
ആര്.റിന്‍സ്
ദോഹ
ഒട്ടേറെ സവിശേഷതകളോടെ ലോകത്തിനു വിസ്മയമായാണ് അല്‍വഖ്റ സ്റ്റേഡിയം നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 2022 ഫിഫ ലോകകപ്പിനായി ഖത്തര്‍ സജ്ജമാക്കുന്ന രണ്ടാമത്തെ സ്റ്റേഡിയം. ലോകത്തൊട്ടാകെയുള്ള കായികപ്രേമികള്‍ക്ക് നയനാനന്ദകരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നതായിരിക്കും സ്റ്റേഡിയം. സമാനതകളില്ലാത്ത ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് സ്റ്റേഡിയത്തില്‍. പുതിയ സ്റ്റേഡിയം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നാളെ കായികലോകത്തിന് സമര്‍പ്പിക്കുന്നതോടെ ഒരു ലോക വിസ്മയത്തിനു കൂടി ഖത്തര്‍ സാക്ഷിയാകും.
വിഖ്യാത ഇറാഖി- ബ്രിട്ടീഷ് ആര്‍കിടെക്റ്റ് സഹാ ഹദീദിന്റെ അത്ഭുതകരമായ ഡിസൈന്‍ തനിമ ചോരാതെ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. 2016ല്‍ അന്തരിച്ച സഹ ഹദീദിന്റെ ഓര്‍മകള്‍ നിറഞ്ഞുനില്ക്കുന്ന അന്തരീക്ഷത്തില്ക്കൂടിയായിരിക്കും സ്റ്റേഡിയത്തിന്റെ സമര്‍പ്പണം. സഹായുടെ പാരമ്പര്യം 2022ല്‍ ഖത്തറിന്റെ പാരമ്പര്യത്തിന്റെ ഭാഗമാകും.
സഹാ ഹദീദിന്റെ ഏറ്റവും ശ്രദ്ധേയമായ ഡിസൈനുകളിലൊന്നായിരുന്നു വഖ്റ സ്റ്റേഡിയത്തിലേത്. അതിന്റെ നിര്‍മാണം പൂര്ത്തീകരിക്കപ്പെടുംമുമ്പ് അവര്‍ മരണത്തിലേക്ക് യാത്രയായത് സുപ്രീംകമ്മിറ്റിക്കും നൊമ്പരവും ആഘാതവുമായിരുന്നു. സഹ ഇപ്പോഴുണ്ടായിരുന്നുവെങ്കില്‍ വളരെ സന്തോഷവതിയാകുമായിരുന്നുവെന്നും ഓരോ ഡിസൈനും യാഥാര്‍ഥ്യമാകുമ്പോള്‍ അവര്‍ അത്യധികമായി വികാരഭരിതയാകാറുണ്ടെന്നും സഹ ഹദീദ് ആര്‍ക്കിടെക്റ്റ്സ് ഡയറക്ടര്‍ ജിം ഹിവെറിന് പറയുന്നു. സ്റ്റേഡിയം വളരെ മനോഹരമായി വന്നിട്ടുണ്ട്.

നൂതനവും മനോഹരവും അതേസമയം ക്രിയാത്മകവുമായ ഒന്ന് ആവിഷ്കരിക്കാനാണ് തങ്ങള്‍ ശ്രമിച്ചത് അത് സാധ്യമായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചു ഘട്ടങ്ങളിലൂടെയാണ് വഖ്റ സ്റ്റേഡിയത്തിന്റെ ഡിസൈന്‍ പൂര്‍ത്തിയായത്. സ്റ്റേഡിയം നിര്‍മിക്കുന്ന സ്ഥലത്തെ പാരമ്പര്യവും സംസ്കാരവുമായി യോജിക്കുന്നതാകണം സ്റ്റേഡിയം ഡിസൈന്‍ എന്നായിരുന്നു തീരുമാനം. ഖത്തറിലെ പ്രാചീന മല്‍സ്യബന്ധന തുറമുഖങ്ങളിലൊന്നായ വഖ്റയുടെ ആ പാരമ്പര്യത്തെ ആധാരമാക്കിയായിരുന്നു ഡിസൈന്‍.
വഖ്റ സ്റ്റേഡിയത്തിന് മല്‍സ്യബന്ധനം എന്ന ആശയവുമായി ബന്ധമുണ്ടാകണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മീന്‍പിടിക്കാനും മുത്തുവാരാനും പ്രാചീന കാലം മുതല്‍ ഉപയോഗിക്കുന്ന ദൗ ബോട്ട്- പരമ്പരാഗത പായ്ക്കപ്പല്‍ ഡിസൈന്‍ തയാറാക്കുകയായിരുന്നു. സ്റ്റേഡിയം നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളും വഖ്റയുടെ പാരമ്പര്യവും സംസ്കാരവുമായി ചേര്‍ന്നു പോകണമെന്നു തീരുമാനിച്ചു. ഇതിനായി സ്റ്റേഡിയം നിര്‍മാണത്തിനു തടി കൂടുതലായി ഉപയോഗിച്ചിട്ടുണ്ട്.
തടിപ്പണികള്‍ കൂടി പൂര്‍ത്തിയാകുമ്പോള്‍ സ്റ്റേഡിയം ഒറ്റനോട്ടത്തില്‍ ദൗ ബോട്ടിനെ ഓര്‍മപ്പെടുത്തും.അതേസമയം കനത്ത ചുടിലും പൊടിക്കാറ്റിലും തടി നശിച്ചു പോകാതിരിക്കാനുള്ള മുന്‍കരുതലും ഡിസൈനിലുണ്ട്. ധാരാളം ഷെയ്ഡുകള്‍ ഇതിനായി ചേര്‍ത്തു. ഒറ്റനോട്ടത്തില്‍ ഖത്തറിന്റെ സമുദ്രപാരമ്പര്യവും പൈതൃകവും പ്രതിഫലിക്കുന്നതാണ് സ്റ്റേഡിയം. അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് 2014ല്‍ ഇതുപോലൊരു മെയ് മാസത്തിലാണ് സ്റ്റേഡിയത്തിന്റെ പ്രാരംഭ നിര്മാണപ്രവര്ത്തനങ്ങള്ക്കു തുടക്കമായത്. സ്ക്രാച്ചില്‍ നിന്നുള്ള ആദ്യത്തെ ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയമാണ് വഖ്റ. ഖനനത്തിലൂടെ മണ്ണ് നീക്കം ചെയ്താണ് നിര്‍മാണം തുടങ്ങിയത്.
കൃത്യം അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിന് വിസ്മയമായി സ്റ്റേഡിയം സജ്ജമായി. അത്യാധുനികമായ ശീതീകരണ സംവിധാനമാണ് സ്റ്റേഡിയത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. 92 മീറ്റര്‍ വിസ്തീര്‍ണമുള്ള ഉള്ളിലേക്ക് മടക്കിവയ്ക്കാവുന്ന(റിട്രാക്റ്റബിള്‍) മേല്‍ക്കൂരയാണ് സ്റ്റേഡിയത്തിന്. പിച്ചിന് തണല്‍ നല്കാന് ഇതിലൂടെ സാധിക്കും. നൂതനമായ ശീതികരണ സംവിധാനത്തിന്റെ കാര്യക്ഷമത ഉയര്‍ത്താനും ഇതിലൂടെ സാധിക്കും. കഠിനമായ കാലാവസ്ഥാ സാഹചര്യങ്ങളില്‍നിന്നും സ്റ്റേഡിയത്തിന്റെ ഉള്‍ഭാഗത്തെ സംരക്ഷിക്കാന്‍ ഉതകുന്ന വിധത്തിലാണ് സജ്ജീകരണങ്ങള്‍. സീറ്റുകള്ക്ക കീഴിലുള്ള വിതരണ ടെര്‍മിനലുകള്‍ ഉപയോഗിച്ചുകൊണ്ട് കുറഞ്ഞ ചലനവേഗത്തോതില് കാഴ്ച്ചക്കാരുടെ മേഖല ശീതികരിക്കുന്ന വിധത്തിലാണ് ക്രമീകരണം.
താഴത്തെയും മുകളിലത്തെയും തട്ടുകള്ക്കിടയിലായി നൂറിലധികം എയര്‍ വെന്റിലേഷന് യൂണിറ്റുകള്‍ തുല്യമായി വിഭജിച്ച് ക്രമീകരിച്ചിരിക്കുന്നത് സ്റ്റേഡിയത്തിലാകെ ശീതീകരണം ക്രമപ്പെടുത്താന്‍ സഹായകമാണ്. എട്ട് എയര്ഹാന്ഡ്ലിങ് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തിയാണ് പിച്ചിലെ ശീതികരണസംവിധാനം സജ്ജമാക്കിയത്. നാലെണ്ണം കിഴക്കുഭാഗത്തും നാലെണ്ണം പടിഞ്ഞാറു ഭാഗത്തും. ഓരോ യൂണിറ്റിനെയും കാണികളുടെ സീറ്റിനടിയിലൂടെ പിച്ചിലേക്കുള്ള ഒരു പ്ലീനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പ്ലീനത്തിലൂടെ പിച്ചിലാകെയും കളിസ്ഥലത്തും വായു വിതരണം സാധ്യമാക്കുന്നതിനായി ജെറ്റ് നോസിലുകളുമുണ്ട്. ഖത്തര്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനിയറിങിലെ പ്രൊഫസര്‍ ഡോ.സൗദ് അബ്ദുല്ഗാനിയാണ് കൂളിങ് സംവിധാനം വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്.
സ്റ്റേഡിയത്തിന്റെ നിര്‍മാണത്തില്‍ മുഖ്യപങ്ക് വഹിച്ചിരിക്കുന്നത് ഖത്തരി കമ്പനികളാണെന്നതാണ് മറ്റൊരു സവിശേഷത. ലോകത്തെ മറ്റൊരു സ്റ്റേഡിയവുമായും താരതമ്യം ചെയ്യാന്‍ കഴിയാത്ത വിധം വേറിട്ടുനില്‍ക്കുന്നതാണ് വഖ്റ സ്റ്റേഡിയം.
ഒരു പെയിന്റ് ബ്രഷുമായി എന്തെങ്കിലുമൊക്കെ സൃഷ്ടിക്കാനിരിക്കുന്ന ഒരു ആര്‍ട്ടിസ്റ്റുമായി വേണമെങ്കില്‍ താരതമ്യം ചെയ്യാം- സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനു ചുക്കാന്‍ പിടിച്ച പ്രൊജക്റ്റ് ടീമംഗവും എന്‍ജനിയറും മുന്‍ വഖ്റ ക്ലബ്ബ് ഫുട്ബോള്‍ താരവുമായ അബ്ദുല്‍അസീസ് അല്ഇസ്ഹാഖ് ചൂണ്ടിക്കാട്ടുന്നു. കമ്പ്യൂട്ടറില്‍ ഓട്ടോമാറ്റിക്കായി സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നല്ല. ഇതൊരു കലാസൃഷ്ടി കൂടിയാണ്- അദ്ദേഹം പറഞ്ഞു.
അമീര്‍ കപ്പ് ഫൈനലും വഖ്റ സ്റ്റേഡിയം ഉദ്ഘാടനവും നാളെ: ആകര്‍ഷകമായ പരിപാടികള്‍

ദോഹ: അമീര്‍ കപ്പ് ഫൈനല്‍ നാളെ(മെയ് 16 വ്യാഴം) പുതിയ അല്‍വഖ്റ സ്റ്റേഡിയത്തില്‍ നടക്കും. ഫിഫ ലോകകപ്പിനായി ഒരുങ്ങുന്ന അല്‍വഖ്റ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും. സ്റ്റേഡിയം ഉദ്ഘാടനത്തിലും അമീര്‍ കപ്പ് ഫൈനലിലും പ്രമുഖരുടെയും വിശിഷ്ട വ്യക്തിത്വങ്ങളുടെയും സാന്നിധ്യമുണ്ടാകും. മുന്‍ താരങ്ങള്‍, അംബാസഡര്‍മാര്‍, മേഖലാ അസോസിയേഷന് പ്രതിനിധികള്‍, ഫിഫ പ്രതിനിധികള്‍ പങ്കെടുക്കും. ഫൈനല്‍ മത്സരത്തിന്റെ കിക്കോഫിനു മുന്‍പായാണ് ഔദ്യോഗിക ഉദ്ഘാടനചടങ്ങുകള്‍ നടക്കുക. രാത്രി 10.30നാണ് കിക്കോഫ്.
നാളെ രാത്രി ഏഴരയ്ക്ക് ഗേറ്റുകളും ഫാന്‍സോണുകളും തുറക്കും. വിപുലമായ സാംസ്കാരിക പരിപാടികള്‍ മത്സരത്തിനു മുമ്പായി നടക്കും. ദോഹ മെട്രോയുടെ വഖ്റ സ്റ്റേഷനില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് ബസുകള്‍ ഷട്ടില്‍ സര്‍വീസ് നടത്തും. ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയമാണ് ബസുകള്‍ അനുവദിച്ചിരിക്കുന്നത്. ടാക്സി സേവനവും ഉപയോഗപ്പെടുത്താം. സ്വകാര്യവാഹനങ്ങളില്‍ വരുന്നവര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
പാര്‍ക്കിങ് സ്ഥലത്തേക്ക കൃത്യമായി എത്താന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാന് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനായി നേരത്തെതന്നെ സ്റ്റേഡിയത്തിലെത്തണമെന്ന് ഫുട്ബോള്‍ ആസ്വാദകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റേഡിയത്തിലേക്കും പാര്‍ക്കിങ് ഏരിയയിലേക്കും കൃത്യമായി പ്രവേശിക്കുന്നതിനുള്ള കൂടുതല്‍ വിവരങ്ങള്‍ അമീര്‍ കപ്പ് ആപ്പിലുണ്ട്. ടിക്കറ്റെടുത്തവര്‍ അമീര്‍കപ്പ് ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തണം.
ആപ്പിള്‍സ്റ്റോറിലും ഗൂഗിള്പ്ലേയിലും ആപ്പ് ലഭ്യമാണ്- സുരക്ഷാകമ്മിറ്റിയുടെ ഔദ്യോഗിക വക്താവ് മേജര്‍ അബ്ദുല്ല അല്‍ഗാനിം പറഞ്ഞു. ടിക്കറ്റില്‍ പാര്‍ക്കിങ് സ്ഥലം സംബന്ധിച്ച് വര്‍ണ സൂചന നല്‍കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ക്ക് അതിനനുസരിച്ച് പാര്‍ക്ക് ചെയ്യാം. മത്സരത്തിനുള്ള 90ശതമാനം ടിക്കറ്റുകളും വിറ്റുപോയി. മെയ് 15വരെ ടിക്കറ്റുകള്‍ ലഭ്യമായിരിക്കും. ഓണ്‍ലൈനായി ടിക്കറ്റ് നേടിയവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഔട്ട്ലെറ്റുകളിലെത്തി യഥാര്‍ഥ ടിക്കറ്റ് മാറ്റിവാങ്ങണം.
വില്ലാജിയോ മാള്‍, മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി, സിറ്റി സെന്റര്‍, സൂഖ് വാഖിഫ്, എസ്ദാന്‍ മാള്‍ വഖ്റ എന്നിവയിലെല്ലാം ഔട്ട്ലെറ്റുകളുണ്ട്. ഊരിദുവുമായി സഹകരിച്ച് സൗജന്യ വൈഫൈ സേവനവും സ്റ്റേഡിയത്തില്‍ സജ്ജമാക്കുന്നുണ്ട്. മത്സരം കവര്‍ ചെയ്യുന്നതിനായി 52 ക്യാമറകളാണ് സ്ഥാപിക്കുന്നത്. അസാധാരണമായ നടപടിയാണിത്. റഷ്യന്‍ ലോകപ്പ് ഫൈനലില്‍ പോലും 37 ക്യാമറകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്.
ടിവി കാഴ്ചക്കാര്‍ക്ക് നൂതനമായ അനുഭവമായിരിക്കും ഇത് സമ്മാനിക്കുകയെന്ന് സുപ്രീംകമ്മിറ്റി മീഡിയ റിലേഷന്‍സ് സീനിയര്‍ ഓഫീസര്‍ ഖാലിദ് അല്‍നാമ പറഞ്ഞു. സ്റ്റേഡിയം ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. ഖത്തരി ഫുട്ബോളിന്റെ ഷോപീസ് മത്സരത്തിനായി വഖ്റ സ്റ്റേഡിയം പൂര്‍ണമായും സജ്ജമായിട്ടുണ്ട്. 40,000 ആണ് സ്റ്റേഡിയത്തിന്റെ ഇരിപ്പിടശേഷി.
2017ലെ അമീര്‍ കപ്പ് ഫൈനല്‍ നടന്നത് നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലായിരുന്നു. ഫുട്ബോള്‍ ആസ്വാദകരുടെും സന്ദര്‍ശകരുടെയും കാഴ്ചാനുഭവം ഉയര്‍ത്തുന്നതിനുതകുന്ന വിവിധങ്ങളായ പരിപാടികള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുമെന്ന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനും സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും സംയുക്തമായി അറിയിച്ചു.

സ്റ്റേഡിയത്തില്‍ മൂന്നു സ്ഥലങ്ങളിലായി ഇഷാഅ്, തറാവീഹ് നമസ്കാരത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഫുഡ് ഔട്ട്ലെറ്റുകളുമുണ്ടാകും- ഖാലിദ് അല്‍നാമ പറഞ്ഞു. സ്റ്റേഡിയത്തിനു ചുറ്റും ശക്തമായ സുരക്ഷാവലയമുണ്ടാകും. എല്ലാ പ്രായത്തിലുമുള്ള കാണികള്‍ക്കും ആസ്വദിക്കാന്‍ പര്യാപ്തമായ പരിപാടികളായിരിക്കും സ്റ്റേഡിയത്തിനു ചുറ്റുമായി ഒരുക്കുക. പ്രാദേശിക വ്യവസായ സംരംഭങ്ങള്‍ക്കും റസ്റ്റോറന്റുകള്‍ക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭ്യമാക്കും.
ഈ ഫുട്ബോള്‍ കാര്‍ണിവലിലേക്ക് ജനങ്ങളെ പങ്കാളികളാക്കാന്‍ വിപുലമായ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 20ലക്ഷം റിയാല്‍ മൂല്യമുള്ള സമ്മാനങ്ങളാണ് ആകെ നല്‍കുന്നത്. കാറുകള്‍, ഫിഫ്റ്റിവണ്‍ ഈസ്റ്റ് സ്റ്റോറുകളില്‍ നിന്നുള്ള പര്‍ച്ചേസ് വൗച്ചറുകള്‍ ഉള്പ്പടെുള്ളയവയാണ് സമ്മാനങ്ങള്‍.