വശത്തേക്കും ഒരു മണിക്കൂറില്‍ 3300 യാത്രക്കാരെ കൊണ്ടു പോകാന്‍ കഴിയുമെന്നാണ് കണക്ക്. ഓരോ മണിക്കൂറിലും 17 ട്രാമുകള്‍ വരെ സര്‍വീസിലുണ്ടാകും. തിരക്കേറിയ സമയങ്ങളില്‍ നാലു മിനുട്ട് ഇടവേളകളില്‍ ട്രാം സര്‍വീസുണ്ടാകും.
കാറുകള്‍ പൂര്‍ണമായി ഒഴിവാക്കി കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുക എന്ന ലക്ഷ്യത്തോടെ എജ്യൂക്കേഷന്‍ സിറ്റിയില്‍ നടപ്പാക്കുന്ന ട്രാം സര്‍വീസ് പിന്നീട് ദോഹ മെട്രോയുമായും ബന്ധിപ്പിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും എജ്യൂക്കേഷന്‍ സിറ്റിയെ കാര്‍മുക്ത മേഖലയായി പ്രഖ്യാപിക്കുകയുമാണ് ലക്ഷ്യം.
എജ്യൂക്കേഷന്‍ സിറ്റിയിലൂടെ 11.5 കിലോമീറ്ററാണ് ട്രാം സര്‍വീസുണ്ടാകുക. 24 സ്റ്റേഷനുകളുമുണ്ടാകും. പാര്‍ക്കിങ് സ്ഥലങ്ങളിലാണ് സ്റ്റേഷനുകള്‍ നിര്‍മിച്ചിരിക്കുന്നത്.