ഇറ്റലി ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് ഖത്തറിന് യോഗ്യത

ദോഹ: ചൈനയില്‍ നടക്കുന്ന ഏഴാമത് ഏഷ്യന്‍ ബീച്ച് ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തര്‍ ഫൈനലില്‍. ഇന്നലെ നടന്ന സെമിഫൈനലില്‍ കരുത്തരായ ഇറാനെ 2-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഖത്തര്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. തുടര്‍ച്ചയായ അഞ്ചാം ഏഷ്യന്‍ ബീച്ച് ഹാന്‍ഡ്ബോള്‍ കിരീടമാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്.
2011, 2013, 2015, 2017 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ബീച്ച് ഹാന്‍ഡ്ബോള്‍ കിരീടം ഖത്തറിനായിരുന്നു. 2017ല്‍ ഒമാനെയായിരുന്നു ഖത്തര്‍ ഫൈനലില്‍ തോല്‍പ്പിച്ചത്. ഇത്തവണയും ഫൈനലില്‍ ഒമാനാണ് എതിരാളികള്‍. ഇന്നലെ നടന്ന രണ്ടാംസെമിയില്‍ വിയറ്റ്നാമിനെ 2-0 എന്ന സ്കോറിനാണ് ഒമാന്‍ തോല്‍പ്പിച്ചത്. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലാണ് ഖത്തര്‍. തുടര്‍ച്ചയായ അഞ്ചു വിജയങ്ങളോടെ ഗ്രൂപ്പ് ജേതാക്കളായാണ് ഖത്തര്‍ സെമിയിലെത്തിയത്. അടുത്തവര്‍ഷം ഇറ്റലിയില്‍ നടക്കുന്ന ഐഎച്ച്എഫ്(രാജ്യാന്തര ഹാന്‍ഡ്ബോള്‍ ഫെഡറേഷന്) ലോക ബീച്ച് ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്കും ഖത്തര്‍ യോഗ്യത നേടി.

ഏഷ്യന്‍ ബീച്ച് ഹാന്‍ഡ്ബോള്‍ കിരീടം നേടുന്നവര്‍ക്ക് ഈ വര്‍ഷം നടക്കുന്ന അനോക് വേള്‍ഡ് ബീച്ച് ഗെയിംസിലേക്ക് യോഗ്യത ലഭിക്കും. ഗ്രൂപ്പ് മത്സരങ്ങളില്‍ ഫിലിപ്പൈന്‍സിനെയും ഇന്തോനേഷ്യയെയും അഫ്ഗാനിസ്താനെയും ചൈനീസ് തായ്പേയിയെയും വിയറ്റ്നാമിനെയും 2-0 എന്ന സ്കോറിന് ഖത്തര്‍ തോല്‍പ്പിച്ചിരുന്നു. ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തിയുണ്ടെന്ന് ഖത്തര്‍ പരിശീലകന് സലീം അല്‍ദോസരി പറഞ്ഞു. ഇറ്റലി ലോക ബീച്ച് ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടാനായതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ ടീം ക്യാപ്റ്റന്‍ മുഹമ്മദ് ഹസന് പറഞ്ഞു. ഗ്രൂപ്പ് എയില്‍ നിന്നും വിയറ്റ്നാമും ഗ്രൂപ്പ് ബിയില്‍ ഇറാനും സെമിയിലേക്ക് യോഗ്യത നേടി.
ഒമാന്‍, ഇറാന്, തായ്ലാന്ഡ്, പാകിസ്താന്, ജപ്പാന്, സഊദി അറേബ്യ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍. ആറാംതവണയാണ് ഖത്തര്‍ ലോകചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടുന്നത്. 2010 തുര്‍ക്കിയില്‍ പത്താം സ്ഥാനത്തും 2012ല്‍ അമ്മാനില്‍ ഏഴാം സ്ഥാനത്തുമായിരുന്നു. 2014ല്‍ ബ്രസീലിലും 2016ല്‍ ഹംഗറിയിലും നടന്ന ലോക ബീച്ച് ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മൂന്നാംസ്ഥാനത്തെത്താനായി.
എന്നാല്‍ 2018ല്‍ റഷ്യയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അടുത്തവര്‍ഷം ഇറ്റലിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷ.