
ദോഹ: ഇന്ത്യന്‍ ദേശീയ വിമാനക്കമ്പനിയായ എയര്‍ഇന്ത്യ ശൈത്യകാല ഷെഡ്യൂളില്‍ ഡല്‍ഹി- ദോഹ റൂട്ടില്‍ പുതിയ സര്‍വീസ് പ്രഖ്യാപിച്ചു. ഡല്‍ഹിയെ ദോഹയുമായി ബന്ധിപ്പിക്കുന്ന നാലു പ്രതിവാര സര്‍വീസുകള്‍ക്ക് ഒക്ടോബര്‍ 29ന് തുടക്കമാകും. അടുത്ത വര്‍ഷം മാര്‍ച്ച് വരെ സര്‍വീസ് തുടരും.
എയര്‍ഇന്ത്യയുടെ ദോഹയിലേക്കുള്ള ഏക വിമാനസര്‍വീസായിരിക്കുമിത്. എയര്‍ഇന്ത്യയുടെ ഉപകമ്പനിയായ എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് ദോഹയില്‍ നിന്നും മുംബൈ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, മാംഗ്ലൂര്‍ ഉള്‍പ്പടെയുള്ള വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തിവരുന്നുണ്ട്. എയര്‍ഇന്ത്യയുടെ എയര്‍ബസ് എ321 വിമാനമായിരിക്കും ഡല്‍ഹി- ദോഹ റൂട്ടില്‍ സര്‍വീസ് നടത്തുക.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്നും ഉച്ചക്ക് 2.20ന് പുറപ്പെട്ട് വൈകുന്നേരം 6.35ന് ദോഹയിലെത്തും. വെള്ളിയാഴ്ചകളില്‍ ഉച്ചക്കുശേഷം 3.20ന് പുറപ്പെട്ട് രാത്രി 7.35ന് ദോഹയിലെത്തും. അതേസമയം ദോഹ വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 7.35ന് പുറപ്പെട്ട് രാത്രി 11.20ന് ഡല്‍ഹിയിലെത്തും. വെള്ളിയാഴ്ചകളില്‍ രാത്രി 8.35ന് പുറപ്പെട്ട് പുലര്‍ച്ചെ 12.20ന് ഡല്‍ഹിയിലെത്തും.
വെബ്‌സൈറ്റിലെ ഇപ്പോഴത്തെ അറിയിപ്പ് പ്രകാരം ദോഹ ഡല്‍ഹി യാത്രക്ക് ഇക്കോണമി ക്ലാസില്‍ 695 റിയാലാണ് ടിക്കറ്റ് നിരക്ക്. ഒക്ടോബര്‍ 29 മുതല്‍ 2020 മാര്‍ച്ച് 28വരെ എയര്‍ലൈനിന്റെ വെബ്‌സൈറ്റില്‍ ബുക്കിങ് ലഭ്യമായിരിക്കും.
അവധിക്കാലത്തെ ആവശ്യകത വര്‍ധിക്കുമ്പോള്‍ വേനല്‍ക്കാലത്ത് ഈ സേവനം തുടരുമോയെന്ന് വ്യക്തമല്ല. ഈ സെക്ടറില്‍ നിലവില്‍ ഇന്‍ഡിഗോയും ഖത്തര്‍ എയര്‍വേയ്‌സുമാണ് നോണ്‍ സ്‌റ്റോപ്പ് വിമാനസര്‍വീസുകള്‍ നടത്തുന്നത്.