
ദോഹ: എസ്ദാന്‍ ഒയാസിസ് അല്വുഖൈറില് ഷോപ്പുകള്‍ക്കുള്ള സൗജന്യ വാടക പ്രമോഷന് തുടരുന്നു. മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നത്. പ്രമോഷന് സെപ്തംബര്‍ 30വരെ തുടരും. ചെറുകിട ഇടത്തരം സംരംഭങ്ങള്‍, കമ്പനികള്‍, സംരംഭകര്‍, കരകൗശലവിദഗ്ദ്ധര്‍ എന്നിവരെയാണ് പ്രമോഷന് പ്രധാനമായും ലക്ഷ്യമിടുന്നത്.
500ലധികം വ്യത്യസ്ത വാണിജ്യഔട്ട്ലെറ്റുകള്ക്കായാണ് 15 മാസത്തെ സൗജന്യവാടക പ്രമോഷന് ലഭ്യമാക്കുന്നത്. പുതിയ വാടകക്കാര്‍ക്ക് 60 മീറ്റററിനും 104 മീറ്ററിനുമിടയിലുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. ഇത് ഫ്ളെക്സിബിള്‍ സ്പേസ് യൂണിറ്റുകളായി ഉപയോഗിക്കാനാകും. ഒരു മില്യണ്‍ സ്ക്വയര്‍മീറ്റര്‍ വിസ്തൃതിയുള്ള എസ്ദാന്‍ ഒയാസിസില്‍ 9000 പാര്‍പ്പിട യൂണിറ്റുകളിലായി 35,000ലധികം പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.
രണ്ടു സ്കൂളുകള്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, അനുയോജ്യമായ ജീവിതവും തൊഴില്‍ സാഹചര്യവും രൂപപ്പെടുത്തുന്നതിനായി സംയോജിത സേവനങ്ങളും സൗകര്യങ്ങളും എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. അല്‍വുഖൈറിലെ എസ്ദാന്‍ ഒയാസിസിന്റെ മെഗാപദ്ധതിയുടെ പുതിയ ഘട്ടത്തിനു തുടക്കംകുറിക്കുന്നതിനു അനുസൃതമായിട്ടാണ് വാണിജ്യ യൂണിറ്റുകള്‍ക്കായുള്ള പുതിയ പ്രമോഷന് കാമ്പയിന്.
പുതിയ നിക്ഷേപകര്‍ക്ക് ചെലവു കുറഞ്ഞ വാടകനിരക്കില്‍ ഷോപ്പുകള്‍ ലഭ്യമാക്കുകയും ഒയാസിസില്‍ ഒഴിഞ്ഞുകിടക്കുന്ന വാണിജ്യ യൂണിറ്റുകള്‍ നിറയ്ക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേക സമ്മര്‍ ഓഫറിന്റെ പരിധിയില്‍വരുന്ന വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും മൂന്നു മാസത്തെ ഗ്രാറ്റുവിറ്റി കാലയളവും തുടര്‍ന്ന് ഒരു വര്‍ഷം മുഴുവന്‍ സൗജന്യവും ലഭിക്കും.
അതുകൊണ്ടുതന്നെ ജൂലൈ 21നും സെപ്തംബര്‍ മുപ്പതിനുമിടയില്‍ കരാറിലേര്‍പ്പെടുന്ന ഓരോ പുതിയ വാടകക്കാരനും പതിനഞ്ച് മാസത്തെ സൗജന്യത്തിന് അര്‍ഹതയുണ്ട്. ഇത് ദീര്‍ഘകാല വ്യവസായവും സുസ്ഥിരതയും ത്വരിതപ്പെടുത്താന്‍ സഹായകമാകും. എസ്ദാന്‍ ഒയാസിസിലെയും സമീപപ്രദേശങ്ങളിലെയും താമസക്കാര്‍ക്ക് പ്രയോജനകരമായിരിക്കും.
വാണിജ്യപരവും സാമ്പത്തികവുമായ കുതിച്ചുചാട്ടത്തിന് കാരണമാകുന്നതിലൂടെ അല്വുഖൈര് മേഖലക്കും ഗുണകരമാകും.