
ദോഹ: ഗായകനും ഗിറ്റാറിസ്റ്റുമായ വയനാട് സുല്‍ത്താന്‍ ബത്തേരി ടികെ അബ്ദുല്ല(70)(ഐവിസി അബ്ദുല്ല) ഖത്തറില്‍ നിര്യാതനായി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ഇന്നലെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. ഐസിസി പ്രസിഡണ്ട് എപി മണികണ്ഠന്, ഐസിബിഎഫ് പ്രസിഡണ്ട് പിഎന്‍ ബാബു രാജന് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ഭാര്യ: കോഴിക്കോട് കുറ്റിച്ചിറ എറമാക്കവീട്ടില്‍ ജമീല. മക്കള്‍: ബ്രിജിറ്റ്(സീമെന്‍സ്), ഷഹീന്(ഖത്തര്‍ ഗ്യാസ്). 44 വര്‍ഷമായി ഖത്തര്‍ പ്രവാസിയായ ഐവിസി സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഇന്റര്‍ നാഷണല്‍ വീഡിയോ സെന്റര്‍(ഐവിസി) എന്ന പേരില്‍ വീഡിയോ കാസറ്റ് വ്യാപാര സ്ഥാപനം നടത്തിയിരുന്നു. ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ് ഫിലിം ശേഖരമുള്ള ഖത്തറിലെ കാസറ്റ് ഷോപ്പായിരുന്നു ഇത്. പ്രവാസി ദോഹയുടെ പ്രവര്‍ത്തകനായ ഐവിസിയുടെ നിര്യാണത്തില്‍ ജനറല്‍ സെക്രട്ടറി പിഎ മുബാറക് അനുശോചിച്ചു.
കലാ ഹൃദയരുടെ രാജ്യാന്തര അംബാസിഡര്‍, അഥവാ ഐ വി സി
അശ്റഫ് തൂണേരി
ദോഹ
ഖത്തറിലെ കലാ സാംസ്കാരിക ലോകത്ത് സാന്നിധ്യമറിയിക്കുന്ന ഏതൊരാളോടും ഇന്നലെ ദോഹയില്‍ നിര്യാതനായ ടി കെ അബ്ദുല്ലയെ അറിയുമോ എന്ന് ചോദിച്ചാല്‍ ഉടന്‍ മറുപടി വരും. ഇല്ല എന്ന്. അവരറിയുന്ന അബ്്ദുല്ല ഇന്‍ര്‍നാഷണല്‍ വീഡിയോ സെന്ററിലൂടെ ഐ വി സി ആയി പരിവര്‍ത്തനം ചെയ്യപ്പെട്ട പ്രതിഭയാണ്. പല ദേശക്കാര്‍ക്കും പാശ്ചാത്യ സിനിമയുടേയും സംഗീതത്തിന്റേയും അംബാസിഡര്‍ ആയി മാറിയ സുല്ത്താന്ബത്തേരിക്കാരന്.
ഫരീജ് അബ്്ദുല്അസീസില് (ഇപ്പോള്‍ ആര്യാസ് റസ്റ്റോറന്റ് നിലനില്‍്ക്കുന്ന സ്ഥലത്തിനടുത്ത്) ആയിരുന്നു ഇന്റര്‍നാഷണല്‍ വീഡിയോ സെന്റര്‍ പ്രവര്‍ത്തിച്ചത്. ഇടക്കാലത്ത് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ സംഗീതാധ്യാപകനായി പ്രവര്‍ത്തിച്ച അബ്ദുല്ല നാലുപതിറ്റാണ്ടോളമായി ഖത്തറിന്റെ സാംസ്കാരിക ലോകത്ത് ശ്രദ്ധേയനാണ്. ഐ വി സിയെ തേടി മലയാളത്തിലേയും തെന്നിന്ത്യയിലേയും സിനിമാ സംവിധായകരും നടന്മാരും തിരക്കഥാകൃത്തുക്കളുമെല്ലാമെത്തി. പലര്‍ക്കും ലോക സിനിമകളുടെ ബാലപാഠമഭ്യസിപ്പിച്ച ഗുരുനാഥനായി അദ്ദേഹം മാറി.
”അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു, പ്രമുഖ നടനും സംവിധായകനുമായ ശ്രീനിവാസന്, സംവിധായകരായ ലാല്‍ജോസ്, രാജീവ് രവി തുടങ്ങിയ പലരുമായും അടുത്ത ബന്ധമാണ് ഐ വി സിക്ക് ഉണ്ടായിരുന്നത്. അവര്‍ ആഴ്ചകളോളം ഐ വി സിക്കൊപ്പം ചെലവഴിച്ചിരുന്നു.
ലോക സിനിമ ഇവര്‍ക്കൊക്കെ പരിചയപ്പെടുത്തുന്നതില്‍ അബ്ദുല്ല വഹിച്ച പങ്ക് വളരെ വലുതാണ്. ” അബ്ദുല്ലയുടെ സുഹൃത്തും സംഗീതജ്ഞനുമായ കരുണ്മേനോന് പറഞ്ഞു. വെസ്റ്റേണ്‍ മ്യൂസികില്‍ നല്ല അവഗാഹമുണ്ടായിരുന്ന അദ്ദേഹം ഗിറ്റാറിസ്റ്റായിരുന്നു. ഞങ്ങള്‍ ഇടക്കാലത്ത് തണ്ടര്‍ബേഡ്സ് എന്നൊരു ബാന്റ് നടത്തിയിരുന്നു. ദോഹയിലെ പ്രമുഖ ഹോട്ടലുകളിലെല്ലാം ഗാനവിരുന്ന് അവതരിപ്പിക്കുകയുണ്ടായി. അബ്്ദുല്ലയുടെ മകള്‍ ബ്രിജിറ്റ് ആയിരുന്നു കീ ബോഡ് വായിച്ചിരുന്നത് കരുണ്‍ വിശദീകരിച്ചു.
”വളരെ നിലവാരമുള്ള കുറേയധികം സംഗീത വിരുന്നുകള്‍ അദ്ദേഹം സംഘടിപ്പിച്ചിരുന്നത് ഓര്‍മ്മയുണ്ട്. മനോഹരമായ ഇംഗ്ലീഷില്‍ മറ്റു രാജ്യക്കാരോട് സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നു. വയനാട്ടിലെ പ്രമുഖ ലീഗ് നേതാവ് പി സി അഹ്മദ് ഖത്തറില്‍ സന്ദര്‍ശനത്തിന് വന്നപ്പോള്‍ അബ്്ദുല്ലയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിച്ചിരുന്നു.” മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ അഹ്്മദ് പാതിരിപ്പറ്റ ഐ വി സി യെ ഓര്‍ത്തെടുത്തു.
ആദ്യം കാണുമ്പോഴേ മുന്‍പേ പരിചയമുള്ള രീതിയിലായിരുന്നു അബ്ദുള്ള ഇടപെട്ടതെന്നാണ് അദ്ദേഹത്തോടൊപ്പം ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ പ്രവര്‍ത്തിച്ച പ്രമുഖ കാര്‍ട്ടൂണിസ്റ്റ് കരുണാകരന് പേരാമ്പ്രയുടെ പക്ഷം. ‘തന്റെ ഗിറ്റാറുമായി എത്ര നേരവും ഒരു ട്യുണിനായി കാത്തിരിക്കുന്നയാള്‍. ബത്തേരിയിലെ വീട്ടില്‍, ദോഹയിലെ കടല്‍ത്തീരത്ത്, ശാന്തിനികേതന്‍ സ്കൂളിലെ കലാമേളകളില്‍. പാടാനുള്ള ഒരു വേദിയുണ്ടെങ്കില്‍ അദ്ദേഹം മറ്റെല്ലാം ഉപേക്ഷിക്കും. ഐ സി സിയില്‍ ചന്ദ്രിക മുന്പത്രാധിപ സമിതിയംഗം ഹബീസിയുടെ അസമയം നോവല്‍ പ്രകാശന വേളയില്‍ ഐ വി സി ഗിറ്റാറില്‍ വായിച്ച ഈണത്തിന് ഞാന്‍ ചിത്രഭാഷ്യം നല്‍കിയത് അവിസ്മരണീയ അനുഭവമായിരുന്നു.’ കരുണാകരന് പറഞ്ഞു.