in ,

ഏഷ്യന്‍ വനിതാ റഗ്ബി സെവന്‍സിനായി ഖത്തര്‍ ടീം സജ്ജമായി

ഏഷ്യന്‍ വനിതാ റഗ്ബി സെവന്‍സിനായി സജ്ജമായ ഖത്തര്‍ വനിതാ ടീം

ദോഹ: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ആഗസ്ത് പത്തിന് തുടങ്ങുന്ന ഏഷ്യന്‍ വനിതാ റഗ്ബി സെവന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തര്‍ ടീം മത്സരിക്കും. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ ടീം ഇന്ന് ഇന്തോനേഷ്യയിലേക്ക് തിരിക്കും. പതിനാല് അംഗങ്ങളുള്ള ഖത്തര്‍ വനിതാടീം ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി പരിശീലനത്തിലായിരുന്നു.

മത്സരവിജയികള്‍ക്ക് ഏഷ്യ റഗ്ബി സെവന്‍സ് സീരിസിലേക്ക് യോഗ്യത ലഭിക്കും. താരതമ്യേന ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ ഖത്തറില്‍ റഗ്ബി കായികയിനം വളരെയധികം വളര്‍ന്നതായും ഇന്തോനേഷ്യയിലേക്ക് ടീമിനെ നയിക്കാനാകുന്നതില്‍ അഭിമാനമുണ്ടെന്നും ചീഫ് ഡി മിഷനും ഖത്തര്‍ റഗ്ബി ഹോക്കി ക്രിക്കറ്റ് ഫെഡറേഷന്‍ ബോര്‍ഡംഗവുമായ ഹമദ് അല്‍അബ്ദുല്ല പറഞ്ഞു.

ഫെഡറേഷന് തികച്ചും അഭിമാനകരമായ നിമിഷമാണിത്. മൂന്നു വര്‍ഷം മുന്‍പാണ് വനിതാ റഗ്ബിക്ക് തുടക്കമിട്ടത്. ഈ കായികയിനത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ച ലക്ഷ്യമിട്ട് ഗെറ്റ് ഇന്‍ടു റഗ്ബി(ജിഐആര്‍) പ്രോഗ്രാം നടപ്പാക്കി. കളിക്കാരില്‍ വളരെയധികം സാധ്യതകളും ഫെഡറേഷന്‍ കണ്ടു.

അത് വളര്‍ത്താന്‍ സാധ്യമായ എല്ലാ കാര്യങ്ങളിലും അവരെ പിന്തുണക്കാന്‍ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനും ചാമ്പ്യന്‍ഷിപ്പില്‍ മുന്നിലെത്തുന്നതിനുമാണ് ശ്രമം. ശക്തരായ ടീമുകള്‍ക്കെതിരെ മത്സരിക്കാനായി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മുന്‍നിര്‍ത്തി രണ്ടുമാസം കഠിന പരിശീലനം നടത്തി.

സുപ്രീംകമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി നല്‍കിയ ഇന്‍ഡോര്‍ ഫിഫ 2022 ലോകകപ്പ് പിച്ചിലായിരുന്നു പരിശീലനം. മികച്ച രീതിയില്‍ ടീമിനെ സജ്ജമാക്കാന്‍ സഹായിക്കുകയും എല്ലാ പിന്തുണയും നല്‍കുകയും ചെയ്ത സുപ്രീംകമ്മിറ്റിക്കും സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദിക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആസ്പയര്‍, ആസ്‌പെറ്റര്‍, സ്‌പോണ്‍സര്‍ അക്വിയ മെല്‍റ്റ് വാട്ടര്‍ ഒറിജിനല്‍ തുടങ്ങി ടീമിനെ പിന്തുണച്ചവരോടും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തറില്‍ റഗ്ബി വളര്‍ച്ചയുടെ പാതയിലാണ്. ദേശീയ പുരുഷ ടീം മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. വെസ്റ്റ് ഏഷ്യ ചാമ്പ്യന്‍ഷിപ്പ് തുടര്‍ച്ചയായ രണ്ടുതവണ നേടാന്‍ ഖത്തര്‍ വനിതാ റഗ്ബി ടീമിന് സാധിച്ചു.

മേഖലയിലെ ഏറ്റവും ശക്തരായ വനിതാടീമുകളിലൊന്നാണ് ഖത്തറിന്റേത്. കഴിഞ്ഞവര്‍ഷം പശ്ചിമേഷ്യ ഡിവിഷനില്‍ പുരുഷ ടീം ജേതാക്കളായി. ഖത്തറിന് നല്ലൊരു ടീമുണ്ട്. ഈ വര്‍ഷം ശക്തരായ ടീമുകള്‍ക്കെതിരെ മത്സരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

മേഖലയ്ക്കു പുറത്തും ഖത്തറിന് കരുത്ത് തെളിയിക്കേണ്ടതുണ്ട്. ശക്തരായ ടീമാണെന്ന് ബോധ്യപ്പെടുത്തണം. പൂര്‍ണ പരിശീലന ടീമില്‍ മൂന്നു ഖത്തരി വനിതാ താരങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. നിര്‍ഭാഗ്യവശാല്‍ അവരുടെ പഠനപ്രതിബദ്ധത കാരണം അവരെ ടീമിലേക്ക് തെരഞ്ഞെടുക്കാനായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

മികച്ച ഫലങ്ങളുമായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബ്ദുല്ല പറഞ്ഞു. ഖത്തര്‍ വനിതാ റഗ്ബി ടീം താരങ്ങള്‍- സല്‍മ മര്‍വ തെ്ഡ്ജിനി, സഫാ തെഡ്ജിനി, യാസ്മിന്‍ ദെഹ്ബി, നൂര്‍ ഷാലബി, സാറാ ജെയ്ന്‍, ഗിഹാദ് വാലിദ് അതല്ല, ലൗറന്‍ മുദ്‌വേ, ടീഗന്‍ മക്‌കോര്‍മാക്, ഫിലിപ്പ ഫ്രാന്‍സിസ് ഇന്നെസ്, റേച്ചല്‍ ഫ്രാന്‍സിസ് ഇന്നെസ്, യാസ്മിന്‍ അസാബി അയിഷ തൗബന്‍, എയ്ഞ്ചല്‍ ജനൈന്‍ നീറ്റേഴ്‌സ്, റെബേക്ക റിച്ചാര്‍ഡ്‌സ്, ഹന ഗില്‍ദാം ക്ലാര്‍ക്ക്. പരിശീലകന്‍- ഹസ്സന്‍ അല്‍സാബെഹ്, ടീം മാനേജര്‍- ഹെബ്ബ അലി ഹോഹം, മെഡിക്കല്‍ ക്രൂ- മോണിയ സ്ലിം, ഒലിവിയ ബാര്‍ബോസ, ചീഫ് ഡി മിഷന്‍- ഹമദ് അല്‍അബ്ദുല്ല

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഗതാഗത നിയമലംഘനങ്ങള്‍ പ്രതിരോധിക്കുന്നതിന് കാമ്പയിന്‍ തുടരുന്നു

അല്‍മീര ബ്രാഞ്ചുകളുടെ എണ്ണം 54 ആയി ഉയര്‍ത്തി