
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി) സ്കില്‍സ് ഡെവലപ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സംഗീതപരിപാടി ആകര്‍ഷകമായി. എല്ലാ ബുധനാഴ്ചകളിലും ഐസിസിയില്‍ നടത്താന്‍ തീരുമാനിച്ച സംഗീതപരിപാടിയുടെ ഭാഗമായാണ് ജേര്‍ണി ഓഫ് രാഗാസ് എന്ന പേരില്‍ കഴിഞ്ഞദിവസം അശോക ഹാളില്‍ പ്രത്യേക പ്രോഗ്രാം അരങ്ങേറിയത്.
150ഓളം പേര് പരിപാടി ആസ്വദിക്കാനെത്തിയിരുന്നു. മജ്ഞരി ദേശ്പാണ്ഢെ, ശ്രുതി തംഗിരല, പ്രസാദ് ദേശ്മുഖ്, മാനസി വഷികര്, അനു പാണ്ഢെ, ശ്രീലഷ്മി സുരേഷ്, മോമി ബന്ദോപാദ്ധ്യയ്, സജ്ഞയ് പ്രധാന് എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്. തബല-റിഥം വിദഗ്ദ്ധരായ സന്തോഷ് കുല്‍ക്കര്‍ണി, അവിനാശ് ദേശ്പാണ്ഢെ, അവിനാഷ് ഗെയ്ക്ക്വാദ്, പ്രജ്ഞലി മുലിക് എന്നിവരുടെ പിന്തുണയുണ്ടായിരുന്നു.
രശ്മി വെയ്ന്ഗന്കര് കീബോര്‍ഡ് നിയന്ത്രിച്ചു. ഗായത്രി മോഡക്കായിരുന്നു ഷോ നിയന്ത്രിച്ചത്. പരിപാടി അവതരിപ്പിച്ച എല്ലാ കലാകാരന്മാര്ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സ്കില്‍സ് ഡെവലപ്മെന്റ് സെന്ററിനും ഉപഹാരം സമ്മാനിച്ചു. ഐസിസി ജോയിന്റ് സെക്രട്ടറി അന്ജന് ഗാംഗുലി, വൈസ് പ്രസിഡന്റ് വിനോദ് നായര്‍, കള്‍ച്ചറല്‍ സെക്രട്ടറി നയന വാഗ് തുടങ്ങിയവര്‍ നേതൃത്വം നല്കി.