in ,

എജ്യൂക്കേഷന്‍ സിറ്റിയിലെ പൈതൃക ശേഷിപ്പുകള്‍ സംരക്ഷിച്ച് ഖത്തര്‍ ഫൗണ്ടേഷന്‍

????????????????????????????????????
എജ്യൂക്കേഷന്‍ സിറ്റിയില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ സംരക്ഷിക്കുന്ന അല്‍ഖാതിറിന്റെ പൈതൃകഭവനം ഉള്‍പ്പടെയുള്ള ചരിത്ര ശേഷിപ്പുകള്‍

ദോഹ: എജ്യൂക്കേഷന്‍ സിറ്റിയിക്കുള്ളിലെ പുരാതന കെട്ടിടങ്ങളും ഘടനകളും ഉള്‍പ്പടെ ചരിത്രശേഷിപ്പുകള്‍ സംരക്ഷിച്ച് ഖത്തര്‍ ഫൗണ്ടേഷന്‍. ചരിത്രനിര്‍മിതികള്‍ പുനരുദ്ധരിക്കുകയും പുനരുപയോഗത്തിനായി സജ്ജമാക്കുകയുമാണ് ചെയ്യുന്നത്. 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് അല്‍ റയ്യാന്‍മേഖലയിലെ ശേഷിപ്പുകളാണ് എജ്യൂക്കേഷന്‍ സിറ്റിയില്‍ നശിപ്പിക്കപ്പെടാതെ നിലനിര്‍ത്തിപ്പോന്നിരുന്നത്. ഖത്തറിന്റെ വാസ്തുവിദ്യാ-രൂപകല്‍പ്പനാ പൈതൃകത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളായാണ് ഈ ശേഷിപ്പുകളെ കരുതിപ്പോന്നിരുന്നത്.
അബു റാഷിദ് എന്നറിയപ്പെടുന്ന 80കാരനായ മുഹമ്മദ് ബിന്‍ അബദുല്ല ബിന്‍ ഫഹദ് അല്‍ഖാതിറിന്റെ മണ്‍വീടും മറ്റു പൈതൃക ഭവനങ്ങള്‍ക്കൊപ്പം എജ്യൂക്കേഷന്‍ സിറ്റിയില്‍ സംരക്ഷിച്ചുപോരുന്നു. അക്കാലത്ത് ജനങ്ങള്‍ ശൈത്യകാലം ഗ്രാമീണ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഉള്‍പ്രദേശങ്ങളില്‍ ചെലവഴിക്കുകയും വേനല്‍ക്കാലത്ത് അവര്‍ ദോഹയിലെ വീടുകളിലേക്ക് മടങ്ങുകയുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, എജ്യൂക്കേഷന്‍ സിറ്റിക്കു ചുറ്റുമുള്ള പ്രദേശങ്ങള്‍ നാടോടി കാമ്പിങ് സൈറ്റുകളായിരുന്നു. കൂടുതലും ശുദ്ധജല കിണറുകളും പരിമിതമായ കാര്‍ഷിക മേഖലകളുമായിരുന്നു- അബു റാഷിദ് തന്റെ ജീവിതത്തിലെ ആ പ്രത്യേക കാലഘട്ടത്തെ അനുസ്മരിക്കുന്നു. 1947 ആയപ്പോഴേക്കും അല്‍ ശഖബിന്റെ തെക്കുകിഴക്കായി വലിയ പാര്‍പ്പിട പ്രദേശങ്ങള്‍ രൂപീകരിക്കപ്പെട്ടു. തന്റെ മുത്തച്ഛന്‍ ഫഹദ് 1923ല്‍ ഈ പ്രദേശത്തെ ആദ്യത്തെ നിവാസികളില്‍ ഒരാളായിരുന്നുവെന്നും അബു റാഷിദ് ഓര്‍ത്തെടുത്തു. കാലം കടന്നുപോകുന്തോറും വിപുലീകരണവും പുനര്‍നിര്‍മ്മാണ പദ്ധതികളും നടന്നുകൊണ്ടിരിക്കെ, എന്റെ പിതാവ് അബ്ദുല്ല ഈ വീട് നിര്‍മ്മിച്ചു. അത് ഇപ്പോള്‍ എജ്യൂക്കേഷന്‍ സിറ്റിയില്‍ സ്ഥിതിചെയ്യുന്ന പൈതൃക ഭവനങ്ങളുടെ ഭാഗമാണ്- അബു റാഷിദ് പറഞ്ഞു.
വീടിന്റെ നിര്‍മ്മാണം ലളിതമായിരുന്നു. കല്ലും കളിമണ്ണും ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചത്. വൈദ്യുതിയോ ജലവിതരണമോ ഉണ്ടായിരുന്നില്ല. തന്റെ മുത്തച്ഛന്‍ വീട് പണിയുമ്പോള്‍ നിര്‍മ്മിച്ച കിണറിനെയാണ് തങ്ങളും വീടു നിര്‍മാണത്തിനായി ആശ്രയിച്ചത്. കിണറിലുള്ള വെള്ളം കുടിക്കാനും വിളകള്‍ക്ക് ജലസേചനത്തിനും ഉപയോഗിച്ചിരുന്നു.
ഈ വിളകള്‍ വീടിനു ചുറ്റുമുള്ള ഫലഭൂയിഷ്ഠമായ മണ്ണില്‍ വളര്‍ന്നു. കൃഷി ഈന്തപ്പനകളെ ആശ്രയിച്ചായിരുന്നു. മറ്റ് പഴങ്ങളും പച്ചക്കറികള്‍ക്കും പുറമെ ഈത്തപ്പഴമായിരുന്നു പ്രധാന വിള. ഗ്രാമ പ്രദേശങ്ങളില്‍നിന്നും ശേഖരിച്ച വിറകുകളായിരുന്നു അക്കാലത്ത് പാചകത്തിനായി ഉപയോഗിച്ചത്. ആ കാലഘട്ടത്തില്‍അയല്‍ക്കാരുമായി സാമൂഹിക ബന്ധം നിലനിര്‍ത്തേണ്ടത് പ്രധാനമായിരുന്നുവെന്നും അബു റാഷിദ് ഓര്‍മിക്കുന്നു. വീടിന്റെ പുറത്തായി ഒരു മജ്‌ലിസ് പണികഴിപ്പിച്ചു. മജ്ലിസിന് മുന്നില്‍ ഒരു പള്ളിയും നിര്‍മിച്ചു. അത് ആ കാലഘട്ടത്തിന്റെ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. ഡെക എന്നു വിളിക്കപ്പെടുന്ന ടെറസും വീടിന്റെ ഭാഗമായിരുന്നു. കളിമണ്ണ് കൊണ്ടായിരുന്നു ഈ പ്ലാറ്റ്‌ഫോമിന്റെയും നിര്‍മാണം. വൈകുന്നേരം കുടുംബാംഗങ്ങള്‍ ടെറസില്‍ സമയം ചെലവഴിക്കുകയും അയല്‍ക്കാരെയും അതിഥികളെയും കാണുകയും ചെയ്തിരുന്നു. മുഹമ്മദ് ബിന്‍ അബദുല്ല ബിന്‍ ഫഹദ് അല്‍ഖാതിറിന്റെ പെണ്‍മക്കളിലൊരാളായ ജവഹര്‍ അല്‍ഖാതിര്‍ ഖത്തര്‍ ഫൗണ്ടേഷനില്‍ ജോലി ചെയ്യുന്നുണ്ട്. എജ്യൂക്കേഷന്‍ സിറ്റിയിലെ പൈതൃക ഭവനങ്ങളുടെ ഭാഗമായി തന്റെ കുടുംബത്തിന്റെ വീടും ഉള്‍പ്പെട്ടതില്‍ അഭിമാനമുണ്ടെന്നും ക്യുഎഫ് പോലെ ഒരു വലിയ പ്രസ്ഥാനത്തിനുള്ളില്‍ തന്റെ കുടുംബത്തിന്റെ പൈതൃകഭവനം സ്ഥിതിചെയ്യുന്നത് സന്തോഷകരമാണെന്നും ജവഹര്‍ പറഞ്ഞു. വര്‍ഷങ്ങളായി തങ്ങളുടെ പൂര്‍വ്വികര്‍ താമസിച്ചിരുന്ന ഈ പ്രദേശം ഖത്തറിന്റെ ഭൂതകാലത്തെ പ്രതിഫലിപ്പിക്കുന്നതും ഭാവിയെ പ്രകാശിപ്പിക്കുന്നതുമായ ഒരു വിദ്യാഭ്യാസ കെട്ടിടമായി പരിണമിച്ചതിലെ ആഹ്ലാദവും അവര്‍ പങ്കുവെച്ചു. ഖത്തറിന്റെ ചരിത്രത്തിന് സാക്ഷിയായി നിലകൊള്ളുന്ന ഒരു വാസ്തുവിദ്യാ മാസ്റ്റര്‍പീസായി അല്‍ഖാതിര്‍ കുടുംബത്തിന്റെ ഈ വീട് വികസിച്ചിട്ടുണ്ട്.
എജ്യൂക്കേഷന്‍ സിറ്റിയില്‍ പൈതൃക സ്ഥലങ്ങളും പുരാവസ്തു വീടുകളും ഉണ്ടെന്നും അവ രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്നതായും ക്യാപിറ്റല്‍ പ്രോജക്ട്‌സ് സീനിയര്‍ ആര്‍ക്കിടെക്റ്റ് നൂര്‍അലാ വാല്‍ഡിയോല്‍മില്ലോസ് പറഞ്ഞു. ഖത്തറിലെ വിവിധ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനും ഈ കെട്ടിടങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പ്രാദേശിക രാജ്യാന്തര സമ്മേളനങ്ങളിലും പരിപാടികളിലും ഈ പൈതൃക ഭവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്നുണ്ട്. ആധുനിക ശാസ്ത്രീയ രീതികള്‍ ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നത്. ദേശീയ സ്വത്വബോധം വളര്‍ത്തുന്നതിനും ഖത്തറിന്റെ വലിയ ചരിത്രം ഒരു ചെറിയ ഭൂമിശാസ്ത്രപരമായ സ്ഥലത്ത് ഉയര്‍ത്തിക്കാട്ടുന്നതിനുമാണ് ഈ ശ്രമങ്ങള്‍ നടപ്പിലാക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നാഷണല്‍ ലൈബ്രറി സന്ദര്‍ശിച്ചത് 6.77ലക്ഷത്തിലധികം പുസ്തകപ്രേമികള്‍

ശൈത്യകാല കാര്‍ഷിക ചന്തകളിലെ വില്‍പ്പനയില്‍ വര്‍ധനവ്‌