റസിഡന്‍ഷ്യല്‍ നിയമം ലംഘിച്ചവര്‍ക്ക് സറണ്ടര്‍ ചെയ്ത് രാജ്യം വിട്ടുപോകാന്‍ അപേക്ഷ നല്‍കാം

ദോഹ: സേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്നതിന്റെ ഭാഗമായി സേര്‍ച്ച് ആന്റ് ഫോളോഅപ്പ് വകുപ്പ്(എസ്എഫ്ഡി) കൂടുതല്‍ സൗകര്യങ്ങള്‍ ക്രമീകരിച്ചു. വിവിധ സേവനങ്ങള്‍ക്കായി അപേക്ഷ നല്‍കുന്നതിന് എസ്എഫ്ഡി പുതിയ സര്‍വീസസ് ഓഫീസ് തുറന്നിട്ടുണ്ട്.
ഈ ഓഫീസില്‍ അപേക്ഷകള്‍ നല്‍കുന്നതിനായി പ്രത്യേക സമയക്രമീകരണവും നിശ്ചയിച്ചു. വകുപ്പിന്റെ വിവിധ സേവനങ്ങള്‍ക്കായി രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഓഫീസില്‍ അപേക്ഷ നല്‍കാം. റസിഡന്‍ഷ്യല്‍ നിയമം ലംഘിച്ച പ്രവാസികള്‍ക്ക് കീഴടങ്ങുന്നതിനും രാജ്യത്തിനു പുറത്തേക്കു പോകുന്നതിനുമായുളള നടപടികള്‍ക്കുമായി ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകുന്നേരം ആറുവരെ അപേക്ഷ നല്‍കാം.
വകുപ്പു ലഭ്യമാക്കുന്ന സേവനങ്ങള്‍ പൗരന്മാര്ക്കും താമസക്കാര്‍ക്കും സുഗമമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എസ്എഫ്ഡി ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ജാബര്‍ അല്ലെബ്ദ പറഞ്ഞു. ഉന്നതനിലവാരത്തിലുള്ള സേവനങ്ങളാണ് ലഭ്യമാക്കുന്നത്. സേവനങ്ങള്‍ നേടുന്നതിന് ആവശ്യമായ സമയവും പരിശ്രമവും കുറയ്ക്കുകയെന്നതും ഓഫീസ് ലക്ഷ്യംവെയ്ക്കുന്നു. ഏറ്റവും മികച്ച നിലവാരത്തില്‍ എല്ലാവിധ നിയമാവകാശങ്ങളും ലഭ്യമാകത്തക്ക വിധത്തില്‍ സേവനം ഉറപ്പുവരുത്തും.
പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച നിയമം വകുപ്പ് നടപ്പാക്കുന്നുണ്ട്. നിയമാനുസൃതമല്ലാതെ തൊഴിലിലേര്പ്പെടുന്നവരുടെയും ഒളിച്ചോടുന്ന തൊഴിലാളികളുടെയും എണ്ണം കുറയ്ക്കുന്നതിനായാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാര്‍ നിയമപരമായ മുഴുവന്‍ അവകാശങ്ങളും ലഭിച്ചശേഷമാണ് രാജ്യം വിടുന്നതെന്നും ഉറപ്പാക്കും. സമഗ്രമായ കൗണ്ടര്‍ സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
വ്യത്യസ്ത കൗണ്ടറുകളിലേക്കോ ജീവനക്കാരിലേക്കോ പോകാതെ ഒരു കൗണ്ടറില്‍തന്നെ സന്ദര്ശകന് ആവശ്യമായ എല്ലാ ഇടപാടുകളും ലഭ്യമാക്കാന്‍ സാധിക്കും. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ പരിഗണന നല്കുന്നതിന്റെയും കാത്തിരിപ്പ് സമയം കുറക്കുന്നതിന്റെയും ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പുതിയ സൗകര്യങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഓഫീസ് പ്രവര്‍ത്തന സമയം. രണ്ട് പ്രവേശന കവാടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 20 സേവന കൗണ്ടറുകളിലൂടെ ഒരേ സമയം 150 സന്ദര്ശകര്രെ ഉള്‍ക്കൊള്ളാനാകും വിധത്തിലാണ് ഓഫീസ് സംവിധാനിച്ചിരിക്കുന്നത്.
കൗണ്ടറുകള്‍ കൂടുതലായി ക്രമീകരിച്ചിരിക്കുന്നതിലൂടെ സന്ദര്‍ശകര്‍ക്ക് തങ്ങളുടെ ഇടപാടുകള്‍ വേഗത്തിലാക്കാനും തടസ്സങ്ങളില്ലാതെ പൂര്‍ത്തിയാക്കാനും സാധിക്കും. ഏറ്റവും നൂതനായ ഇലക്േട്രാണിക് സംവിധാനങ്ങളാണ് ഓഫീസില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇത് സേവനങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതോടൊപ്പം കുറഞ്ഞ സമയത്തിനുള്ളില്‍ സേവനങ്ങള്‍ പൂര്‍ത്തീകരിക്കാനും വഴിയൊരുക്കുന്നു.
ദിവസേന 450ഓളം സന്ദര്‍ശകരാണ് വിവിധ ആവശ്യങ്ങള്‍ക്കായി സേര്‍ച്ച് ആന്റ് ഫോളോഅപ്പ് വകുപ്പിലെത്തുന്നത്. രേഖകള്‍ക്ക് വേഗത്തിലുള്ള നിയമാംഗീകാരം നല്‍കുന്നതിനും പരാതികള്‍ കേള്‍ക്കുന്നതിനും അന്വേഷണങ്ങള്‍ സ്വീകരിക്കുന്നതിനും പ്രശ്ന പരിഹാരങ്ങള്‍ക്കുമായി അഞ്ച് കൗണ്ടറുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
റിസപ്ഷന് ഏരിയക്കും കൗണ്ടറുകള്‍ക്കും സമീപത്തായി എ ടി എം മെഷീനും വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നല്‍കുന്നതിനുള്ള അവയര്‍നസ് സ്ക്രീനും ലഭ്യമാക്കിയിട്ടുണ്ട്. വിശാലമായ പാര്‍ക്കിംഗ് ഏരിയയും പുതിയ ഓഫീസിന് സമീപമുണ്ട്.