
ദോഹ: ചൈനയിലെ പ്രമുഖ ട്രാവല്‍ ട്രേഡ് ഷോ ആയ ഐടിബി ചൈന 2019ല്‍ ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ പങ്കെടുത്തു. മെയ് 15 മുതല്‍ 17വരെ ഷാങ്ഹായിലായിരുന്നു ഷോ. ഖത്തറിന്റെ പവലിയനില്‍ സന്ദര്‍ശകത്തിരക്കേറെയായിരുന്നു. ഖത്തര്‍ എയര്‍വേയ്‌സ്, ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനികള്‍, ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരുടെ പങ്കാളിത്തമുണ്ടായിരുന്നു.

ഖത്തറിനെ സംബന്ധിച്ചിടത്തോളം ചൈന സുപ്രധാന വിപണിയാണെന്ന് ദേശീയ ടൂറിസം കൗണ്‍സില്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ റാഷിദ് അല്‍ഖുറേസ് പറഞ്ഞു. ചൈനീസ് സഹകരണം കൂടുതല്‍ കെട്ടിപ്പെടുക്കാന്‍ ഇത്തരം പരിപാടികള്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഖത്തറിലെത്തിയ ചൈനീസ് സന്ദര്‍ശകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.

62,000ലധികം ചൈനീസ് സ്വദേശികളാണ് 2018ല്‍ ഖത്തര്‍ സന്ദര്‍ശിച്ചത്. തൊട്ടുമുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 38ശതമാനം വര്‍ധന. ചൈനയിലെ പങ്കാളികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ഖത്തര്‍ എയര്‍വേയ്‌സ് ചൈനയിലെ ആറു നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ബീജിങ്, ഷാങ്ഹായ്, ഗ്വാങ്ഷു, ചെങ്ദു, ചോങ്ക്വിങ്, ഹ്വാങ്ഷു എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്.