in ,

ഐഎഎഎഫ് ലോക അത്‌ലറ്റിക്‌സ്: ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു

ദോഹ: ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ഐഎഎഎഫ് ലോകഅത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള ടിക്കറ്റ് വില്‍പ്പന മികച്ച രീതിയില്‍ പുരോഗമിക്കുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനിലൂടെ ടിക്കറ്റ് സ്വന്തമാക്കാനാകും.

ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലെ ട്രാക്കില്‍ സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ ആറുവരെയാണ് ചാമ്പ്യന്‍ഷിപ്പ്. 213ലധികം രാജ്യങ്ങളില്‍നിന്നുള്ള അത്‌ലറ്റുകള്‍ മത്സരരംഗത്തുണ്ടാകും. ലോകത്തൊട്ടാകെ കായികാസ്വാദകര്‍ ആവേശത്തോടെയാണ് ദോഹ അത്‌ലറ്റിക്‌സിനുള്ള ടിക്കറ്റുകള്‍ നേടുന്നത്. 60 റിയാല്‍ മുതലാണ് ടിക്കറ്റ് വില. പരമ്പരാഗത അറബ് മജ്‌ലിസ് സീറ്റ് ഉള്‍പ്പടെ വിവിധ വിഭാഗങ്ങളില്‍ ടിക്കറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ക്ക് നിരക്കിളവുണ്ടാകും.

കാറ്റഗറി എയില്‍ ഓപ്പണ്‍ സീറ്റിങാണ് ക്രമീകരിച്ചിരിക്കുന്നത്, 60 റിയാലാണ് ടിക്കറ്റ് നിരക്ക്. ഫോളോ യുവര്‍ ചാമ്പ്യന്‍- എ വിഭാഗത്തില്‍ നീക്കിവെച്ചിരിക്കുന്ന സീറ്റുകള്‍ക്ക് 150 റിയാലാണ് നിരക്ക്. ബി വിഭാഗത്തില്‍ 120 റിയാലാണ് ഫീസ്. ഫിനിഷ് ലൈന്‍ വിഭാഗത്തിലെ സീറ്റുകള്‍ പൂര്‍ണമായും വിറ്റുപോയി. ഈയിനത്തില്‍ 300 റിയാലായിരുന്നു ടിക്കറ്റ് നിരക്ക്. ഫാമിലി പാക്കേജില്‍ രണ്ടു മുതിര്‍ന്നവര്‍ക്കും രണ്ടു കുട്ടികള്‍ക്കുമാണ് പ്രവേശനം.

25ശതമാനം നിരക്കിളവുണ്ടാകും. ഗ്രൂപ്പ് പാക്കേജുമുണ്ട്. കുറഞ്ഞത് പത്തു പേര്‍ക്കും പരമാവധി 49പേര്‍ക്കും 15ശതമാനം നിരക്കിളവില്‍ ടിക്കറ്റ് ലഭിക്കും. അംഗപരിമിതര്‍ക്കും അവഗെ അനുഗമിക്കുന്നവര്‍ക്കും പ്രത്യേക ഓഫറുകളുണ്ടാകും. കോര്‍പ്പറേറ്റ് പാക്കേജുമുണ്ട്. കൂട്ടത്തോടെ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഡിസ്‌ക്കൗണ്ടുമുണ്ട്. ഐഎഎഎഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ടിക്കറ്റ് സ്വന്തമാക്കാം.

ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലും സിറ്റി സെന്ററിലും ടിക്കറ്റിങ് സ്റ്റാന്റുകളുമുണ്ട്. ചാമ്പ്യന്‍ഷിപ്പിനായി ഏറ്റവും മികച്ചതും അത്യാധുനികമായ സൗകര്യങ്ങളുമാണ് ദോഹയില്‍ സജ്ജമാക്കുന്നത്. മുന്‍നിര അത്‌ലറ്റുകളെ ദോഹയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ദഹ്‌ലന്‍ അല്‍ഹമദ് പറഞ്ഞു. രാജ്യാന്തര അത്‌ലറ്റിക് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

മിഡ്‌നൈറ്റ് മാരത്തോണും 4-400 മീറ്റര്‍ മിക്ഡസ് റിലേയുമാണ് ദോഹ അത്‌ലറ്റിക്‌സിന്റെ ഏറ്റവും പ്രധാന സവിശേഷത. ലോക അത്‌ലറ്റിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് 4-400 മീറ്റര്‍ മിക്ഡസ് റിലേ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 21വര്‍ഷമായി ഖത്തര്‍ ഐഎഎഫ് ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിച്ചുവരികയാണ്.

2019 ദോഹ അത്‌ലറ്റിക്‌സ് അവിസ്മരണീയമായ അനുഭവമാക്കാനാണ് ലക്ഷ്യമിടുന്നത്. ഖത്തറിന്റെ പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന ടൂര്‍ണമെന്റായിരിക്കുമിത്. വിവിധ രാജ്യങ്ങളില്‍നിന്നായി 3000ലധികം താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മെട്രോ സ്‌റ്റേഷനുകളില്‍ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍: അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 29

പുനരുപയോഗിക്കാന്‍ കഴിയുന്ന ആദ്യ ലോകകപ്പ് സ്റ്റേഡിയമായി റാസ് അബുഅബൗദ് സജ്ജമാകുന്നു