
ദോഹ: ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2019ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇനി അന്‍പതില്‍ താഴെ ദിവസങ്ങള്‍ മാത്രം. തയാറെടുപ്പുകളും ക്രമീകരണങ്ങളുമെല്ലാം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
ഖത്തറിന്റെ ഒരുക്കങ്ങളില്‍ രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്(ഐഎഎഎഫ്) സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൗണ്ട്ഡൗണ്‍ പുരോഗമിക്കുന്നു. സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ ആറുവരെയാണ് ചാമ്പ്യന്‍ഷിപ്പ്. മത്സരങ്ങള്‍ക്ക് ഇനി 49 ദിനങ്ങള്‍. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കൗണ്ട്ഡൗണ്‍.
വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധങ്ങളായ പരിപാടികളാണ് അരങ്ങേറിയത്. മിഡ്നൈറ്റ് മാരത്തോണും 4-400 മീറ്റര്‍ മിക്ഡസ് റിലേയുമാണ് ദോഹ അത്ലറ്റിക്സിന്റെ ഏറ്റവും പ്രധാന സവിശേഷത.
ലോക അത്ലറ്റിക്സ് ചരിത്രത്തില്‍ ആദ്യമായാണ് 4-400 മീറ്റര്‍ മിക്ഡസ് റിലേ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 21വര്‍ഷമായി ഖത്തര്‍ ഐഎഎഫ് ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിച്ചുവരികയാണ്. 2019 ദോഹ അത്ലറ്റിക്സ് അവിസ്മരണീയമായ അനുഭവമാക്കാനാണ് ലക്ഷ്യമിടുന്നത്. ഖത്തറിന്റെ പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന ടൂര്‍ണമെന്റായിരിക്കുമിത്.
വിവിധ രാജ്യങ്ങളില്‍നിന്നായി 3000ലധികം താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിത്തിലായിരിക്കും ചാമ്പ്യന്‍ഷിപ്പിലെ പ്രധാന മത്സരങ്ങള്‍. മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായാണ് ലോക അത്ലറ്റിക്സ് നടക്കുന്നതെന്ന പ്രത്യേകതയുണ്ട്.
കായികലോകത്തെയൊന്നാകെ ഖത്തറിലേക്ക് സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. വൊളന്റിയര്‍മാര്‍, കായികവിദഗ്ദ്ധര്‍, വ്യവസായ പ്രമുഖര്‍ എന്നിവരെല്ലാം പത്തുദിവസം നീളുന്ന ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കാളിയാകാന്‍ കാത്തിരിക്കുകയാണ്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നത്തിന്റെ ഖത്തറിലെ പര്യടനം തുടരുകയാണ്.
ഫലാഹ് എന്ന പേരിലുള്ള ഫാല്‍ക്കണാണ് ദോഹ 2019ന്റെ ഭാഗ്യചിഹ്നം. ഫലാഹ് ഫാല്‍ക്കണ്‍ ദോഹയില്‍ കായികപ്രേമികള്‍ക്കിടയില്‍ സന്ദര്‍ശനം നടത്തി. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ എല്ലാവരിലേക്കും ഫലാഹ് ഇറങ്ങിച്ചെന്നു. കുട്ടികളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും കുട്ടികളുടെ ആവേശത്തില്‍ പങ്കാളിയാവുകയും ചെയ്തു.
മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി കമ്യൂണിറ്റികളെ യോജിപ്പിക്കുകയും കൂട്ടിയിണക്കുകയും ചെയ്യുകയെന്നതാണ് ഫലാഹിന്റെ ദൗത്യം. 213 വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അത്ലറ്റുകളെ വരവേല്‍ക്കുന്ന ഫലാഹ് ഫാല്‍ക്കണ്‍ എന്ന ഭാഗ്യരൂപമാണ്. പത്തു ദിവസങ്ങൡലായി 128 മത്സരഇനങ്ങളാണ് നടക്കുന്നത്.
വിവിധ വേദികളില്‍ കായികപ്രമികളുമായും കുടുംബാംഗങ്ങളുമായും കൂട്ടികളുമായെല്ലാം ആശയവിനിമയം നടത്തും. അവരുടെ സന്തോഷങ്ങളില്‍ പങ്കാളിയാവും. സ്പോര്‍ട്ടിങ് ക്യാമ്പുകള്‍, മാളുകള്‍, കോഫിഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ഫലാഹിന്റെ സാന്നിധ്യമുണ്ടാകുന്നു.
ഇതുവരെ 10,000ലധികം സെല്‍ഫികളാണ് ഫലാഹിനൊപ്പം എടുക്കപ്പെട്ടത്. അത്ലറ്റിക്സിന്റെ സന്ദേശവും ഖത്തരി മൂല്യങ്ങളും രാജ്യത്തെ പൗരന്മാര്ക്കും താമസക്കാര്‍ക്കുമിടയില്‍ പ്രചരിപ്പിക്കും. അത്ലറ്റിക്സ് ലോകചാമ്പ്യന്‍ഷിപ്പിന്റെ ഏറ്റവും കൃത്യവും അനുയോജ്യവുമായ മുഖമാണ് ഫലാഹെന്ന് പ്രാദേശിക സംഘാടകസമിതി മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ശൈഖ അസ്മ അല്‍താനി പറഞ്ഞു.
വേഗത, കാഴ്ചപ്പാട്, മുന്നില്‍നിന്നുകൊണ്ട് ലക്ഷ്യത്തിലേക്കുള്ള വേട്ട എന്നിവയെയെല്ലാം പ്രതിഫലിപ്പിക്കുന്നതാണ് ഫലാഹ് ഫാല്‍ക്കണ്‍. മത്സരങ്ങള്‍ നടക്കുന്ന ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഫലാഹ് ഫാല്‍ക്കണിന്റെ സാന്നിധ്യമുണ്ടാകും.
ഏറ്റവും മികച്ച ചാമ്പ്യന്‍ഷിപ്പിനായി ദോഹ സജ്ജമാണെന്ന് ഐഎഎഫ് വൈസ്പ്രസിഡന്റും സംഘാടകസമിതി വൈസ് ചെയര്‍മാനുമായ ദഹ് ലന് അല്‍ഹമദ് പറഞ്ഞു. സ്റ്റേഡിയങ്ങളും ഹോട്ടലുകളും മറ്റു സൗകര്യങ്ങളുമെല്ലാം സജ്ജമാണ്. ഖലീഫ സ്റ്റേഡിയത്തിലെ ശീതീകരണസംവിധാനം മികച്ചതാണെന്ന് ഐഎഎഎഫ് കൗണ്‍സില്‍ അംഗം ജോഫ് ഗാര്‍ഡനര്‍ പറഞ്ഞു.