
ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി ബെനവെലന്റ് ഫോറത്തിന്റെ(ഐസിബിഎഫ്) നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
അബുഹമൂറിലെ മെഡിക്കല്‍ കമ്മീഷന്‍ പരിസരത്ത് രാവിലെ ഏഴര മുതല്‍ പന്ത്രണ്ടരവരെയായിരുന്നു ക്യാമ്പ്. പൊതുജനാരോഗ്യമന്ത്രാലയത്തിന്റെയും ഹമദ് ആസ്പത്രിയുടെയും സഹകരണമുണ്ടായിരുന്നു. ഐസിബിഎഫിന്റെ 40-ാമത്് സൗജന്യമെഡിക്കല്‍ ക്യാമ്പായിരുന്നു ഇത്. ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കമ്മീഷന്‍ മേധാവി മുഷിരി, ഡോ.കെ.സി. ചാക്കോ, ഐസിബിഎഫ് പ്രസിഡന്റ് പി.എന്‍.ബാബുരാജന്‍, മറ്റു കമ്യൂണിറ്റി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ ഡോ. കെ സി ചാക്കോയ്ക്ക് ഐസിബിഎഫ് പുരസ്‌കാരം സമ്മാനിച്ചു. അദ്ദേഹം സമൂഹത്തിന് നല്‍കിയ ദീര്‍ഘകാല സേവനങ്ങള്‍, മികച്ച സംരംഭങ്ങള്‍, ഐസിബിഎഫ് പരിപാടികളിലെ സജീവ പങ്കാളിത്തം എന്നിവയെല്ലാം കണക്കിലെടുത്താണ് പുരസ്‌കാരം. അംബാസഡര്‍ പി.കുമരന്‍ പുരസ്‌കാരവും മുഷിരി അഭിനന്ദനസര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. തുമാമ ഐഐസിസിയിലെ ഐസിബിഎഫ് ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്ന കൗണ്‍സലിങ് സെന്ററിന്റെ ഉദ്ഘാടനവും അംബാസഡര്‍ നിര്‍വഹിച്ചു. സമീര്‍ ഹസന്‍ മൂസയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും കൗണ്‍സലിങ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഖത്തറിലെ ആവശ്യം അര്‍ഹിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും സേവനം ലഭ്യമാക്കും. ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു മെഡിക്കല്‍ ക്യാമ്പ്. ക്യാമ്പിനായി 40ലധികം ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കി. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ ഖത്തര്‍ നഴ്‌സിങ് ജീവനക്കാരുടെ സേവനം ഉറപ്പാക്കി. 30ലധികം വൊളന്റിയര്‍മാരാണ് ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത്. വെല്‍കെയര്‍ ഗ്രൂപ്പ് ഫാര്‍മസ്യൂട്ടിക്കല്‍ പിന്തുണ ലഭ്യമാക്കി. ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ വൊളന്റിയര്‍മാരായി രജിസ്റ്റര്‍ ചെയ്ത് സേവനം അനുഷ്ടിച്ചു. ബിര്‍ള പബ്ലിക് സ്‌കൂള്‍, ശാന്തിനികേതന്‍ സ്‌കൂള്‍, എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ എന്നിവയിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കര്‍ണാടക സംഘ ഖത്തറിന്റെ സഹകരണവുമുണ്ടായിരുന്നു. ക്യാമ്പിന് ഐസിബിഎഫ് മെഡിക്കല്‍ ക്യാമ്പ് മേധാവി സെന്തില്‍ അതിബനും മാനേജിങ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി.