
1500 മീറ്ററില്‍ അജയ്കുമാര്‍ സരോജ് ഫൈനലില്‍
ആര്.റിന്‍സ്
ദോഹ
ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന 23-ാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 4-400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഇന്ത്യയ്ക്ക് വെള്ളി. മീറ്റില്‍ ഇന്നലെ ഇന്ത്യനേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തെ ഹെപ്റ്റാത്ലണില് സ്വപ്ന ബര്മന് വെള്ളി നേടിയിരുന്നു. മലയാളി താരങ്ങളായ മുഹമ്മദ് അനസ് യഹിയ, എം.ആര്.പൂവമ്മ, വി.കെ.വിസ്മയ, തമിഴ്നാടിന്റെ ആരോക്യ രാജീവ് എന്നിവരുള്‍പ്പെട്ട ടീമാണ് മി്ക്സഡ് റിലേയില്‍ വെള്ളി നേടിയത്.
3.15.71 സമയത്തിലാണ് ഇന്ത്യന്‍ ടീം ഫിനിഷ് ചെയ്തത്. ബഹ്റൈന്‍ ടീമിനാണ് സ്വര്‍ണം. മീറ്റില്‍ എം.ആര് പൂവമ്മയുടെ രണ്ടാമത്തെ മെഡലാണിത്. നേരത്തെ 400 മീറ്ററില്‍ വെങ്കലം നേടിയിരുന്നു. പുരുഷ വിഭാഗം 1500 മീറ്ററില്‍ ഇന്ത്യയുടെ അജയ്കുമാര്‍ സരോജ് ഫൈനലില്‍. ഹീറ്റില്‍ 3.49.20 സമയത്തില്‍ രണ്ടാമതായാണ് അജയ്കുമാര്‍ സരോജ് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ ഖത്തറിന്റെ മുഹനദ് ഖമീസ് സെയ്ഫല്‍ദീന്‍, മുസാബ് അലി എന്നിവരും ഫൈനലിലേക്ക് യോഗ്യത നേടി.
അതേസമയം മറ്റൊരു ഖത്തര്‍ താരം ഹംസ ദ്രിയൂച്ചിന് ഫൈനല്‍ യോഗ്യത നേടാനായില്ല. വനിതകളുടെ 4-100 മീറ്റര്‍ റിലേ ഫൈനലില്‍ ഇന്ത്യന്‍ ടീമിന് നാലാം സ്ഥാനം നേടാനെ കഴിഞ്ഞുള്ളു. ചൈന സ്വര്‍ണവും കസാകിസ്താന്‍ വെള്ളിയും ബഹ്റൈന്‍ വെങ്കലവും നേടി. അര്‍ച്ചന സുസീന്ദ്ര, രേവതി വീരമണി, രംഗ കുന്നത്ത്, ദ്യുതീ ചന്ദ് എന്നിവരുള്‍പ്പെട്ടതായിരുന്നു ഇന്ത്യന്‍ ടീം. വനിതകളുടെ ട്രിപ്പിള്‍ ജമ്പില്‍ തായ്ലന്റിന്റെ പരിനയ ചുയെമരോയെങ് സ്വര്‍ണവും ചൈനയുടെ സെങ് റുയി വെള്ളിയും ശ്രീലങ്കയുടെ വിദൂഷ ലക്ഷണ്‍ ഹീനതിമുല്ലഗെ ദോന വെങ്കലവും നേടി. പുരുഷന്മാരുടെ ഡെക്കാത്ലണില് ജപ്പാന്റെ കെയ്സുകി ഉഷിരോ സ്വര്‍ണം നേടി. പുരുഷവിഭാഗത്തില്‍ 4-100 മീറ്റര്‍ റിലേയില്‍ തായ്ലാന്റ് സ്വര്‍ണവും ചൈനീസ് തായ്പേയി വെള്ളിയും ഒമാന്‍ വെങ്കലവും നേടി. ഒന്നാമതെത്തിയ ചൈനയെ അയോഗ്യരാക്കിയതിനെത്തുടര്‍ന്നാണ് വെള്ളി നേടിയ തായ്ലാന്റ് സ്വര്‍ണമെഡല്‍ ജേതാക്കളായത്. നാലാം സ്ഥാനത്തായിരുന്ന ഒമാന്‍ വെങ്കലത്തിനവകാശികളായി.
മൂന്നാം ദിനം പൂര്‍ത്തിയാകുമ്പോള്‍ മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ് ഖത്തര്‍. രണ്ടു സ്വര്‍ണവും ഒരു വെങ്കലവുമാണ് ഖത്തര്‍ നേടിയത്. ഇന്നലെ മെഡലുകളൊന്നും നേടാനായില്ല. 200 മീറ്ററില്‍ ഫെമി ഒഗുനോഡെ പരിക്കുമൂലം ഫൈനലില്‍ മത്സരിക്കുമോയെന്ന് ഉറപ്പില്ല. മീറ്റില്‍ ആറു സ്വര്‍ണവും ഒന്‍പത് വെള്ളിയും ആറു വെങ്കലവുമടക്കം 22 മെഡലുകളുമായി ചൈനയാണ് ഒന്നാമത്. ആറു സ്വര്‍ണവുമായി ബഹ്റൈന്‍ രണ്ടാമത്. മൂന്നു സ്വര്‍ണവുമായി ഉസ്ബക്കിസ്താന് മൂന്നാമത്. രണ്ടു സ്വര്‍ണവും അഞ്ചുവീതം വെള്ളിയും വെങ്കലവുമായി ഇന്ത്യ നാലാമത്. ജപ്പാനാണ് അഞ്ചാമത്.