
ദോഹ: ഇന്ത്യന്‍ എംബസിയുടെ പിന്തുണയോടെയും സഹകരണത്തോടെയും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി) സംഘടിപ്പിക്കുന്ന ‘എ പാസേജ് ടു ഇന്ത്യ’ സാംസ്കാരികോല്‍സവം ഇന്നും നാളെയുമായി മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്(മിയ) പാര്‍ക്കില്‍ നടക്കും. ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും വൈവിധ്യവും പ്രദര്‍ശിപ്പിക്കുന്നതായിരിക്കും പാസേജ് ടു ഇന്ത്യ. ഖത്തര്‍ ഇന്ത്യ സാംസ്കാരിക വര്‍ഷത്തിന്റെ മനോഹരമായ പര്യവസാനം കൂടിയായാണ് ഈ പരിപാടിയെ വിഭാവനം ചെയ്തിരിക്കുന്നത്. ഐസിസിക്കു പുറമെ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്), ഇന്ത്യന്‍ ബിസിനസ്് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ എന്നിവയുടെ സാന്നിധ്യവുമുണ്ടാകും. ഐസിസിയുടെ അസോസിയേറ്റ് സംഘടനകളായ ഇന്ത്യന്‍ വുമണ്‍സ് അസോസിയേഷന്, ബന്ഗിയ പരിഷദ് ഖത്തര്‍, രാജസ്ഥാന് പരിവാര്‍ ഖത്തര്‍, ഖത്തര്‍ തമിഴര്‍ സംഗം, മഹാരാഷ്ട്ര മണ്ഡല് ഖത്തര്‍, സെറ്റാഖ് എന്നിവയും അതാത് സംസ്ഥാനങ്ങളുടെ സ്റ്റാളുകള്‍ അവതരിപ്പിക്കും. വിവിധ ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങളും വിവിധ സ്റ്റാളുകളിലായി അവതരിപ്പിക്കും. ഇന്ത്യന്‍ പൈതൃകത്തെ ചിത്രീകരിക്കുന്ന ചെങ്കോട്ടയുടെ മാതൃകയും മിയ പാര്‍ക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. നാലു മീറ്റര്‍ ഉയരവും എട്ടു മീറ്റര്‍ നീളവുമുള്ള ചെങ്കോട്ട മാതൃക പതിനഞ്ച്് ആശാരിമാര് 13 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. വിശ്വകലാവേദിയാണ് ചെങ്കോടയുടെ മാതൃക തയാറാക്കിയത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 11വരെയും വെള്ളിയാഴ്ച ഉച്ചക്ക് ഒന്നു മുതല്‍ രാത്രി 11വരെയുമായിരിക്കും പരിപാടികള്‍. പ്രവേശനം സൗജന്യമാണ്. ന്ത്യയുടെ സാംസ്കാരിക വൈവിധ്യവും വിവിധ മേഖലകളിലുള്ള വളര്‍ച്ചയും ചിത്രീകരിക്കുന്നതിനാണു പാസേജ് ടു ഇന്ത്യ സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ രുചിവൈവിധ്യം വ്യക്തമാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കു പുറമെ കരകൗശല വസ്തുക്കള്‍, ജ്വല്ലറി, തുണിത്തരങ്ങള്‍, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവയെല്ലാം സ്റ്റാളുകളിലുണ്ടാകും. ഖത്തറിന്റെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വര്‍ണ്ണാഭമായ സാംസ്കാരിക പരിപാടികള്‍, ഇന്ത്യന്‍ സാംസ്കാരിക പൈതൃക പ്രദര്‍ശനം, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ ആചാരങ്ങളും സവിശേഷതകളും കരകൗശല വസ്തുക്കളും പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകള്‍, ഔട്ട്ലെറ്റുകള്, ലൈസന്‍സുള്ള ഇന്ത്യന്‍ വ്യാപാരികള്‍ മുഖേനയുള്ള ഫുഡ് ഔട്ട്ലെറ്റുകള് എന്നിവയെല്ലാമുണ്ടാകും.
ആഭ്യന്തരമന്ത്രാലയം
ഡോഗ് ഷോയും
ബോധവത്കരണ
ക്ലാസുകളും അവതരിപ്പിക്കും
ദോഹ: ഐസിസിയുടെ എ പാസേജ് ടു ഇന്ത്യ സാംസ്കാരികോത്സവത്തില്‍ ആഭ്യന്തരമന്ത്രാലയം പങ്കെടുക്കും. മന്ത്രാലയത്തെ പ്രതിനിധീകരിച്ച് പോലീസ് ഡോഗ് വിഭാഗം, സിവില്‍ഡിഫന്‍സ്, തീരസുരക്ഷ, ഗതാഗത ബോധവല്‍ക്കരണ വകുപ്പ്, മയക്കുമരുന്ന് പ്രതിരോധവകുപ്പ്, കമ്യൂണിറ്റി പോലീസിങ് വകുപ്പ്, പബ്ലിക് റിലേഷന്‍സ് വകുപ്പ്, അല്‍ഫസ പോലീസ് വകുപ്പ് എന്നിവയെല്ലാം പങ്കെടുക്കും. വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ അഞ്ചുവരെ ഫെസ്റ്റിവലിന്റെ പ്രധാനവേദിയില്‍ പോലീസ് കനൈന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പോലീസ് ഡോഗ് ഷോയുണ്ടാകും.
മയക്കുമരുന്നോ അതല്ലെങ്കില്‍ സ്ഫോടകവസ്തുക്കളോ അടങ്ങിയിരിക്കുന്ന ബാഗുകള്‍ കണ്ടെത്തുന്നതിലും കുറ്റവാളികളെ ഉള്‍പ്പടെ തിരിച്ചറിയുന്നതിലും പോലീസ് നായകളുടെ വിവിധ കഴിവുകള്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കും.
നായകളെയും അതിന്റെ ഇനങ്ങളെയും അവയുടെ കഴിവുകളെയും കുറിച്ച് അറിയാനും മനസിലാക്കാനും പൊതുജനങ്ങള്‍ക്കു ലഭിക്കുന്ന അവസരമാണിത്. വ്യാഴാഴ്ച പ്രധാനവേദിയില്‍ വൈകുന്നേരം 5.30, 8.30, ഒന്‍പത് മണി സമയങ്ങളില്‍ സിവില്‍ ഡിഫന്‍സ്, കമ്യൂണിറ്റി പോലീസിങ്, ഗതാഗത ബോധവല്‍ക്കരണ വകുപ്പുകള്‍ ബോധവത്കരണ ക്ലാസുകളെടുക്കും.
തീപിടുത്തം തടയല്‍, റോഡുസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ബോധവത്കരണ മാര്‍ഗനിര്‍ദേശങ്ങള്‍, കമ്യൂണിറ്റി പോലീസിങ് വകുപ്പിന്റെ സേവനങ്ങള്‍ എന്നിവ അവതരിപ്പിക്കും. രണ്ടാംദിവസം വൈകുന്നേരം 6.25, 8.30, 9 മണി സമയങ്ങളില്‍ യഥാക്രമം മയക്കുമരുന്ന് പ്രതിരോധ വകുപ്പ്, അല്‍ഫസ തീരസേന എന്നിവ ക്ലാസുകളെടുക്കും.