
ദോഹ: എട്ടാമത് ശൈത്യകാല കാര്‍ഷിക ചന്തകള്‍ തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 125 ഫാമുകള്‍ ഇത്തവണ കാര്‍ഷിക ചന്തകളില്‍ പങ്കെടുക്കും.
ഈ ഫാമുകളില്‍നിന്നുള്ള പ്രാദേശിക പഴം പച്ചക്കറികളായിരിക്കും ചന്തകളില്‍ വിപണനത്തിനായി സജ്ജമാക്കുക. മുന്‍സീസണുകളെ അപേക്ഷിച്ച് ഇത്തവണ അഞ്ചു ഫാമുകള്‍ അധികമായി പങ്കെടുക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ചന്തകളുടെ നിരീക്ഷണ ചുമതലയുള്ള ജനറല്‍ സൂപ്പര്‍വൈസര്‍ അബ്ദുല്‍റഹ്മാന്‍ ഹസന്‍ അല്‍സുലൈത്തി പറഞ്ഞു.
പ്രാദേശിക അറബിപത്രം അല്‍റായയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്‍ശഹാനിയ, അല്‍മസ്‌റുഅ അല്‍ഖോര്‍ അല്‍ദഖീറ, അല്‍ വഖ്‌റ, ശമാല്‍, എന്നിവിടങ്ങളിലാണ് ശൈത്യകാല കാര്‍ഷിക ചന്തകള്‍ സജ്ജമാക്കുന്നത്.
കഴിഞ്ഞ സീസണില്‍ 120 ഫാമുകളാണ് പങ്കെടുത്ത്. അല്‍മസ്‌റുഅ ചന്തയില്‍ 36 ഫാമുകളില്‍ നിന്നുള്ള ഉത്പന്നങ്ങളാണ് വിപണനം നടത്തിയത്. അല്‍ഖോര്‍ ദഖീറ ചന്തയില്‍ 30, അല്‍വഖ്‌റയില്‍ 25, അല്‍ ഷഹാനിയയില്‍ 17, അല്‍ശമാലില്‍ 12 വീതം ഫാമുകളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ വിപണനം നടത്തി.
ചന്തകളില്‍ ഫാം ഉടമകള്‍ക്കുള്ള വിശ്വാസമാണ് വര്‍ധിച്ച പങ്കാളിത്തത്തില്‍ നിന്നും വ്യക്തമാകുന്നതെന്നും അല്‍സുലൈത്തി പറഞ്ഞു. പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനത്തിനായുള്ള ഏറ്റവും അനുയോജ്യമായ കേന്ദ്രമായി ശൈത്യകാല ചന്തകള്‍ മാറിയിട്ടുണ്ട്.
പ്രാദേശിക ഫാമുകളില്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് മന്ത്രാലയം നടത്തുന്ന ശ്രമങ്ങളും ഫലം കാണുന്നുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ പ്രാദേശിക കാര്‍ഷികചന്തകളുടെ പ്രവര്‍ത്തനം തുടങ്ങും.
പങ്കെടുക്കുന്ന ഫാമുകളുടെ എണ്ണത്തിലെ വര്‍ധനവ്, മികച്ച ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ എന്നിവ കണക്കിലെടുത്താല്‍ പുതിയ സീസണില്‍ വില്‍പ്പനയില്‍ 20 മുതല്‍ 30ശതമാനം വരെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ സീസണില്‍ 884 ടണ്‍ പച്ചക്കറികളാണ് വിറ്റുപോയതെങ്കില്‍ ഏഴാം സീസണില്‍ വില്‍പ്പന നടത്തിയത് 7288 ടണ്ണായിരുന്നു. പ്രാദേശിക ഉത്പാദനത്തിന്റെ 50ശതമാനത്തോളം ഈ അഞ്ചു കാര്‍ഷികചന്തകള്‍ മുഖേനയാണ് വിറ്റഴിക്കുന്നത്.
അവശേഷിക്കുന്നവ സെന്‍ട്രല്‍ മാര്‍ക്കറ്റ്, ഷോപ്പിങ് ഔട്ട്‌ലെറ്റുകള്‍ എന്നിവ മുഖേനയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ചന്തകള്‍ തുറക്കുന്നതിനുള്ള സാധ്യതകള്‍ മന്ത്രാലയം പഠിച്ചുവരുന്നു. 25ലധികം ഇനങ്ങളിലുള്ള പച്ചക്കറികളും പഴങ്ങളുമായിരിക്കും ചന്തകളിലുണ്ടാകുക.
ജൈവ ഫാമുകള്‍ ഉള്‍പ്പെടെ കൂടുതല്‍ ഫാമുകള്‍ പങ്കാളികളാകും. ഏഴ് മാസത്തിലധികം ഇത്തവണ ചന്തകള്‍ പ്രവര്‍ത്തിക്കും. എന്നാല്‍ ഉത്പന്നങ്ങളുടെ സുലഭതയും കാലാവസ്ഥയും അനുസരിച്ച് കൂടുതല്‍ ദിവസം പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. പ്രാദേശികമായി ഉത്പാദിപ്പിച്ച പച്ചക്കറികളാണ് ശൈത്യകാല കാര്‍ഷിക ചന്തയില്‍ വില്‍പ്പന നടത്തുക.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ചന്തകളുടെ പ്രവര്‍ത്തന സമയം. ഖത്തരി ഫാമുകളില്‍ ഉത്പാദിപ്പിച്ച പച്ചക്കറി, പഴം, എന്നിവയാണ് മിതമായ വിലക്ക് വില്പന നടത്തുന്നത്. അല്‍ മസ്‌റുഅ യാര്‍ഡില്‍ മത്സ്യ, മാംസ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക സൗകര്യമുണ്ടാകും.
അല്‍ മസ്‌റുഅ അറവുശാലയും കന്നുകാലിത്തീറ്റ സംഭരണകേന്ദ്രവും തുറന്നുപ്രവര്‍ത്തിക്കും. കാര്‍ഷിക ചന്തകള്‍ തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. ശമാലിലുള്‍പ്പടെ സജീവമായ വില്‍പ്പന ഇത്തവണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇടനിലക്കാരുടെ ഇടപെടലില്ലാതെ നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്‍പ്പന നടത്തുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ശൈത്യകാല മാസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഫ്രഷ് ഉത്പന്നങ്ങള്‍ മിതമായി ലഭിക്കും.
പ്രാദേശികമായ ഫ്രഷ് കാര്‍ഷികോത്പന്നങ്ങള്‍ക്ക് വലിയ ആവശ്യകതയുണ്ട്. ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഇത് കര്‍ഷകര്‍ക്ക് പ്രചോദനവുമാകും. കഴിഞ്ഞസീസണുകളില്‍ പ്രാദേശികമായി ഉത്പാദിപ്പിച്ച മുഴുവന്‍ പച്ചക്കറികളും വിറ്റുപോയിരുന്നു. പച്ചക്കറിക്കൊപ്പം ഈ മാര്‍ക്കറ്റുകളിലെ ചില്ലറ മത്സ്യവ്യാപാരം ഏറെ ജനകീയമാണ്.
ഇടനിലക്കാരില്ലാത്തതിനാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലേതിനേക്കാള്‍ വളരെ വിലക്കുറവിലാണ് ഇവിടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. കുറഞ്ഞ വിലക്ക് നല്ല ഉത്പന്നങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ഉപഭോക്താക്കളും കൂടുതലായി എത്തുന്നു. വിവിധ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക പ്രദര്‍ശനമേളകളും ഈ കാര്‍ഷിക ചന്തകളിലുണ്ടാകും.