
യൂണിറ്റി ഖത്തര്‍ സംഘടിപ്പിച്ച സമൂഹ ഇഫ്താര്‍ സംഗമം ശൈഖ് അബൂഹനീഫ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ വിവിധ സംഘടനകളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് യൂണിറ്റി ഖത്തര്‍ ഗള്‍ഫ് ഹൊറിസോണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച സമൂഹ ഇഫ്താര്‍ ശ്രദ്ധേയമായി. ഇരുനൂറോളം പ്രവര്‍ത്തകരും നേതാക്കന്മാരും വ്യാപാര, വ്യവസായ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും സംഗമത്തില്‍ പങ്കെടുത്തു. പ്രമുഖ ഇസ്്ലാമിക പ്രഭാഷകനും പണ്ഡിതനുമായ ശൈഖ് അബൂഹനീഫ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രാര്‍ത്ഥനക്ക് ഏറ്റവും കൂടുതല്‍ ഉത്തരം ലഭിക്കുന്ന പുണ്യറമദാനിന്റെ വെള്ളിയാഴ്ച സുദിനത്തില്‍ സമുദായ ഐക്യസന്ദേശം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന പരിപാടികള്‍ എന്തുകൊണ്ടും പ്രശംസനീയവും അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുന്നതുമാണെന്ന് അബൂഹനീഫ പറഞ്ഞു. യൂണിറ്റി വൈസ് ചെയര്മാന് എം.പി. ഷാഫി ഹാജി അധ്യക്ഷത വഹിച്ചു.
യൂണിറ്റി ആക്ടിങ് ചീഫ് കോഓര്‍ഡിനേറ്റര്‍ എ.പി. ഖലീല്‍ സ്വാഗതംപറഞ്ഞു. സംഗമത്തില്‍ പങ്കെടുത്ത വിവിധ സംഘടനാ സാരഥികളെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് നടന്ന ചര്‍ച്ചയില്‍ കുട്ടായ്മയുടെ വിജയത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.
കെ.സി. അബ്ദുല്ലത്തീഫ്, ഹമദ് അബ്ദുറഹിമാന്, ബഷീര്‍ പുത്തുപാടം, ഇസ്മാഈല്‍ ഹുദവി, കെ.എന്‍. സുലൈമാന്‍ മദനി, കെ.ടി. ഫൈസല്‍ സലഫി, ഫൈസല്‍ കാരട്ടിയാട്ടില്‍, ഒ.എ. കരീം, ഇല്യാസ് മട്ടന്നൂര്‍, യു. ഷാനവാസ്, ഇ അബ്ദുല്‍ അസീസ്, തുടങ്ങിയ സംഘടനാ നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. യൂണിറ്റി കോഓര്‍ഡിനേറ്റര്‍ വി സി മഷ്ഹൂദ് ചര്‍ച്ചകള്‍ ക്രോഡീകരിച്ചു. ഫൈസല്‍ ഹുദവി ഖിറാഅത്ത് നടത്തി. യൂണിറ്റി ട്രഷറര്‍ കെ. മുഹമ്മദ് ഈസ്സ നന്ദി പറഞ്ഞു.