
ദോഹ: കേരളത്തിലെ ലഹരിമരുന്ന് റാക്കറ്റിന്റെ കെണിയില്‍പ്പെട്ട് ദോഹയിലെ ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിനായി മാതാവ് ഖത്തറില്‍. കഴിഞ്ഞ ഒരുവര്‍ഷമായി ഖത്തറില്‍ ജയിലില്‍ കഴിയുന്ന മകന് ആഷിക് ആഷ്ലിയുടെ മോചനത്തിനായി മാതാവ് അങ്കമാലി സ്വദേശിനി ഉഷാകുമാരിയാണ് ഖത്തറിലെത്തിയത്. മകന്റെ മോചനത്തിനായി കഴിഞ്ഞ ഒരുവര്‍ഷമായി ഒറ്റയാള്പോരാട്ടത്തിലാണ് ഉഷാകുമാരി.
നാട്ടിലെ കേസിന്റെ നിയമരേഖകളും മറ്റുമായിട്ടാണ് നീതി തേടി അവര്‍ മകന് ജയിലില്‍ കഴിയുന്ന നാട്ടിലെത്തിയത്. മകന്റെ സുഹൃത്തും ബന്ധുവിന്റെ അയല്‍വാസിയുമായ നവാസിന്റെ സഹായത്തോടെയാണ് ഉഷാകുമാരി ഖത്തറിലെത്തിയത്. നാട്ടില്‍ നിയമനടപടികള്‍ മുന്നോട്ടുനീക്കുന്നത് പ്രയാസകരമാവുകയും തുടര്‍നടപടികളൊന്നും ഉണ്ടാകാത്തതിനാലുമാണ് അവര്‍ ദോഹയിലേക്ക് വരാന്‍ തീരുമാനിച്ചത്.
താമസിക്കുന്ന വീടും സ്ഥലവും പണയപ്പെടുത്തിയാണ് ഏകമകന്റെ മോചനത്തിനായി ഇപ്പോള്‍ ഖത്തറിലെത്തിയിരിക്കുന്നതെന്ന് ഉഷാകുമാരിയെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ ന്യൂസായ ന്യൂസ്റൂം റിപ്പോര്‍ട്ട് ചെയ്തു. നവാസ് മുഖേന ഖത്തരി അഭിഭാഷകയെ കാണുകയും കേസ് വിവരങ്ങള്‍ ധരിപ്പിക്കുകയും അവര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. കേസ് റീ ഓപ്പണ്‍ ചെയ്യാമെന്നാണ് പ്രതീക്ഷ. ഇതിനായി വലിയതോതില്‍ സാമ്പത്തികച്ചെലവു വരും.
വീടു പണയപ്പെടുത്തിയ തുക ആദ്യഘട്ടമായി നല്കി. ഇനിയും പണം കണ്ടെത്തേണ്ടതായി വരും. കേസിന്റെ വിവരങ്ങളെല്ലാം വേഗത്തില്‍ ലഭിക്കുന്നതില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സഹായം നല്കി. തലച്ചോറിലെ സ്ട്രോക്കിനെത്തുടര്ന്നുണ്ടായ ശാരീരിക വിഷമതകള്‍ക്കിടയിലും തന്റെ മകനെ രക്ഷിച്ചെടുക്കാന്‍ സാധ്യമായതെല്ലാം ചെയ്യാനുള്ള ദൃഢനിശ്ചയത്തിലാണ് ഈ അമ്മ.
ജയില്‍ ഉദ്യോഗസ്ഥര്‍ നല്ല സമീപനമാണെന്നും മകനോടു നല്ല നിലയിലാണ് അവര്‍ പെരുമാറുന്നതെന്നും കാണാനുള്ള സൗകര്യവുമൊരുക്കിത്തരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പത്തുവര്‍ഷം തടവിനും മൂന്നു ലക്ഷം റിയാല്‍ പിഴയുമാണ് ആഷിക് ആഷ്ലിക്ക് ഖത്തര്‍ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ജയേഷ് എന്നയാളാണ് മകനെ ചതിച്ചത്്.
ജയേഷ് മകന്റെ കൂട്ടുകാരനും ഒന്‍പത് വര്‍ഷത്തെ പരിചയമുള്ള ആളുമാണ്. ഒരു ലക്ഷം രൂപ നല്കി വിസയും ടിക്കറ്റുമെല്ലാം ശരിയാക്കുകയായിരുന്നു. ഖത്തറിലേക്കു കൊണ്ടുപോകാന്‍ ബാഗും നല്‍കിയത് ജയേഷ് മുഖേനയായിരുന്നു. മകന് ജയേഷ് ബാഗു കൈമാറുമ്പോള്‍ അതില്‍ ഒന്നുമുണ്ടായിരുന്നില്ല.
എന്നാല്‍ ഖത്തറിലെത്തി പോലീസ് പരിശോധിച്ചപ്പോഴാണ് ബാഗിനടിയില്‍ പഞ്ഞിവച്ച് തുന്നിയ നിലയില്‍ പ്രത്യേക അറയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. മകനെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഉമ്മന്‍ചാണ്ടി, ശശി തരൂര്‍, മുഖ്യമന്ത്രി, കുമ്മനം രാജശേഖരന് എന്നിവരുടെയെല്ലാം സഹായം തേടി. ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ നേരില്ട്ടുകണ്ടു.
മകനെ വഞ്ചിക്കുകയും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ജയേഷിനെയും കൂട്ടാളികള്‍ക്കെതിരെയും നടപടിയെടുക്കുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായതോടെ ഉഷാകുമാരി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് പോലീസ് കാര്യമായെന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയത്. നാലു പേരെ പിടികൂടുകയും ചെയ്തു. എന്നാല്‍ മുഖ്യസൂത്രധാരന്‍ ജയേഷിനെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.
ജയേഷ് അങ്കമാലി പോലീസിന് പണം നല്‍കിയതായും ഉഷാകുമാരി ആരോപിക്കുന്നു. ജയേഷിനെ ഇതുവരെയും പിടികൂടിയിട്ടില്ല. ചതിയില്‍ അകപ്പെട്ട മകനെ എങ്ങനെയെങ്കിലും രക്ഷിക്കുന്നതിനായാണ് ഈ അമ്മ ഇപ്പോള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.