in ,

എന്‍സിസിസിആര്‍ അര്‍ബുദ ഗവേഷണ പഠനത്തിന് യുകെ അംഗീകാരം

ഡോ.രീം അല്‍സുലൈമാന്‍

ദോഹ: യുകെയുടെ മികച്ചവഴിത്തിരിവുകളുടെ പട്ടികയില്‍(ബെസ്റ്റ് ബ്രേക്ക്ത്രൂസ് ലിസ്റ്റ്) നാഷണല്‍ സെന്റര്‍ ഫോര്‍ ക്യാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ചിന്റെ(എന്‍സിസിസിആര്‍) ക്യാന്‍സര്‍ ജനിതക കൗണ്‍സിലറുടെ ഗവേഷണ പഠനം ഇടംനേടി.

എന്‍സിസിസിആറിലെ അസിസ്റ്റന്റ് പ്രൊഫസറും അമേരിക്കന്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള ജനറ്റിക് കൗണ്‍സലറുമായ ഡോ.രീം അല്‍സുലൈമാന്റെ നേതൃത്വത്തിലുള്ള ഗവേഷണപദ്ധതിയാണ് യുകെയുടെ മികച്ച നൂറു വഴിത്തിരിവുകളുടെ പട്ടികയിലൊന്നായി ഇടംനേടിയത്. സ്തനാര്‍ബഹുദ രോഗികളുടെ ജീവിതത്തില്‍ മികച്ച പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഖത്തറിന്റെ ഗവേഷണ പഠനം. ലണ്ടനിലെ റീജന്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ പഠനം നടത്തുന്ന സമയത്താണ് ഡോ.അല്‍സുലൈമാന്‍ ഗവേഷണ പഠനം പൂര്‍ത്തിയാക്കിയത്.

സ്തനാര്‍ബുദത്തെക്കുറിച്ചുള്ള സ്ത്രീകളുടെ അനുഭവങ്ങളും അവരുടെ മാനസിക ക്ലേശത്തിന് കാരണമായേക്കാവുന്ന ഘടകങ്ങളുമാണ് പഠനത്തില്‍ കേന്ദ്രീകരിക്കുന്നത്. രോഗികളുടെ മാനസികക്ഷേമം, ജീവിത ഗുണനിലവാരം, ചികിത്സ അനുവര്‍ത്തിക്കല്‍ തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനായി പ്രതിസന്ധി കൗണ്‍സലിങിന്റെയും സൈക്കോ വിദ്യാഭ്യാസത്തിന്റെയും പ്രയോജനവും പഠനത്തിലൂടെ പരിശോധിച്ചു.

സഹപ്രവര്‍ത്തകരുടെ പിന്തുണയില്ലാതെ ഗവേഷണം സാധ്യമാകുമായിരുന്നില്ലെന്നും യുകെ പട്ടികയില്‍ ഇടംനേടാനായതില്‍ സന്തോഷമുണ്ടെന്നും ഡോ.അല്‍സുലൈമാന്‍ പറഞ്ഞു. എച്ച്എംസിയിലെ ഡോ.ബുജൗസ്സം, ഡോ.ഗുലൗം, എച്ച്എംസിയുടെ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍, എച്ച്എംസി ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറും മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ഖാല്‍ എന്നിവരുടെ പിന്തുണയില്ലാതെ ഈ നേട്ടം സാധ്യമാകുകയായിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.

ഡോ.അല്‍സുലൈമാന്റെ പഠനത്തിലൂടെ നിരവധി സുപ്രധാന ശുപാര്‍ശകളാണുണ്ടായത്. പഠനത്തിന്റെ സ്‌ക്രീനിങ് ടൂളുകള്‍ എന്‍സിസിസിആറിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ നടപ്പാക്കിത്തുടങ്ങി. സ്തനാര്‍ബുദ രോഗികളായ വനിതകളുടെ പരിചരണത്തിലുള്‍പ്പടെ പഠനത്തിന്റെ കണ്ടെത്തലുകള്‍ നടപ്പാക്കാനായിട്ടുണ്ട്. സ്ത്രീകളുടെ മാനസിക ക്ലേശത്തിനു കാരണമാകുന്ന ഘടകങ്ങളെക്കുറിച്ച് ശക്തമായ തെളിവുകള്‍ ലഭ്യമാക്കാന്‍ പഠനത്തിലൂടെ സാധിച്ചിട്ടുണ്ട്.

സ്ത്രീകളുടെ മാനസിക ക്ഷേമം, ചികിത്സയ്ക്കിടയിലെ ജീവിത ഗുണനിലവാരം എന്നിവയെല്ലാം മെച്ചപ്പെടുത്തുന്നതില്‍ സൈക്കോതെറാപ്യൂട്ടിക് ഇടപെടലുകളുടെ പ്രധാന പങ്ക് സംബന്ധമായ തെളിവുകളും പഠനത്തിലൂടെ ലഭിച്ചു. ഡോ.അല്‍ സുലൈമാന്റെ പഠനം നിരവധി പ്രാദേശിക രാജ്യാന്തര സമ്മേളനങ്ങളില്‍ അവതരിപ്പിച്ചു.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ജര്‍മ്മനിയില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ മെഡിക്കല്‍ ഓങ്കോളജിയുടെ പ്രശസ്തമായ ഓങ്കോളജി സമ്മേളനത്തിലും പഠനം അവതരിപ്പിച്ചു.ഗവേഷണ പഠനത്തിന് യുകെ പട്ടികയില്‍ ഉള്‍പ്പെടാനായത് ശ്രദ്ധേയനേട്ടമാണെന്ന് ഗവേഷണത്തിന്റെ ഉപദേഷ്ടാവ് കൂടിയായ എച്ച്എംസി സ്തനാര്‍ബുദ പ്രോഗ്രാം ഡയറക്ടറും ഹെമറ്റോളജി- ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.സല്‍ഹ ബുജസ്സൗം പറഞ്ഞു.

രോഗികളുടെ അനുഭവം തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നതില്‍ എച്ച്എംസി ജീവനക്കാരുടെ പ്രതിബദ്ധത, ദൃഢനിശ്ചയം, അഭിലാഷം എന്നിവയെല്ലാം ഉയര്‍ത്തിക്കാട്ടുന്നതാണ് ഈ അഭിമാനകരമായ അംഗീകാരം. സ്തനാര്‍ബുദം ഉള്‍പ്പടെ എല്ലാത്തരം അര്‍ബുദ രോഗികള്‍ക്കും തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പരിചരണം ലഭ്യമാക്കുന്നതിലും ഗവേഷണ പഠനം വലിയ സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും ഡോ.ബുജസ്സൗം പറഞ്ഞു. അര്‍ബുദവുമായി ബന്ധപ്പെട്ട ശാരീരികവും വൈകാരികവും ജീവിതശൈലിപരവുമായ മാറ്റങ്ങളെ എങ്ങനെ നേരിടാമെന്ന് സ്ത്രീകള്‍ പഠിക്കേണ്ടതുണ്ടെന്ന് ഗവേഷണത്തിന്റെ ഫലത്തിലൂടെ വ്യക്തമായി.

ഗവേഷണ പദ്ധതി സുപ്രധാനമാണെന്ന് സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ.സുഹൈല ഗുലൗം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അഫ്ഗാന്‍ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം ആവശ്യമെന്ന് ഖത്തര്‍

ടി20 ക്രിക്കറ്റ് പരമ്പരയില്‍ കുവൈത്തിനെതിരെ ഖത്തറിന് വിജയം