in ,

എട്ടു ഹെല്‍ത്ത് സെന്ററുകളില്‍ പ്രത്യേക സേവനങ്ങള്‍; കാര്‍ഡിയോളജി ക്ലിനിക്കുകളും തുറക്കുന്നു

ഡോ.സമ്യ അഹമ്മദ് അല്‍അബ്ദുല്ല

പുതിയ ഹെല്‍ത്ത് സെന്ററുകളുടെ നിര്‍മാണം 2021നകം പൂര്‍ത്തിയാകും

ദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ(പിഎച്ച്‌സിസി) തെരഞ്ഞെടുത്ത എട്ടു ഹെല്‍ത്ത് സെന്ററുകളെ മേഖലാ സ്‌പെഷ്യലൈസ്ഡ് കേന്ദ്രങ്ങളാക്കി(ആര്‍എസ്‌സി- റീജിയണല്‍ സ്‌പെഷ്യലൈസ്ഡ് സെന്ററുകള്‍) ഉയര്‍ത്തുന്നു. ഈ ഹെല്‍ത്ത് സെന്ററുകളില്‍ നിരവധി സ്‌പെഷ്യലിസ്റ്റ് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് പിഎച്ച്‌സിസി ഓപ്പറേഷന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.സമ്യ അഹമ്മദ് അല്‍അബ്ദുല്ല പറഞ്ഞു.

മറ്റു ഹെല്‍ത്ത് സെന്ററുകലില്‍ നിന്നുള്ള ആഭ്യന്തര മെഡിക്കല്‍ റഫറലുകള്‍ ഈ സെന്ററുകളില്‍ സ്വീകരിക്കും. ഒഫ്താല്‍മോളജി, ഒപ്‌റ്റോമെട്രി, ഡെര്‍മറ്റോളജി, ഇഎന്‍ടി, ഓഡിയോളജി, മാനസികാരോഗ്യം, ഓര്‍മ്മ ക്ലിനിക്കുകള്‍ ഉള്‍പ്പടെയുള്ള സ്‌പെഷ്യലിസ്റ്റ് സേവനങ്ങളായിരിക്കും ഈ എട്ട് ഹെല്‍ത്ത് സെന്ററുകളില്‍ ലഭ്യമാക്കുക.

ഈ പദ്ധതിയുടെ ഭാഗമായി പിഎച്ച്‌സിസിയുടെ പ്രഭാത, സായാഹ്ന ക്ലിനിക്കുകളുടെ എണ്ണം വര്‍ധിക്കും. ബന്ധപ്പെട്ട സേവനങ്ങള്‍ രോഗിക്ക് അവര്‍ക്ക് ആവശ്യമായ സമയത്ത് സുഗമമായും വേഗത്തിലും ലഭിക്കുന്ന സാഹചര്യമുണ്ടാകും. അപ്പോയിന്‍മെന്റുകള്‍ക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനാകും. അല്‍തുമാമ, റൗദത്ത് അല്‍ഖയ്ല്‍, ലബൈബ്, മൈദര്‍, ഖത്തര്‍ യൂണിവേഴ്‌സിറ്റി, ഉംസലാല്‍, അല്‍വജ്ബ, തുറക്കാനാരിക്കുന്ന അല്‍മഷാഫ് ഹെല്‍ത്ത് സെന്റര്‍ എന്നീ എട്ടു കേന്ദ്രങ്ങളെയാണ് സ്‌പെഷ്യലൈസ്ഡ് റീജിയണല്‍ സെന്ററുകളാക്കുന്നത്.

പതിനൊന്ന് ഹെല്‍ത്ത് സെന്ററുകളില്‍ ഫിസിയോതെറാപ്പി സേവനങ്ങള്‍ ലഭ്യമായിരിക്കും. ശനിയാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ പ്രഭാത, സായാഹ്ന ഷിഫ്റ്റുകളില്‍ സേവനം ലഭിക്കും. ശനിയാഴ്ചകളില്‍ പ്രഭാത ഷിഫ്റ്റ് മാത്രമായിരിക്കും. പിഎച്ച്‌സിസിയില്‍ കാര്‍ഡിയോളജി ക്ലിനിക്കുകള്‍ ഉടന്‍ തുടങ്ങും. ലബൈബ്, റൗദത്ത് അല്‍ഖയ്ല്‍ ഹെല്‍ത്ത് സെന്ററുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സ്‌പെഷ്യലൈസ്ഡ് കാര്‍ഡിയോളജി ക്ലിനിക്കുകള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്. കാര്‍ഡിയോവാസ്‌കുലാര്‍ രോഗബാധിതര്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഈ ക്ലിനിക്കുകളില്‍ ഉറപ്പാക്കും.

പുതിയ ക്ലിനിക്കുകള്‍ തുറക്കുന്നതിനായി പിഎച്ച്‌സിസിയും ഹാര്‍ട്ട് ഹോസ്പിറ്റലും സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. ഹൃദസംബന്ധമായ അസുഖങ്ങളുള്ള രോഗികള്‍ക്ക് പ്രതിരോധ സേവനമായിരിക്കും ക്ലിനിക്കുകളില്‍ ലഭ്യമാക്കുക. അപകടസാദ്ധ്യതകള്‍ എങ്ങനെ ഒഴിവാക്കാമെന്നും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിലും ഉള്‍പ്പടെ ഹൃദ്രോഗികള്‍ക്ക് സമഗ്ര ബോധവല്‍ക്കരണം ക്ലിനിക്കുകള്‍ മുഖേന നല്‍കും. ഹാര്‍ട്ട് ഹോസ്പിറ്റലില്‍നിന്നോ മറ്റു ആസ്പത്രികളില്‍നിന്നോ ഡിസ്ചാര്‍ജ് ചെയ്ത രോഗികലുടെ കേസുകളും പിഎച്ച്‌സിസി കാര്‍ഡിയോളജി ക്ലിനിക്കുകളില്‍ സ്വീകരിക്കും.

അവരുടെ കേസുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ കണ്‍സള്‍ട്ടേഷനുകളും ഫോളോഅപ്പുകളും നല്‍കുകയും ചെയ്യും. പിഎച്ച്‌സിസിയുടെ കീഴില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 27 ഹെല്‍ത്ത് സെന്ററുകളിലൂടെ ലഭ്യമാക്കുന്നത് ഉന്നതനിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങള്‍. ഭാവിയില്‍ ഹെല്‍ത്ത് സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കും. പുതിയ ഹെല്‍ത്ത് സെന്ററുകളുടെ നിര്‍മാണം 2021 അവസാനത്തില്‍ പൂര്‍ത്തിയാകും. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം പിന്നീടുണ്ടാകും. ഖത്തറിന്റെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ശ്രദ്ധാപൂര്‍വമാണ് പുതിയ ഹെല്‍ത്ത് സെന്ററുകളുടെ ഭൗമശാസ്ത്രപരമായ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നത്.

ഹെല്‍ത്ത് സെന്ററുകളിലെ സേവനങ്ങള്‍ വികസിപ്പിക്കുന്നതിന് പിഎച്ച്‌സിസി പ്രതിജ്ഞാബദ്ധമാണെന്നും ഡോ. സമ്യ അഹമ്മദ് അല്‍അബ്ദുല്ല പറഞ്ഞു. ഖത്തറിന്റെ ജ്ഞാന നേതൃത്വത്തിനു കീഴില്‍ സംയോജിതവും സമഗ്രവും അത്യാധുനികവുമായ പ്രാഥമികാരോഗ്യപരിചരണം കെട്ടിപ്പെടുക്കുകയാണ്. വൈവിധ്യമാര്‍ന്ന രോഗി കേന്ദ്രീകൃത മെഡിക്കല്‍ സേവനങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സേവനങ്ങളും സൗകര്യങ്ങളും വികസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പെരുന്നാള്‍: ഹമദില്‍ സമയമാറ്റം

ഇന്‍കാസ് ഖത്തര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു