
ദോഹ: ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ താരവും അല്‍സദ്ദ് സ്‌ട്രൈക്കറുമായ അക്രം അഫീഫ് ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്റെ(എഎഫ്‌സി) പ്ലെയര്‍ ഓഫ് ദി ഇയര്‍ 2019 പുരസ്‌കാരമാണ് ഖത്തരി താരത്തെ തേടിയെത്തിയത്. ഏഷ്യന്‍ കപ്പിലെ ഖത്തറിന്റെ കിരീട നേട്ടത്തിലും അല്‍സദ്ദിനെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍ എത്തിച്ചതിലും അക്രം അഫീഫ് നിര്‍ണായകപങ്ക് വഹിച്ചിരുന്നു.
ഹോങ്കോങില്‍ നടന്ന ചടങ്ങില്‍ അക്രം അഫീഫിനുവേണ്ടി അല്‍സദ്ദ് പരിശീലകന്‍ സ്പാനിഷ് ഇതിഹാസതാരം സാവി ഹെര്‍ണാണ്ടസ് ഏറ്റുവാങ്ങി. ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ ഖത്തര്‍ ദേശീയടീമിനായി മത്സരിക്കുന്നതിനാല്‍ ഹോങ്കോങിലെ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാന്‍ അക്രം അഫീഫിനായില്ല. ഇതു മൂന്നാംതവണയാണ് എഎഫ്‌സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഖത്തര്‍ താരത്തിന് ലഭിക്കുന്നത്. തുടര്‍ച്ചയായ രണ്ടാംതവണയാണ് ഖത്തരി താരത്തിന്റെ പുരസ്‌കാരനേട്ടം. അല്‍സദ്ദ് താരമായ അബ്ദുല്‍കരീം ഹസനായിരുന്നു കഴിഞ്ഞവര്‍ഷത്തെ പുരസ്‌കാര ജേതാവ്. 2006ല്‍ ഖല്‍ഫന്‍ ഇബ്രാഹിമായിരുന്നു ആദ്യമായി പുരസ്‌കാരം നേടിയ ഖത്തര്‍ താരം.ഏഷ്യയിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരത്തിന് എഎഫ്സിക്ക് നന്ദി പറയുന്നതായി അഫീഫ് പറഞ്ഞു. ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍, മാനേജ്‌മെന്റ്, അല്‍സദ്ദ് ക്ലബ്ബ്, ആസ്പയര്‍ എന്നിവരോടുള്ള നന്ദിയും അദ്ദേഹം പങ്കുവെച്ചു. ജാപ്പനീസ് ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സാകി കുമഗൈയാണ് എഎഫ്‌സിയുടെ 2019ലെ മികച്ച വനിതാ ഫുട്‌ബോള്‍ താരം.