
1500 മീറ്ററില്‍ ജിന്സണ് ജോണ്സണ് പിന്മാറി
ആര്.റിന്‍സ്
ദോഹ
ദോഹയില്‍ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന 23-ാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാംദിനത്തില്‍ ഹെപ്റ്റാത്ലണില് ഇന്ത്യയുടെ സ്വപ്ന ബര്മന് വേള്ളി നേടി. സീസണിലെ മികച്ച പ്രകടനമായിരുന്നു സ്വപ്നയുടേത്. 5993 പോയിന്റാണ് സ്വപ്ന നേടിയത്. ഫലത്തില്‍ വലിയ സന്തോഷമില്ലെന്നും ഇന്നലെ രാവിലെ നടന്ന ജാവലിന്‍ത്രോയിലെ ഫലം തൃപ്തികരമായിരുന്നില്ലെന്നും തയാറെടുപ്പുകള്‍ അത്ര നന്നായിരുന്നില്ലെന്നും മത്സരശേഷം സ്വപ്ന ബര്മ്മന് പ്രതികരിച്ചു.
നിങ്ങള്‍ക്കറിയാവുന്നതുപോലെ ഞാനൊരു പരിക്കിന്റെ റാണിയാണല്ലോ- ചിരിയോടെ ബര്മന് പറഞ്ഞു. കണങ്കാലിനു പ്രശ്നങ്ങളുണ്ടായിരുന്നു. മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെന്നാണ് ആഗ്രഹിച്ചത്- ബര്മ്മന് പറഞ്ഞു. ഹെപ്റ്റാത്ലണില് മറ്റൊരിന്ത്യന്‍ താരം പൂര്‍ണിമ ഹെംബ്രാം അഞ്ചാംസ്ഥാനത്തായി. കസാകിസ്താന്റെ എകാതറീന വോര്നിന സ്വര്‍ണവും ചൈനയുടെ വാങ് ക്വിന്ഗ്ലിങ് വെങ്കലവും നേടി. 1500 മീറ്ററില്‍ മലയാളിതാരം ജിന്സണ് ജോണ്സണ് പിന്മാറി.

നേരത്തെ 800 മീറ്റര്‍ ഫൈനലില്‍ മത്സരം പൂര്‍ത്തിയാക്കാനാകാതെ ജിന്‍സണിന് പിന്മാറേണ്ടിവന്നിരുന്നു. മസില് പ്രശ്നത്തെത്തുടര്‍ന്ന് മത്സരിക്കേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ ജിന്‍സണിനെ ഉപദേശിക്കുകയായിരുന്നുവെന്ന് ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് കോച്ച് ആര്.കെ.നായര്‍ പറഞ്ഞു. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യയുടെ മെഡല്‍പ്രതീക്ഷയായിരുന്ന പാറുള്‍ ചൗധരി അഞ്ചാംസ്ഥാനത്തായി. ഈയിനത്തില്‍ ബഹ്റൈന്റെ വിന്‍ഫ്രഡ് മ്യുടൈല് യാവിയാണ് സ്വര്‍ണം നേടിയത്. ആദ്യദിനം 5000മീറ്ററില്‍ പാറുള്‍ വെങ്കലം നേടിയിരുന്നു.
200 മീറ്റര്‍ ഹീറ്റ്സില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് 23.33 സെക്കന്റോടെ ഒന്നാമതായി ഫിനിഷ് ചെയ്ത് സെമിയിലേക്ക് യോഗ്യത നേടി. മീറ്റിന്റെ രണ്ടാംദിനത്തില്‍ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ തേജീന്ദര്‍ ടൂര്‍ പാല് സ്വര്‍ണവും ജാവലിന്‍ത്രോയില്‍ ശിവ്പാല്‍ സിങ് വെള്ളിയും നേടിയിരുന്നു. 20.22 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട്പുട്ടെറിഞ്ഞാണ് തേജീന്ദര്‍ സ്വര്‍ണം നേടിയത്. ചൈനയുടെ യു ജിയാസിയാങ് വെള്ളിയും കസാകിസ്താന്റെ ഇവാന് ഇവാനോവ് വെങ്കലവും നേടി. ഏഷ്യന്‍ അത്ലറ്റിക്സിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ്ണമാണിത്.
നേരത്തെ വനിതകളുടെ 800 മീറ്ററില്‍ ഗോമതി മാരിമുത്തുവാണ് ആദ്യ സ്വര്‍ണം നേടിയത്. 86.23 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് ശിവ്പാല്‍ സിങ് വെള്ളി മെഡല്‍ നേടിയത്. ശിവ്പാലിന്റെ കരിയറിലെ മികച്ച പ്രകടനമാണിത്. ചൈനീസ് തായ്പേയിയുടെ ചാവോ സുന് ചെങ് സ്വര്‍ണവും ജപ്പാന്റെ റ്യോഹെ അരല്‍ വെങ്കലവും നേടി. ഈയിനത്തില്‍ ഇന്ത്യയുടെ ദേവീന്ദര്‍ സിങ് കാങ് പത്താമതായി. വനിതകളുടെ 100 മീറ്ററില്‍ ഇന്ത്യയുടെ ദ്യുതി ചന്ദിന് അഞ്ചാം സ്ഥാനം നേടാനെ കഴിഞ്ഞുള്ളു. 11.44സെക്കന്റിലാണ് ദ്യുതി ഫിനിഷ് ചെയ്തത്.
ഹീറ്റ്സിലും സെമിഫൈനലിലും പുറത്തെടുത്ത മികവ് ഫൈനലില്‍ ആവര്‍ത്തിക്കാന്‍ ദ്യുതിക്കായില്ല. 11.17 സെക്കന്റില്‍ ഓടിയെത്തിയ കസാകിസ്താന്റെ ഓള്‍ഗ സഫ്രനോവ ഏഷ്യയിലെ വേഗതയേറിയ ഓട്ടക്കാരിയായി. ചൈനയുടെ സിയാവോജിങ് ലിയാങ് വെള്ളിയും യോങ്ലി വെയ് വെങ്കലവും നേടി. ജപ്പാന്റെ യോഷിഹിദെ കിര്യുവാണ് വേഗതയേറിയ പുരുഷതാരം, 10.10 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ജപ്പാന് താരം നൂറുമീറ്ററില്‍ സ്വര്‍ണം നേടിയത്. ആദ്യ രണ്ടു ദിനങ്ങളിലായി ഒന്‍പത് വേള്‍ഡ് ലീഡ് റെക്കോര്‍ഡുകളും ഒന്‍പത് ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡുകളും 28 ദേശീയ റെക്കോര്‍ഡുകളുമാണ് ദോഹയില്‍ പിറന്നത്.