in ,

എണ്ണ, വാതക മേഖലയില്‍ ഖത്തര്‍- ഇന്ത്യ സഹകരണം ശക്തമാക്കുന്നു

ധര്‍മേന്ദ്ര പ്രദാന്‍ ഖത്തര്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി
ഇന്ത്യയില്‍ നിക്ഷേപത്തിന് ഖത്തര്‍ കമ്പനികള്‍ക്ക് ക്ഷണം

ആര്‍.റിന്‍സ്

ദോഹ

ഊര്‍ജ സഹമന്ത്രി സാദ് ഷെരിദ അല്‍കഅബിയുമായി ചര്‍ച്ച നടത്തുന്നു

എണ്ണ, വാതകം ഉള്‍പ്പടെ ഹൈഡ്രോ കാര്‍ബണ്‍ മേഖലയില്‍ ഇന്ത്യയും ഖത്തറും സഹകരണം ശക്തിപ്പെടുത്തുന്നു. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ ദോഹയില്‍ ഉന്നതതല ചര്‍ച്ചകളില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി ധര്‍മേന്ദ്ര പ്രദാനുമായി ചര്‍ച്ച നടത്തി.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം വിലയിരുത്തിയ ഇരുവരും സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. പൊതുവായ താല്‍പര്യമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നു. ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഖത്തര്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു.

കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുമായി ചര്‍ച്ച നടത്തുന്നു

ഇന്ത്യയുമായുള്ള ശക്തമായ ചരിത്രബന്ധം അനുസ്മരിച്ച ഖത്തര്‍ പ്രധാനമന്ത്രി ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രധാന പങ്കും ചൂണ്ടിക്കാട്ടി. ഹൈഡ്രോകാര്‍ബണ്‍ മേഖലയിിലെ വിവിധ തലങ്ങളില്‍ ഉഭയകക്ഷിസഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ആഗ്രഹം അദ്ദേഹം അറിയിച്ചു. ഖത്തറുമായി ഹൈഡ്രോകാര്‍ബണ്‍ മേഖലയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ആഗ്രഹം അറിയിച്ചതായി ധര്‍മ്മേന്ദ്ര പ്രദാന്‍ പറഞ്ഞു.

ഖത്തറിലെ എണ്ണ വാതക മേഖലയിലെ ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്നതിനുള്ള താല്‍പര്യവും അറിയിച്ചു. ഊര്‍ജ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സിഇഒയുമായ സാദ് ഷെരിദ അല്‍കഅബിയും ധര്‍മേന്ദ്ര പ്രദാനുമായി ചര്‍ച്ച നടത്തി. ഹൈഡ്രോകാര്‍ബണ്‍ മേഖലയിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.

ഇന്ത്യയുടെ ദീര്‍ഘകാല ഊര്‍ജപങ്കാളിയും ഇന്ത്യയുടെ ഏറ്റവും വലിയ എല്‍എന്‍ജി, എല്‍പിജി വിതരണക്കാരുമാണ് ഖത്തര്‍. ഖത്തറില്‍ നിന്നും എല്‍എന്‍ജി വാങ്ങുന്നതിനുള്ള നിലവിലുള്ള ക്രമീകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചക്കുശേഷം ധര്‍മ്മേന്ദ്ര പ്രദാന്‍ ട്വിറ്ററില്‍ കുറിച്ചു.

ഹൈഡ്രോ കാര്‍ബണ്‍ മേഖലയില്‍ ദാതാവ്-സ്വീകര്‍ത്താവ് എന്ന ബന്ധത്തിനപ്പുറം പ്രവര്‍ത്തിക്കാന്‍ ഖത്തറും ഇന്ത്യയും ധാരണയായിട്ടുണ്ട്. ഇന്ത്യയെ വാതക അധിഷ്ടിത സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിന് ഊര്‍ജ്ജ കാര്യക്ഷമമായ അന്തരീക്ഷം വികസിപ്പിക്കുന്നതിന് ഖത്തറുമായി സഹകരിക്കുന്ന കാര്യവും ചര്‍ച്ചയായി. ധര്‍മേന്ദ്രപ്രദാനുമായുള്ള ചര്‍ച്ചയില്‍ ഊര്‍ജ, പ്രകൃതിവാതക മേഖലയിലെ ഉഭയകക്ഷിസഹകരണം ചര്‍ച്ച ചെയ്തതായി ഖത്തര്‍ പെട്രോളിയവും വ്യക്തമാക്കി.

ദോഹയില്‍ വാതക കയറ്റുമതി രാജ്യങ്ങളുടെ ഫോറത്തിന്റെ സെക്രട്ടറി ജനറല്‍ യുറി പി സെന്റ്യുറിനുമായും പ്രദാന്‍ ചര്‍ച്ച നടത്തി. ആഗോള വാതകവിപണിയിലെയും ഊര്‍ജപരിവര്‍ത്തനത്തിലെയും പ്രവണതകള്‍ ചര്‍ച്ചയായി. ഇന്ത്യയിലെ വാതകവിപണിയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിന് ഫോറവുമായുള്ള സഹകരണവും പരിശോധിച്ചു.

ചര്‍ച്ചകളില്‍ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരനും പങ്കെടുത്തു. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ക്ഷണം.ഖത്തറിലെ പ്രമുഖ എണ്ണ വാതക കമ്പനികളുടെ സിഇഒമാര്‍, ക്യാപ്റ്റന്‍മാര്‍ എന്നിവരുമായി ധര്‍മ്മേന്ദ്ര പ്രദാന്‍ ദോഹയില്‍ കൂടിക്കാഴ്ച നടത്തി.

ഇന്ത്യന്‍ അംബാസഡര്‍ പി.കുമരനാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് എന്നിവയുടെ തലവന്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഖത്തറിലെയും ഇന്ത്യയിലെയും എണ്ണ വാതക മേഖലകളിലെ വ്യവസായ നിക്ഷേപ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇന്ത്യയിലെ നിക്ഷേപ വ്യവസായ ആനുകൂല്യങ്ങള്‍, വൈദ്യുതി ഊര്‍ജമേഖലയിലെ നിക്ഷേപ സാധ്യതകള്‍ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. വാതക അധിഷ്ഠിത സമ്പദ് വ്യവസ്ഥയായി മാറുന്നതിനും ഊര്‍ജ്ജ മിശ്രിതത്തില്‍ വാതകത്തിനുള്ള പങ്ക് വര്‍ധിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളെ യോഗത്തില്‍ എടുത്തുകാട്ടി.

ദ്രവീകൃതപ്രകൃതിവാതകം(എല്‍എന്‍ജി), സിജിഡി, ജൈവ ഇന്ധനം, പ്രകൃതിവാതകം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ ആസ്ഥാനമായുള്ള കമ്പനികളെ ക്ഷണിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യ- ഖത്തര്‍ സാംസ്‌കാരിക വര്‍ഷം: കത്താറയില്‍ കലാപ്രദര്‍ശനങ്ങള്‍ തുടങ്ങി

ഗാംബിയ പ്രസിഡന്റ് എജ്യൂക്കേഷന്‍ സിറ്റി സന്ദര്‍ശിച്ചു