in

ഏഴാമത് ഡിംഡെക്‌സ് മാര്‍ച്ചില്‍; റേതിയോണ്‍ സില്‍വര്‍ സ്‌പോണ്‍സര്‍

ദോഹ: ഏഴാമത് രാജ്യാന്തര കടല്‍സുരക്ഷാപ്രതിരോധ സമ്മേളനം(ദോഹ ഇന്റര്‍നാഷണല്‍ മാരിടൈം ഡിഫന്‍സ് എക്‌സിബിഷന്‍ ആന്റ് കോഫറന്‍സ്-ഡിംഡെക്‌സ്) മാര്‍ച്ച് 16 മുതല്‍ 18വരെ നടക്കും. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യയുടെ മാര്‍ഗനിര്‍ദേശത്തില്‍ ഖത്തര്‍ സായുധസേനയാണ് ഡിംഡെക്‌സ് 2020 സംഘടിപ്പിക്കുന്നത്. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും സംഘടിപ്പിക്കുന്ന ഡിംഡെക്‌സ് സമ്മേളനത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം കൂടിയാണ് ഇത്തവണ.
2008ല്‍ സ്ഥാപിതമായതു മുതല്‍ പ്രദര്‍ശനത്തില്‍ സ്ഥായിയായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. എക്‌സിബിറ്റര്‍മാരുടെ എണ്ണത്തിലും ഇടപാടുകളുടെ ആകെ മൂല്യത്തിലും പ്രധാന പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ഖത്തറിന്റെ ആത്മവിശ്വാസമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. ലോകത്തിലെ പ്രമുഖ സമുദ്ര സായുധ കമ്പനികള്‍ ഡിംഡെക്‌സ് 2020ല്‍ പങ്കെടുക്കും. സമുദ്ര വ്യവസായ മേഖലയിലെ സാങ്കേതികവിദ്യയും പ്രതിരോധ ശേഷിയും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു ആഗോള വേദി വാഗ്ദാനം ചെയ്യുന്നതിനാല്‍ ഈ മേഖലയിലെ ഏറ്റവും അഭിമാനകരമായ സമുദ്ര പ്രതിരോധ പ്രദര്‍ശനങ്ങളിലൊന്നാണ് ഡിംഡെക്‌സെന്ന് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്റ്റാഫ് ബ്രിഗേഡിയര്‍(സീ) അബ്ദുല്‍ബാഖി സാലേഹ് അല്‍അന്‍സാരി പറഞ്ഞു. 2020 എഡീഷനില്‍ 80 രാജ്യങ്ങളില്‍ നിന്നായി 180ലധികം കമ്പനികളും പ്രദര്‍ശകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ ഏഴു ഹാളുകളിലായാണ് പ്രദര്‍ശനം ക്രമീകരിക്കുക. ഡിംഡെക്‌സിന്റെ സില്‍വര്‍ സ്‌പോണ്‍സറായി ആഗോള പ്രതിരോധ കരാറുകാരായ റേതിയോണിനെയും ബ്രോണ്‍സ് സ്‌പോണ്‍സറായി ബെല്‍ ടെക്‌സ്‌ട്രോണിനെയും പ്രഖ്യാപിച്ചു. പ്രതിരോധ പരിഹാരങ്ങള്‍ വികസിപ്പിക്കുന്ന നൂതനമായ മുന്‍നിര കമ്പനിയാണ് റേതിയോണ്‍.
ശക്തവും വിശ്വസനീയവുമായ പങ്കാളികളില്‍ നിന്നും സമ്മേളനത്തിന് പിന്തുണ ലഭിക്കുന്നതായും ഡിംഡെക്‌സിന്റെ തന്ത്രപരമായ പ്രാധാന്യമാണ് ഇതില്‍ പ്രതിഫലിക്കുന്നത്.
ഖത്തര്‍ തുറമുഖ പരിപാലന കമ്പനി മവാനി ഖത്തറാണ് മറ്റൊരു സില്‍വര്‍ സ്‌പോണ്‍സര്‍. മവാനി ഖത്തറിന്റെ പിന്തുണയും മിഡില്‍ഈസ്റ്റിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ ഹമദ് തുറമുഖത്തിന്റെ അത്യാധുനിക സൗകര്യങ്ങളുമാകുമ്പോള്‍ രാജ്യാന്തര നാവികസേനകളുടെ സന്ദര്‍ശക കപ്പലുകളെ ഉള്‍ക്കൊള്ളാന്‍ ഡിംഡെക്‌സിന് സാധിക്കും. കൊമേഴ്‌സ്യല്‍ ബാങ്കാണ് പ്രധാന സ്‌പോണ്‍സര്‍. ഫിന്‍കാന്റ്യേരിയാണ് ഡയമണ്ട് സ്‌പോണ്‍സര്‍. ബര്‍സാന്‍ ഹോള്‍ഡിങും എംബിഡിഎയും ഗോള്‍ഡ് സ്‌പോണ്‍സര്‍മാര്‍. മുന്‍ എഡീഷനുകളെ അപേക്ഷിച്ച് കൂടുതല്‍ വിപുലമായ രീതിയിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
സന്ദര്‍ശക യുദ്ധക്കപ്പലുകളുടെ പ്രദര്‍ശനം, മിഡില്‍ഈസ്റ്റ് നേവല്‍ കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സ്, വിഐപി പ്രതിനിധികളുമായുള്ള സാങ്കേതിക ആശയവിനിമയം എന്നിവയും ഡിംഡെക്‌സിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കടല്‍സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സമ്മേളനം പ്രാധാന്യം നല്‍കും.
വിവിധ രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരും ഉന്നത സൈനിക ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ പങ്കെടുക്കും. സൈനിക-സായുധ വാഹനങ്ങള്‍,ടാങ്കുകള്‍, സാങ്കേതിക വിദ്യകള്‍, ഉപകരണങ്ങള്‍, ആയുധങ്ങള്‍ എന്നിവ വാങ്ങുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളിലും കരാറുകളിലും ഖത്തര്‍ ഏര്‍പ്പെടും.പ്രതിരോധ സേനയ്ക്ക് ആവശ്യമായ അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ ഡിംഡെക്‌സ് നിര്‍ണായകമാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇസ്‌ലാഹി സെന്റര്‍: ഹുസൈന്‍ മുഹമ്മദ് പ്രസിഡണ്ട്, അന്‍ഫസ് നന്മണ്ട ജനറല്‍ സെക്രട്ടറി

ഡെപ്യൂട്ടി പ്രധാനമന്ത്രി തുര്‍ക്കിഷ് പ്രസിഡന്റുമായി ചര്‍ച്ച നടത്തി