
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം ജാബിറിന് വെങ്കലം
ആര്.റിന്‍സ്
ദോഹ
ദോഹയില്‍ നടക്കുന്ന 23-ാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം ഗോമതി മാരിമുത്തുവിലൂടെ വനിതകളുടെ 800 മീറ്ററിലാണ് ഗോമതി സ്വര്‍ണം നേടിയത്. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്നലെ വൈകുന്നേരം നടന്ന ഫൈനലില്‍ ചൈനീസ് താരം ചുന്യു വാങിനെ സെക്കന്റുകളുടെ വ്യത്യാസത്തില്‍ മറികടന്നാണ് ഗോമതി സ്വര്‍ണത്തിലേക്ക് ഓടിയെത്തിയത്. 2.02.70 സമത്തിലാണ് ഗോമതി ഫിനിഷ് ചെയ്തത്. ഗോമതിയുടെ കരിയറിലെതന്നെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. 2.02.96 സമയത്തിലാണ് ചൈനീസ് താരം ഫിനിഷ് ചെയ്തത്.
ഹീറ്റ്സില്‍ 2.04.56 സമയത്തിലായിരുന്നു ഗോമതി ഫിനിഷ് ചെയ്തത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ മലയാളിതാരം എം.പി.ജാബിറിന് വെങ്കലം. 49.13 സെക്കന്റില്‍ മികച്ച വ്യക്തിഗത സമയംകുറിച്ചാണ് ജാബിര്‍ വെങ്കലം നേടിയത്. ലോക ചാമ്പ്യന്‍ഷിപ്പിനായി നിശ്ചയിച്ച 49.30സെക്കന്റെന്ന യോഗ്യതാസമയത്തില് താഴെ ഫിനിഷ് ചെയ്യാനും ജാബിറിനായി. ആതിഥേയരായ ഖത്തറിന്റെ അബ്ദുല്റഹ്മാന് സാംബ റെക്കോര്‍ഡ് പ്രകടനത്തോടെ സ്വര്‍ണം നേടി.

47.51 സെക്കന്റിലാണ് സാംബ ഫിനിഷ് ചെയ്തത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കഴിഞ്ഞ സീസണിലെ അപരാജിത കുതിപ്പ് ഈ സീസണിലും തുടരുകയാണ് സാംബ.ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. വനിതാവിഭാഗം 400മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ സരിത ഗെയ്ക്ക്വാദും വെങ്കലം നേടി. 57.22 സെക്കന്റിലാണ് താരം ഫിനിഷ് ചെയ്തത്. സെപ്തംബറില്‍ ദോഹയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടുന്നതിന് 56 സെക്കന്റിനുള്ളില്‍ ഫിനിഷ് ചെയ്യണമായിരുന്നു. ഈയിനത്തില്‍ വിയറ്റ്നാമിന്റെ ക്വാച്ച് ദി ലാന് സ്വര്‍ണവും ബഹ്റൈന്റെ അമിനത് യൂസുഫ് ജമാല്‍ വെള്ളിയും നേടി.
വനിതാവിഭാഗത്തില്തന്നെ 100 മീറ്ററില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് ദേശീയറെക്കോര്ഡോടെ തിരുത്തിയെഴുതിയ പ്രകടനത്തോടെ ഫൈനലിന് യോഗ്യത നേടി. തന്റെ തന്നെ ദേശീയ റെക്കോര്‍ഡാണ് ദ്യുതി തിരുത്തിയത്. 11.29 സെക്കന്റിന്റെ ദേശീയറെക്കോര്‍ഡ് ഒന്നാം ദിനം ഹീറ്റ്സില്‍ 11.28 സെക്കന്റില്‍ ഓടിയെത്തി മറികടന്നിരുന്നു. ഇന്നലെ നടന്ന 100 മീറ്റര്‍ സെമി ഫൈനലിലും സ്വന്തം ദേശീയ റെക്കോര്‍ഡ് ഭേദിച്ച് ദ്യുതി ചന്ദ് ഫൈനല്‍ യോഗ്യത നേടി. 11.24 സെക്കന്‍ഡാണ് സെമിയില്‍ ദ്യുതിയുടെ സമയം. ഏഷ്യന്‍ അത്ലറ്റിക്സില് ഇതുവരെ എട്ടു മെഡലുകളാണ് ഇന്ത്യ നേടിയത്.
എഷ്യന്‍ അത്ലറ്റിക്സിന്റെ ആദ്യദിനത്തില്‍ വനിതകളുടെ ജാവലിന്‍ത്രോയില്‍ അന്നു റാണിയും പുരുഷന്മാരുടെ 3000മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് മുകുന്ദ് സാബിളും വെള്ളിയും 400 മീറ്ററില്‍ മലയാളി താരം എം.ആര്. പൂവമ്മയും 5000 മീറ്റര്‍ ഓട്ടത്തില്‍ പാറുള്‍ ചൗധരിയും 10,000 മീറ്റര്‍ ഓട്ടത്തില്‍ മുരളീകുമാര്‍ ഗാവിതും വെങ്കലവും നേടിയിരുന്നു. 28.38.34 മിനിറ്റിനാണ് മുരളി കുമാര്‍ 10 കിലോമീറ്റര്‍ ദൂരം താണ്ടിയത്. മുരളിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ബഹ്റൈന്റെ ദവിത് ഫിക്കാദു(28.26.30) സ്വര്‍ണവും ഹസന് ചാനി(28.31.30) വെള്ളിയും നേടി.