
ദോഹ: ലോകത്തൊട്ടാകെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കണമെന്ന് ഖത്തര്‍ കേന്ദ്രമായുള്ള എജ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്‍(ഇഎഎ). സുസ്ഥിരവികസനം സംബന്ധിച്ച വാര്‍ഷിക ഉന്നതതല രാഷ്ട്രീയഫോറത്തില്‍ ഇഎഎ, ഖത്തര്‍, അര്‍ജന്റീന, സിംഗപ്പൂര്‍, ഉറുഗ്വെ രാജ്യങ്ങളുടെ സ്ഥിരം മിഷന്‍, യുനസ്‌കോ, ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ്(ക്യുഎഫ്എഫ്ഡി) എന്നിവ പങ്കെടുത്തു.
എല്ലാ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുള്ള സാര്‍വത്രികാവകാശം ലഭ്യമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പുതുക്കണമെന്ന് ആഗോളസമൂഹത്തോടു ആവശ്യപ്പെടുന്ന സംയുക്ത പ്രസ്താവന എല്ലാവരുംചേര്‍ന്ന് പുറപ്പെടുവിച്ചു. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്താണ് ഉന്നതതല രാഷ്ട്രീയഫോറം നടക്കുന്നത്.
ഫോറം ജൂലൈ പതിനെട്ടുവരെ തുടരും. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം പരിരക്ഷിക്കുന്നതിനും മുന്‍ഗണന നല്‍കുന്നതിനുമായി രാജ്യങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍, എന്‍ജിഒകള്‍ തമ്മിലുള്ള സഖ്യം കെട്ടിപ്പെടുക്കുന്നതിനുള്ള ത്വരിത ശ്രമങ്ങള്‍ക്കും സംയുക്ത പ്രസ്താവന ആഹ്വാനം ചെയ്തു.
വിവിധ മേഖലകളില്‍നിന്നുള്ള നേതാക്കള്‍, നയരൂപീകരണ വിദഗ്ദ്ധര്‍, അധ്യാപകര്‍, സ്വാധീനശക്തര്‍, യുവ അഡ്വക്കേറ്റുമാര്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഫോറത്തിലുണ്ട്. സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ നടപ്പാക്കല്‍ പുരോഗതി വിലയിരുത്തുകയാണ് ഫോറത്തിലൂടെ ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസമേഖലയില്‍ യുനസ്‌കോയും എജ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷനും സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. ക്യുഎഫ്എഫ്ഡിയുടെ കര്‍മ്മപദ്ധതിയില്‍ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അലി അബ്ദുല്ല അല്‍ദബാഗ് പറഞ്ഞു.
സാമ്പത്തികവളര്‍ച്ച, ദാരിദ്ര്യനിര്‍മാര്‍ജ്ജനം, ലിംഗസമത്വം, സംഘര്‍ഷം തടയല്‍ എന്നിവയ്ക്കുള്ള എന്‍ജിനാണ് വിദ്യാഭ്യാസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.