
ദോഹ: ബംഗളൂരുവില്‍നിന്നുള്ള നര്‍ത്തകി സിന്ധുനായരുടെ ഭരതനാട്യവും എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലെ 87 വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധങ്ങളായ ഡാന്‍സ് പരിപാടികളും ഐസിസി അശോക ഹാളില്‍ നടന്നു. എല്ലാ ബുധനാഴ്ചകളിലും ഐസിസി സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളുടെ ഭാഗമായിട്ടായിരുന്നു നൃത്തപ്രകടനങ്ങള്‍ നടന്നത്. 200ലധികം പേരാണ് പരിപാടികള്‍ ആസ്വദിക്കാനെത്തിയത്. എംഇഎസ് വിദ്യാര്‍ഥികള്‍ ഫ്യൂഷന്‍ ഒപ്പന, ഫ്യൂഷന്‍ തീമാറ്റിക് ഡാന്‍സ്, സംഘഗാനം തുടങ്ങിയവ അവതരിപ്പിച്ചു. സൗജന്യ പ്രവേശനമായിരുന്നു.

വഴവൂര്‍ ശൈലിയിലുള്ള ഭരതനാട്യത്തിലൂടെ പ്രശസ്തയായാണ് സിന്ധു. കര്‍ണാടക, തമിഴ്‌നാട്, കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ വിവിധ വേദികളില്‍ ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്. നാട്യകല കിരണ, നാട്യകല ഭാരതി, പ്രതിഭാ പുരസ്‌കാര തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സിന്ധു നായര്‍ക്കും എംഇഎസ് ഇന്ത്യന്‍ സ്‌കൂളിനും ഐസിസി മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന്‍ സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി അന്‍ജന്‍ ഗാംഗുലി പരിപാടി നിയന്ത്രിച്ചു. കള്‍ച്ചറല്‍ സെക്രട്ടറി നയന വാഗ് ആര്‍ട്ടിസ്റ്റുകളെ പരിചയപ്പെടുത്തി.