Friday, February 21

ഏഷ്യന്‍ ബീച്ച് ഹാന്‍ഡ്‌ബോള്‍ കിരീടം ഖത്തറിന്

Spread the love
ഏഷ്യന്‍ ബീച്ച് ഹാന്‍ഡ്‌ബോള്‍ കിരീടം നേടിയ ഖത്തര്‍ ടീം മെഡല്‍ പോഡിയത്തില്‍

ദോഹ: തുടര്‍ച്ചയായ അഞ്ചാംതവണയും ഏഷ്യന്‍ ബീച്ച് ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഖത്തറിന്. കഴിഞ്ഞ ദിവസം നടന്ന കലാശപ്പോരാട്ടത്തില്‍ ഒമാനെ 2-0 എന്ന സ്‌കോറിനാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. 2017 ഫൈനലിലും ഒമാനെ തോല്‍പ്പിച്ചായിരുന്നു ഖത്തര്‍ കിരീടം നേടിയത്. ചൈനയലാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. 2011, 2013, 2015, 2017 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ബീച്ച് ഹാന്‍ഡ്‌ബോള്‍ കിരീടം ഖത്തറിനായിരുന്നു.

ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലായിരുന്നു ഖത്തര്‍. തുടര്‍ച്ചയായ ആറു വിജയങ്ങളോടെ ഗ്രൂപ്പ് ജേതാക്കളായാണ് ഖത്തര്‍ സെമിയിലെത്തിയത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഫിലിപ്പൈന്‍സിനെയും ഇന്തോനേഷ്യയെയും അഫ്ഗാനിസ്താനെയും ചൈനീസ് തായ്‌പേയിയെയും വിയറ്റ്‌നാമിനെയും സെമിഫൈനലില്‍ കരുത്തരായ ഇറാനെയും 2-0 എന്ന സ്‌കോറിന് ഖത്തര്‍ തോല്‍പ്പിച്ചിരുന്നു.

അടുത്തവര്‍ഷം ഇറ്റലിയില്‍ നടക്കുന്ന ഐഎച്ച്എഫ്(രാജ്യാന്തര ഹാന്‍ഡ്‌ബോള്‍ ഫെഡറേഷന്‍) ലോക ബീച്ച് ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്കും ഈ വര്‍ഷം ദോഹയില്‍ നടക്കുന്ന അനോക് വേള്‍ഡ് ബീച്ച് ഗെയിംസിലേക്കും ഖത്തര്‍ യോഗ്യത നേടി.