
ദോഹ: ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എന്‍എച്ച്ആര്‍സി) ചെയര്‍മാനായി ഡോ. അലി ബിന്‍ സമൈഖ് അല്‍മര്‍റിയെ വീണ്ടും തെരഞ്ഞെടുത്തു. ഐക്യകണ്‌ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. ഡോ. മുഹമ്മദ് സെയ്ഫ് അല്‍കുവാരിയാണ് കമ്മിറ്റിയുടെ വൈസ് ചെയര്‍മാന്‍. മരിയം ബിന്‍ത് അബ്ദുല്ല അല്‍അത്തിയ്യയാണ് ജനറല്‍ സെക്രട്ടറി.
എന്‍എച്ച്ആര്‍സിയുടെ അഞ്ചാംസെഷനിലെ ആദ്യ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കമ്മിറ്റിയിലെ ഏറ്റവും പ്രായമേറിയ അംഗം ഡോ.യൂസുഫ് ഉബൈദാന്റെ അധ്യക്ഷതയിലായിരുന്നു യോഗം. പൊതുസമൂഹപ്രതിനിധികള്‍, ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, ഭരണവികസന തൊഴില്‍ സാമൂഹികകാര്യമന്ത്രാലയം എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
വിവിധ വിഷയങ്ങള്‍ കമ്മിറ്റി ചര്‍ച്ച ചെയ്തു. മൂന്നു സബ്കമ്മിറ്റികളും രൂപീകരിച്ചു. റിപ്പോര്‍ട്ടിങ് ആന്റ് ലെജിസ്ലേഷന്‍ കമ്മിറ്റി, മോണിറ്ററിങ് ആന്റ് വിസിറ്റ്‌സ് കമ്മിറ്റി, റിസര്‍ച്ച് ആന്റ് സ്റ്റഡീസ് കമ്മിറ്റി എന്നിവ. കമ്മിറ്റിയുടെ വൈസ് ചെയര്‍മാനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും നിസ്തുലമായ സംഭാവനകള്‍ നല്‍കുകയും ചെയ്ത ഡോ.യൂസുഫ് ഉബൈദാന് കമ്മിറ്റി അംഗങ്ങള്‍ നന്ദി പ്രകാശിപ്പിച്ചു.