in

എല്ലാവര്‍ക്കും നീതി, നടപടികള്‍ വേഗത്തിലാക്കി ഖത്തര്‍

ദോഹ: നീതിനിര്‍വഹണം വേഗത്തിലാക്കാന്‍ ശക്തമായ നടപടികളാണ് ഖത്തര്‍ സ്വീകരിക്കുന്നതെന്ന് നീതിന്യായ മന്ത്രിയും ക്യാബിനറ്റ് കാര്യ ആക്ടിങ് മന്ത്രിയുമായ ഡോ. ഇസ്സ സാദ് അല്‍ജഫാലി അല്‍നുഐമി. നിയമനിര്‍മ്മാണം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് സമ്പൂര്‍ണ്ണ നീതി കൈവരിക്കുന്നതിന് ആവശ്യമായ അന്തരീക്ഷം നല്‍കുന്നതിനുള്ള ശ്രമങ്ങളില്‍നിന്നും ഒരു കാരണവശാലും പിന്നോട്ടുപോകില്ല. എല്ലാ മേഖലകളിലും എല്ലാ തലങ്ങളിലും നീതി കൈവരിക്കുന്നതിനായി വ്യവഹാര നടപടിക്രമങ്ങളും വിധികള്‍ നടപ്പാക്കലും സുഗമമാക്കുന്നതിന് പുതിയ നിയമങ്ങള്‍ നടപ്പിലാക്കമെന്നും മന്ത്രി വ്യക്തമാക്കി. നീതി കൈവരിക്കുന്നതിന് അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ പിന്തുണക്കുന്നതില്‍ രാജ്യത്തിന്റെ താല്‍പര്യം മന്ത്രി ആവര്‍ത്തിച്ചു. ഇതില്‍ പ്രധാനം ദേശീയ നീതിന്യായ വ്യവസ്ഥയാണ്. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്നതിനായി ദേശീയ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നുണ്ട്. കൂടാതെ ജഡ്ജിമാരുടെയും പബ്ലിക് പ്രോസിക്യൂഷനിലെ അംഗങ്ങളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുകയും പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നത് വിപുലീകരിക്കുകയും കോടതികള്‍ക്കായി പുതിയ ആസ്ഥാനം തുറക്കുകയും ചെയ്യുന്നുണ്ട്. ഖത്തരി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പ്രഥന അഭിഭാഷക ഫോറത്തില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030ന് അനുസൃതമായി ദേശീയ തന്ത്രങ്ങളിലൂടെ ഖത്തര്‍ നേടാന്‍ ആഗ്രഹിക്കുന്ന മൊത്തത്തിലുള്ള പുരോഗതിയുടെ പശ്ചാത്തലത്തില്‍ നീതി സുപ്രധാന മാനമായി വര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പൂര്‍ണ്ണമായ നീതി കൈവരിക്കുന്നതിന് നീതിന്യായ മന്ത്രാലയം അതിന്റെ അധികാരപരിധിയില്‍ നിന്നുകൊണ്ട് പ്രസക്തമായ എല്ലാ വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ നീതി കൈവരിക്കല്‍ എന്ന ഫോറത്തിന്റെ മുദ്രാവാക്യത്തെയും അദ്ദേഹം പ്രശംസിച്ചു.
സമ്പൂര്‍ണ നീതിയുടെ നേട്ടമെന്നത് സമൂഹത്തിലെ എല്ലാ ഘടകങ്ങളുടെയും കൂട്ടായ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.
2020 ല്‍ ലോക ബാങ്ക് പുറപ്പെടുവിച്ച റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളുടെ എളുപ്പത്തിലുള്ള വര്‍ഗീകരണത്തില്‍ ഖത്തര്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി പറഞ്ഞു. ദേശീയവും അന്തര്‍ദ്ദേശീയവുമായ തലങ്ങളിലെ സംഭവവികാസങ്ങള്‍ക്ക് അനുസൃതമായി സമ്പൂര്‍ണ്ണ നീതി കൈവരിക്കാനും നീതിന്യായ വ്യവസ്ഥകള്‍ വികസിപ്പിക്കാനും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ പരമോന്നത നിര്‍ദ്ദേശങ്ങളുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കൗണ്‍സില്‍ ചെയര്‍മാനും പരമോന്നത കോടതി പ്രസിഡന്റുമായ ഡോ.ഹസ്സന്‍ ലഹ്ദന്‍ സഖര്‍ അല്‍മുഹന്നദി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അനുശോചിച്ചു

രാജ്യാന്തര പുസ്തകോത്സവത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു