ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഈ സ്റ്റേഡിയത്തില്‍

ദോഹ: 2022 ഫിഫ ലോകകപ്പിനായൊരുങ്ങുന്ന ഖത്തര്‍ ഫൗണ്ടേഷന്‍ എജ്യൂക്കേഷന്‍സിറ്റി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18ന് നടക്കും. ഈ വര്‍ഷത്തെ ഫിഫ ക്ലബ്ബ് ലോകകപ്പ് സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലായിരിക്കും.
ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായിക്കൂടിയാണ് ഈ വര്‍ഷം ദേശീയദിനത്തില്‍ തന്നെ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നത്. ലോകകപ്പ് സംഘാടനചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി ഇക്കാര്യം വ്യക്തമാക്കി. ഇംഗ്ലീഷ്പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായാ ലിവര്‍പൂളായിരിക്കും എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ക്ലബ്ബ് ലോകകപ്പ് സെമിയില്‍ മത്സരിക്കുക.
എതിരാളികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യപ്പെടുന്ന രണ്ടാമത്തെ ലോകകപ്പ് സ്റ്റേഡിയം കൂടിയാണിത്. നേരത്തെ അല്‍വഖ്‌റയില്‍ അല്‍ജാനൂബ് സ്റ്റേഡിയം തുറന്നിരുന്നു. ഈ വര്‍ഷത്തെ അമീര്‍ കപ്പ് ഫൈനലും അല്‍ജാനൂബ് സ്റ്റേഡിയത്തിലായിരുന്നു. ഫിഫ ലോകകപ്പിനായി ഖത്തറില്‍ ആദ്യം സജ്ജമായത് നവീകരിച്ച ഖലീഫ രാജ്യാന്തര സ്‌റ്റേഡിയമായിരുന്നു.
2017ല്‍ അമീര്‍ കപ്പ് ഫൈനലിനോടനുബന്ധിച്ചായിരുന്നു ഖലീഫ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം. ഖത്തര്‍ ദേശീയ ദിനത്തില്‍ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം അനാച്ഛാദനം ചെയ്യുന്നത് രാജ്യമെമ്പാടും അഭിമാനകരമായ നിമിഷമാകുമെന്ന് ഹസന്‍ അല്‍തവാദി പറഞ്ഞു. ദോഹ മെട്രോയുടെ ഗ്രീന്‍ലൈന്‍ മുഖേന ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് സ്‌റ്റേഡിയത്തിലെത്താനാകും. വരും ആഴ്ചകളില്‍തന്നെ ദോഹ മെട്രോ ഗ്രീന്‍ ലൈനും ഗതാഗതത്തിനായി തുറക്കും. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഫിഫയുടെ ഷോപീസ് ഈവന്റിലേക്കുള്ള മറ്റൊരു പ്രധാന നാഴികക്കല്ലായി മാറും.

ഫിഫ ക്ലബ് ലോകകപ്പ് വേളയില്‍, ഖത്തര്‍ 2022 ഫൈനല്‍ നടക്കുന്നതിന് കൃത്യം മൂന്ന് വര്‍ഷം മുന്‍പ്, രാജ്യത്തിന്റെ ദേശീയ ദിനത്തില്‍ ഈ വാസ്തുവിദ്യാ മാസ്റ്റര്‍പീസ് അനാച്ഛാദനം ചെയ്യുമ്പോള്‍ ഖത്തറിലെ എല്ലാവര്‍ക്കും അതിയായ അഭിമാന നിമിഷമായിരിക്കുമെന്നും അല്‍തവാദി പറഞ്ഞു.
മൂന്ന് വര്‍ഷത്തിനിടയില്‍ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആസ്വാദകര്‍ക്ക് എന്ത് പ്രതീക്ഷിക്കാമെന്നതിന്റെ മധുരം നല്‍കിക്കൊണ്ട് ഫിഫ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് 2022 ലെ തയ്യാറെടുപ്പ് വര്‍ധിപ്പിക്കുന്നതിനുള്ള സുവര്‍ണ്ണാവസരമാണ്. ഈ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതില്‍ വളരെയധികം ആവേശത്തിലാണ്- അല്‍തവാദി പറഞ്ഞു.
ക്ലബ്ബ് ലോകകപ്പ് സെമിയിലേക്ക് ബൈ ലഭിച്ചതിനാല്‍ ലിവര്‍പൂളായിരിക്കും സ്റ്റേഡിയത്തിലെ ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടുക. ജൂണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് വിജയിച്ചതോടെയാണ് ലിവര്‍പൂളിന് സെമി യോഗ്യത ലഭിച്ചത്. ഡിസംബര്‍ 11നാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. ഊൗര്‍ജ കാര്യക്ഷമത ഉറപ്പാക്കി സമ്പന്നമായ ഇസ്‌ലാമിക് വാസ്തുവിദ്യയും ആധുനികതയും സമന്വയിപ്പിച്ചുള്ളതാണ് ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയത്തിന്റെ രൂപഘടന.
ഓര്‍മകള്‍ നിലനിര്‍ത്തി രാജ്യത്തിനും മേഖലക്കും ഭാവിയിലേക്ക് കൂടി മൂല്യമേറിയ അനുഭവം പ്രദാനം ചെയ്യുന്ന വിധത്തിലാണ് നിര്‍മാണം. വിജ്ഞാനത്തിന്റെയും നൂതനതയുടെയും കേന്ദ്രമായ എജ്യൂക്കേഷന്‍ സിറ്റിയിലെ ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയത്തിന്റെ ലാന്‍ഡ്‌സ്‌കേപ്പ് കട്ടിങ്-എഡ്ജ് ഗവേഷണത്തിലൂടെയാണ് വികസിപ്പിച്ചത്. സ്റ്റേഡിയത്തില്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് നടക്കുന്നത്.
മരുഭൂമിയിലെ വജ്രം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി ഡയമണ്ടിന്റെ മാതൃകയിലാണ് എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിന്റെ ഡിസൈന്‍. സൂര്യവലയത്തിനനുസരിച്ച് സ്റ്റേഡിയത്തിന്റെ കളറിലും മാറ്റം പ്രതിഫലിക്കും. മനോഹരമായ കാഴ്ചാനുഭവം പകരുന്നതിനൊപ്പം സുസ്ഥിര വികസനത്തിന്റെ എല്ലാക്കാലത്തേക്കുമുള്ള ഉദാഹരണം കൂടിയായി സ്റ്റേഡിയം നിലനില്‍ക്കും. കൃത്യമായ അളവിലല്ലാതെ മുറിച്ച അതല്ലെങ്കില്‍ വൃത്തിയായിട്ടല്ലാതെ മുറിച്ച ഒരു ഡയമണ്ടിന്റെ(ജാഗ്ഡ് ഡയമണ്ട്) ആകൃതി സ്റ്റേഡിയത്തിന് പുതിയ കാഴ്ചാനുഭവം പകരും.
പകല്‍ സമയങ്ങളില്‍ വെട്ടിത്തിളങ്ങുകയും ജ്വലിക്കുകയും ചെയ്യുന്ന സ്റ്റേഡിയം രാത്രിയില്‍ ദീപപ്രഭയില്‍ കുളിച്ചുനില്‍ക്കുകയും ചെയ്യുന്ന നിലയിലാണ് സ്റ്റേഡിയം തയാറാക്കുന്നത്. സ്റ്റേഡിയത്തില്‍ 40,000 സീറ്റ് ആണ് ഉണ്ടാവുക. ലോകകപ്പ് മത്സരത്തിന് ശേഷം അത് 25,000 ആയി ചുരുക്കും.
ടൂര്‍ണമെന്റിന് ശേഷം 15,000 സീറ്റുകള്‍ വികസിത രാജ്യങ്ങളിലെ കായികപരിപാടികള്‍ക്കായി നല്‍കും. ആഗോള സുസ്ഥിരതാ വിലയിരുത്തല്‍ സംവിധാനത്തിന്റെ(ഗ്ലോബല്‍ സസ്‌റ്റെയ്‌നബിലിറ്റി അസെസ്‌മെന്റ് സിസ്റ്റം- ജിഎസ്എഎസ്) ഫൈവ് സ്റ്റാര്‍ ഡിസൈന്‍- ബില്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സ്‌റ്റേഡിയത്തിന് ലഭിച്ചിരുന്നു.