
ദോഹ: ഏകീകൃത സാമ്പത്തിക രജിസ്ട്രി സംബന്ധിച്ച 2020ലെ ഒന്നാം നമ്പര്‍ നിയമത്തിന്റെ നടപ്പാക്കല്‍ ചട്ടം സംബന്ധിച്ച കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. അമിരി ദിവാനില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അംഗീകാരം നല്‍കിയത്. കോംപീറ്റന്റ് അതോറിറ്റിയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സുരക്ഷിത ഇന്‍ഫര്‍മേഷന്‍ സംവിധാനം രൂപീകരിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ കരട് തീരുമാനത്തിന്റെ ഭാഗമാണ്. അപേക്ഷകളുടെ ലൈസന്‍സിങ്, രജിസ്ട്രേഷന്‍, ഭേദഗതി-പുതുക്കല്‍ എന്നിവയുടെ രീതികള്‍ നിര്‍ണയിക്കുക, നിയമവ്യക്തികള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവയുടെ യഥാര്‍ത്ഥ പ്രയോജനം ലഭിക്കുന്നവരെ തിരിച്ചറിയല്‍ എന്നിവയെല്ലാമാണ് കരട് തീരുമാനത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.
കുറ്റവാളികളെ സാമൂഹിക ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ശിക്ഷാ-തിരുത്തല്‍ സ്ഥാപനങ്ങളുടെ(നല്ല നടപ്പ് കേന്ദ്രങ്ങള്‍) പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സ്ഥിര കമ്മിറ്റി രൂപീകരിക്കാനുള്ള കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇത്തരം സ്ഥാപനങ്ങളുടെ വികസനത്തിനായി പൊതു നയം രൂപീകരിക്കുകയാണ് കമ്മിറ്റിയുടെ ചുമതല.
ഓരോ മന്ത്രാലയങ്ങളുടേയും തന്ത്രപരമായ പദ്ധതികളും പരിപാടികളും സംബന്ധിച്ച് വിശദമായ നയം തയ്യാറാക്കാന്‍ എല്ലാ മന്ത്രിമാര്‍ക്കും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. മൂന്നു മാസത്തിനുള്ളില്‍ പദ്ധതികളുടെ പുരോഗതികളും പ്രകടനവും സംബന്ധിച്ച സൂചികകളും ഷെഡ്യൂളും നിബന്ധനകളും ഉള്‍പ്പടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.