in , ,

ഏഷ്യന്‍ അത്‌ലറ്റിക്‌സ്: സാംബയ്ക്കും അബൂബക്കര്‍ ഹൈദറിനും റെക്കോര്‍ഡോടെ സ്വര്‍ണ്ണം

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാമതെത്തിയ അബ്ദുല്‍റഹ്മാന്‍ സാംബ മെഡലുമായി

ആര്‍.റിന്‍സ്

ദോഹ

ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ തുടരുന്ന 23-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനവുമായി ഖത്തര്‍. രണ്ടാം ദിനമായ ഇന്നലെ രണ്ടു സ്വര്‍ണവും ഒരു വെങ്കലവും ഖത്തര്‍ നേടി. 400മീറ്റര്‍ ഹര്‍ഡില്‍സില്‍ ഏഷ്യന്‍ റെക്കോര്‍ഡോടെയായിരുന്നു അബ്ദുല്‍റഹ്മാന്‍ സാംബയുടെ സുവര്‍ണ നേട്ടം. 800 മീറ്ററില്‍ റെക്കോര്‍ഡോടെ അബൂബക്കര്‍ ഹൈദര്‍ അബ്ദുല്ല സ്വര്‍ണവും ജമാല്‍ ഹൈറെയ്ന്‍ വെങ്കലവും നേടി. 47.51 സെക്കന്റിലാണ് സാംബ ഫിനിഷ് ചെയ്തത്. പുതിയ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡ് കുറിക്കാനും സാംബയ്ക്ക് സാധിച്ചു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കഴിഞ്ഞ സീസണിലെ അപരാജിത കുതിപ്പ് ഈ സീസണിലും തുടരുകയാണ്.

400മീറ്റര്‍ ഹര്‍ഡില്‍സില്‍ ചൈനീസ് തായ്‌പേയിയുടെ ചെയ്ഹ് ചെന്‍ വെള്ളിയും ഇന്ത്യയുടെ എം.പി.ജാബിര്‍ വെങ്കലവും നേടി. 49.45 സെക്കന്റില്‍ ഓടിയെത്തിയ ഖത്തറിന്റെ തന്നെ ബാസം ഹമൈദയാണ് നാലാമത്. 800 മീറ്ററില്‍ 1.44.33 സെക്കന്റില്‍ ഫിനിഷ്‌ചെയ്ത് പുതിയചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡോടെയാണ് അബൂബക്കര്‍ ഹൈദര്‍ അബ്ദുല്ല സ്വര്‍ണം നേടിയത്. 1.46.88 സെക്കന്റില്‍ ഓടിയെത്തി കുവൈത്തിന്റെ ഇബ്രാഹിം അല്‍സുഫൈരി വെള്ളി നേടി. വെങ്കലം നേടിയ ഖത്തറിന്റെ ജമാല്‍ ഹൈറെയന്‍ 1.47.27 സമയത്തിലാണ് ഫിനിഷ് ചെയ്തത്.

800 മീറ്ററില്‍ സ്വര്‍ണവും വെങ്കലവും നേടിയ അബൂബക്കര്‍ ഹൈദര്‍ അബ്ദല്ലയും ജമാല്‍ ഹൈറെയ്‌നും

ഖത്തറിന്റെ തന്നെ അബ്ദുറഹ്മാന്‍ സഈദ് ഹസ്സന്‍ നാലാമതായി. ഹൈജമ്പില്‍ ഖത്തറിന്റെ മഹ്മദ് ഹംദി ഫൈനലിലേക്ക് യോഗ്യത നേടിയപ്പോള്‍ നൂഹ് അന്‍ദു യോഗ്യതാറൗണ്ടില്‍ പുറത്തായി. ജാവലിന്‍ത്രോയില്‍ ഇന്ത്യയുടെ ശിവ്പാല്‍ സിങ് വെള്ളി നേടി. 86.23 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് മെഡല്‍ നേടിയത്. ശിവ്പാലിന്റെ കരിയറിലെ മികച്ച പ്രകടനമാണിത്. ചൈനീസ് തായ്‌പേയിയുടെ ചാവോ സുന്‍ ചെങ് സ്വര്‍ണവും ജപ്പാന്റെ റ്യോഹെ അരല്‍ വെങ്കലവും നേടി. രാജ്യാന്തര അത്‌ലറ്റിക് മാഗസിനായ ട്രാക്ക് ആന്റ് ഫീല്‍ഡ് ന്യൂസിന്റെ 2018ലെ ഏറ്റവും മികച്ച രണ്ടാമത്തെ താരമായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍റഹ്മാന്‍ സാംബ ഇന്നലെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ വര്‍ഷം രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെ അത്‌ലറ്റ് ഓഫ് ദി ഇയര്‍ നാമനിര്‍ദേശം സാംബയ്ക്ക് ലഭിച്ചെങ്കിലും പുരസ്‌കാരം നേടാനായില്ല.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സീസണിലെ തുടര്‍ച്ചയായ ഒന്‍പതാം മത്സരത്തിലും ജയമെന്ന അപൂര്‍വനേട്ടം കഴിഞ്ഞ സീസണില്‍ സാംബ സ്വന്തമാക്കിയിരുന്നു. ഏഷ്യന്‍ ഗെയിംസ്, ഡയമണ്ട്‌ലീഗ് ഉള്‍പ്പടെയുള്ള പ്രധാന ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം അപരാജിത കുതിപ്പായിരുന്നു ഖത്തര്‍ താരത്തിന്റേത്. കോണ്ടിനെന്റല്‍ കപ്പില്‍ 47.37 സെക്കന്റിലായിരുന്നു ഖത്തര്‍ താരം ഫിനിഷ് ചെയ്തത്. റോമില്‍ എഡ്വിന്‍ മോസസ് 37 വര്‍ഷങ്ങള്‍ക്കു മുന്‍പു സ്ഥാപിച്ച വേള്‍ഡ്/കോണ്ടിനെന്റല്‍ കപ്പ് റെക്കോര്‍ഡ് സമയത്തിനൊപ്പം എത്താനും സാംബയ്ക്കു കഴിഞ്ഞു.

ഇത്തവണ മത്സരിച്ചപ്പോഴെല്ലാം 48 സെക്കന്റില്‍ താഴെ സമയത്തില്‍ ഫിനിഷ് ചെയ്യാനും ഖത്തര്‍ താരത്തിനായി. ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 400മീറ്റര്‍ ഹര്‍ഡില്‍സില്‍ ഗെയിംസ് റെക്കോര്‍ഡോടെയായിരുന്നു സാംബ സ്വര്‍ണം സ്വന്തമാക്കിയത്. 47.66 സെക്കന്റില്‍ ഓടിയെത്തിയാണ് സാംബ പുതിയ ഗെയിംസ് റെക്കോര്‍ഡ് സൃഷ്ടിച്ചത്.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 47സെക്കന്റില്‍ താഴെ സമയത്തില്‍ ഫിനിഷ് ചെയ്യുന്ന രണ്ടാമത്തെ താരമന്നെ ഖ്യാതി കഴിഞ്ഞവര്‍ഷം പാരീസ് ലീഗില്‍ സാംബ നേടിയിരുന്നു. 46.98സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സാംബ ചരിത്രനേട്ടം സ്വന്തമാക്കിയത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഓള്‍ടൈം ടോപ്പ് 25ല്‍ രണ്ടാംസ്ഥാനത്തേക്കുയരാനും സാംബയ്ക്കായി. 800മീറ്ററില്‍ അബൂബക്കര്‍ അബ്ദുല്ലയുടേത് തിളക്കമാര്‍ന്ന പ്രകടനമാിരുന്നു. കഴിഞ്ഞവര്‍ഷം ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ ഇത്തവണ സ്വര്‍ണനേട്ടമാക്കി ഉയര്‍ത്തുകയായിരുന്നു.

2008-09 സീസണ്‍ മുതല്‍ ഖത്തറിനായി മത്സരിക്കുന്ന അബൂബക്കര്‍ ആസ്പയറിലായിരുന്നു പരിശീലനം. 2016ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ 4-400 മീറ്റര്‍ റിലേയില്‍ സ്വര്‍ണമെഡല്‍ നേടിയ ഖത്തര്‍ ടീമില്‍ അംഗമായിരുന്നു. ഡേവിഡ് റുഡിഷയെ ഹീറോയായി കണക്കാക്കുന്ന അബൂബക്കര്‍ 2016ലെ റിയോ ഒളിമ്പിക്‌സില്‍ ഖത്തറിനായി മത്സരിച്ചിരുന്നു. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ട ജമാല്‍ ഹൈറെയ്ന്‍ ദോഹയില്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ വെങ്കലം നേടി. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ജമാല്‍ 800 മീറ്ററില്‍ വെങ്കലം നേടിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഷോട്ട്പുട്ട്: തേജീന്ദറിന് സ്വര്‍ണം

ഗസ മുനമ്പില്‍ നൂറു കിടക്കകളുള്ള ആസ്പത്രി ഖത്തര്‍ തുറന്നു