Monday, January 20

ഏഴാമത് രാജ്യാന്തര കടല്‍സുരക്ഷാപ്രതിരോധ സമ്മേളനം 2020 മാര്‍ച്ചില്‍

Spread the love

ദോഹ: ഏഴാമത് രാജ്യാന്തര കടല്‍സുരക്ഷാപ്രതിരോധ സമ്മേളനം(ദോഹ ഇന്റര്‍നാഷണല്‍ മാരിടൈം ഡിഫന്‍സ് എക്‌സിബിഷന്‍ ആന്റ് കോഫറന്‍സ്-ഡിംഡെക്‌സ്) അടുത്ത വര്‍ഷം മാര്‍ച്ച് 16 മുതല്‍ 18വരെ നടക്കും.

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യയുടെ മാര്‍ഗനിര്‍ദേശത്തിലാണ് ഡിംഡെക്‌സ് 2020 സംഘടിപ്പിക്കുന്നത്.

ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും സംഘടിപ്പിക്കുന്ന ഡിംഡെക്‌സ് സമ്മേളനത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം കൂടിയാണ് ഇത്തവണ. മുന്‍ എഡീഷനുകളെ അപേക്ഷിച്ച് കൂടുതല്‍ വിപുലമായ രീതിയിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 2008ലായിരുന്നു ആദ്യ സമ്മേളനം. ഒരു സാധ്യതയോ അവസരമോ എന്ന നിലയിലല്ലാതെ അനിവാര്യമായ രീതിയില്‍ രാജ്യത്തിന്റെ സമുദ്ര പ്രതിരോധ സുരക്ഷാ വീര്യം വികസിപ്പിക്കുന്നതിനായാണ് ഡിംഡെക്‌സ് സംഘടിപ്പിക്കുന്നത്.

പ്രദര്‍ശന നഗരിയുടെ വലുപ്പം കൊണ്ടും പങ്കാളിത്ത രാജ്യങ്ങളുടെ എണ്ണംകൊണ്ടും മുന്‍വര്‍ഷങ്ങളിലെ എഡിഷനുകളേക്കാള്‍ ബൃഹത്തായിരിക്കും ഇത്തവണത്തെ പ്രദര്‍ശനം. എക്‌സ്‌പോയില്‍ മാത്രം ഒട്ടനവധി രാജ്യങ്ങളുടെ പ്രദര്‍ശനം നടക്കും.

നാവികമേഖലയ്ക്കു പുറമെ വ്യോമസേന, കരസേന തുടങ്ങിയ മേഖലകളിലെ പ്രതിരോധ വ്യവസായ ശേഷികളുടെ അവതരണവും നടക്കും. സന്ദര്‍ശക യുദ്ധക്കപ്പലുകളുടെ പ്രദര്‍ശനം, മിഡില്‍ഈസ്റ്റ് നേവല്‍ കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സ്, വിഐപി പ്രതിനിധികളുമായുള്ള സാങ്കേതിക ആശയവിനിമയം എന്നിവയും ഡിംഡെക്‌സിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കടല്‍സുരക്ഷാമേഖലയിലെ നിരവധി രാജ്യാന്തര കമ്പനികളും സംരംഭങ്ങളും ഡിംഡെക്‌സില്‍ പങ്കെടുക്കാന്‍ താല്‍പര്യമറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ട്.

ഖത്തര്‍ സായുധസേനയാണ് ഡിംഡെക്‌സിന് ചുക്കാന്‍ പിടിക്കുന്നത്. ലോകത്തെ സമുദ്ര പ്രതിരോധ സുരക്ഷാ കമ്യൂണിറ്റിയെ ബന്ധിപ്പിക്കുന്നതിനാണ് സമ്മേളനം ഊന്നല്‍ നല്‍കുന്നത്. ഈ മേഖലയിലെ ഏറ്റവും പുതിയ പുതുമകളും പരിഹാരങ്ങളും ഒരേ മേല്‍ക്കൂരയില്‍ കൊണ്ടുവരും. സ്റ്റോക്ക്‌ഹോം രാജ്യാന്തര സമാധാന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം മേഖലയില്‍ ആയുധ ഇറക്കുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍.

അതുകൊണ്ടുതന്നെ ഡിംഡെക്‌സിന് പ്രാധാന്യമേറെയുണ്ട്. ഏഴാമത് എഡീഷന്‍ ബൃഹത്തായതും മികവുറ്റതുമായിരിക്കുമെന്ന് ചെയര്‍മാന്‍ സ്റ്റാഫ് ബ്രിഗേഡിയര്‍ അബ്ദുല്‍ബാഖി എസ് അല്‍അന്‍സാരി പറഞ്ഞു. കടല്‍സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സമ്മേളനം പ്രാധാന്യം നല്‍കും. വിവിധ രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരും ഉന്നത സൈനിക ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ പങ്കെടുക്കും.

സൈനിക-സായുധ വാഹനങ്ങള്‍,ടാങ്കുകള്‍, സാങ്കേതിക വിദ്യകള്‍, ഉപകരണങ്ങള്‍, ആയുധങ്ങള്‍ എന്നിവ വാങ്ങുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളിലും കരാറുകളിലും ഖത്തര്‍ ഏര്‍പ്പെടും.പ്രതിരോധ സേനയ്ക്ക് ആവശ്യമായ അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ ഡിംഡെക്‌സ് നിര്‍ണായകമാകും.

ഇതില്‍ പങ്കെടുക്കാനെത്തുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള യുദ്ധക്കപ്പലുകളെ ഹമദ് തുറമുഖത്തില്‍ സ്വീകരിക്കും. വാങ്ങാനുദ്ദേശിക്കുന്ന അത്യാതുധിനക ഉപകരണങ്ങളുടെയും കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും വിശദാംശങ്ങള്‍ ഡിംഡെക്‌സ് 2019ല്‍ വച്ച് പ്രഖ്യാപിക്കും.

ഏറ്റവും അത്യാധുനികമായ കടല്‍സുരക്ഷാ ഉപകരണങ്ങളും സാങ്കേതിക സംവിധാനങ്ങളുമായിരിക്കും സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുക. സായുധ സേനാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും നിര്‍മാതാക്കള്‍ക്കും ഒത്തു ചേരാനുള്ള ഏറ്റവും മികച്ച അവസരവും സാധ്യതയുമാണ് ഡിംഡെക്‌സ് നല്‍കുന്നത്.

നാവിക പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നവരെ ആകര്‍ഷിക്കാന്‍ ഡിംഡെക്‌സിന് കഴിയുന്നു മധ്യപൂര്‍വ വടക്കന്‍ ആഫ്രിക്കയിലെ കടല്‍ സുരക്ഷ സംബന്ധിച്ച ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നാണിത്.