in ,

ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനത്തിന് തുടക്കമായി

ഡ്രൈവിങ് പരിശീലനം കൂടുതല്‍ സുഗമവും കാര്യക്ഷമവുമാകും
ഡ്രൈവര്‍മാരുടെ പരിശീലനത്തിന് ഇലക്ട്രോണിക് സംവിധാനം

മദീന ഖലീഫ ട്രാഫിക് ആസ്ഥാനത്ത് നടന്ന ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനത്തിന് തുടക്കംകുറിക്കുന്ന ചടങ്ങില്‍ നിന്ന്‌

ദോഹ: ആഭ്യന്തരമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനത്തിനു(ഡിടിഎസ്) തുടക്കമായി. ഇതിന്റെ ഭാഗമായി നിരീക്ഷണ കേന്ദ്രവും സജ്ജമാക്കി. മദീനഖലീഫയിലെ ട്രാഫിക് ആസ്ഥാനത്തായിരുന്നു ഇതുമായി ബന്ധപ്പെട്ട ചടങ്ങ് നടന്നത്.

ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനവും നിരീക്ഷണ കേന്ദ്രവും ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിലെ ലൈസന്‍സിങ് വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ഡ്രൈവിങ് സ്‌കൂളുകളില്‍ ഡ്രൈവര്‍മാരുടെ പരിശീലനം മെച്ചപ്പെടുത്തുകയും റോഡ് അപകടങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഡ്രൈവര്‍മാരുടെ പരിശീലനത്തിന് ഇലക്ട്രോണിക് സംവിധാനമാണ് പ്രയോഗവല്‍ക്കരിക്കുന്നത്. പൊതുസുരക്ഷ അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുല്ല മുഹമ്മദ് അല്‍സുവൈദി, ട്രാഫിക് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് സാദ് അല്‍ഖര്‍ജി, ദേശീയ ഗതാഗത സുരക്ഷാകമ്മിറ്റി സെക്രട്ടറി ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍മാലികി, എന്‍ജിനിയറിങ് ആന്റ് ട്രാഫിക് സേഫ്റ്റി വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്‍ റഹീം മറാഫി എന്നിവരും ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളിലെ നിരവധി ഡയറക്ടര്‍മാരും ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

ഡ്രൈവിങ് സ്‌കൂളുകളിലെ പഠനത്തിന്റെ കാര്യക്ഷമത ഉയര്‍ത്തുക, മികച്ച ഡ്രൈവര്‍മാരെ വാര്‍ത്തെടുക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. പുതിയ സംവിധാനത്തിലൂടെ മികച്ച പരിശീലനം ലഭിച്ച ഡ്രൈവര്‍മാരെ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലൈസന്‍സിങ് വകുപ്പ് ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനം തുടങ്ങിയതില്‍ സന്തോഷമുണ്ടെന്നും മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ഖര്‍ജി പറഞ്ഞു. മനുഷ്യ ഇടപെടലില്‍നിന്നും വളരെ അകലെയുള്ള ഇലക്ട്രോണിക സംവിധാനത്തിലൂടെ ഡ്രൈവിങ് ടെസ്റ്റിന്റെ ഫലങ്ങളുടെ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പാക്കുന്നതായി അദ്ദേഹം പറഞ്ഞു.

സമീപകാലത്ത് റോഡപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം കുറഞ്ഞത് യാദൃശ്ചികമല്ല, ഗതാഗത പ്രക്രിയ്യയില്‍ എല്ലാ പങ്കാളികളില്‍നിന്നുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനം ഡ്രൈവിങ് സ്‌കൂളിലെ രജിസ്‌ട്രേഷന്‍ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്നതുവരെ ഡ്രൈവിങ് പരിശീലന പ്രക്രിയ്യയുടെ വിവിധ ഘട്ടങ്ങള്‍ക്ക് സഹായകമാകും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പഠിതാക്കളുമായി ഇടപഴകുന്നതിന് പതിനെട്ട് ഭാഷകളാണ് ഉപയോഗിക്കുന്നത്. പരിശീലകനെക്കുറിച്ചും പരിശീലന പ്രക്രിയ്യയെ സംബന്ധിച്ചും തന്റെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പഠിതാവിന് തങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഡിടിഎസ് ആപ്പ് മുഖേന പ്രകടിപ്പിക്കാനാകും.

പരിശീലനസമയം കര്‍ശനമായി പരിശോധിക്കും. പരിശീലനത്തിലെ ഏതെങ്കിലും വിധത്തിലുള്ള കാലതാമസം ലൈസന്‍സിങ് വകുപ്പിലെ ഓപ്പറേഷന്‍സ് റൂം മുഖേന നിരീക്ഷിക്കും. പരിശീലനത്തിലും വിദ്യാഭ്യാസത്തിലും പഠിതാവിന് തങ്ങളുടെ മുഴുവന്‍ അവകാശവും ലഭിക്കുന്നുണ്ടെന്ന്് ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും. റോഡില്‍ ഉയര്‍ന്ന തോതിലുള്ള ഡ്രൈവിങ് വൈദഗ്ദ്ധ്യം സാധ്യമാക്കുന്നു. മാനുഷിക ഇടപെടല്‍ ഇല്ലാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ പൂര്‍ണമായും സുതാര്യമാകും.

പരിശോധകന്റെ വ്യക്തിപരമായ മാനസികാവസ്ഥയിലെ ഏറ്റക്കുറച്ചിലുകള്‍ ഫലങ്ങളെ ബാധിക്കുകയുമില്ല. അതുപോലെ ഡ്രൈവിങ് പഠിതാവിന് ഉടന്‍തന്നെ ഫലങ്ങള്‍ അറിയാനാകും. ഡിടിഎസ് ഡാഷ്‌ബോര്‍ഡിലെ ടെസ്റ്റ് സ്‌ക്രീനുകളിലൂടെ ടെസ്റ്റ് നേരിട്ടുകാണുന്നതിനും പിഴവുകള്‍ തിരിച്ചറിയുന്നതിനും പഠിതാവിന് സാധിക്കും.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് കോള്‍സെന്റര്‍സേവനത്തിനും തുടക്കംകുറിച്ചു. 2344444 ആണ് നമ്പര്‍. നിയമലംഘനം, ഡ്രൈവര്‍മാരുടെ ലൈസന്‍സ്, നമ്പര്‍ പ്ലേറ്റ്, അംഗപരിമിതര്‍ക്കായുള്ള സേവനങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിന് ഇഷ്ടഭാഷയും ആവശ്യമായ സേവനവും തെരഞ്ഞെടുക്കാന്‍ കോളര്‍ക്ക് സാധിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അമീര്‍ യുഎസ് പ്രസിഡന്റ് ട്രംപുമായി ചര്‍ച്ച നടത്തി

ഡ്രൈവര്‍മാരുടെ കാര്യക്ഷമത ഉറപ്പാക്കാന്‍ ഇലക്ട്രോണിക് സംവിധാനം