കത്താറയില്‍ സംഗീതപരിപാടി ഇന്ന്; ദുഖാനില്‍ 28ന്

ദോഹ: ഖത്തര്‍- ഇന്ത്യ സാംസ്കാരിക വര്‍ഷാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി) സംഘടിപ്പിക്കുന്ന ഹിന്ദുസ്ഥാനി ഉപകരണ സംഗീത സായാഹ്നം നാളെ(ആഗസ്ത്27 ചൊവ്വ) വൈകുന്നേരം ഏഴിന് ഐസിസി അശോക ഹാളില്‍ നടക്കും.
ഇന്ത്യയില്‍ നിന്നുള്ള മൂന്നംഗ ഗ്രൂപ്പാണ് പരിപാടി അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്സിനെ(ഐസിസിആര്‍) പ്രതിനിധീകരിച്ചാണ് സംഘം ഖത്തറില്‍ ഷോ അവതരിപ്പിക്കുന്നത്. താളവാദ്യ ഉപകരണങ്ങളെ സംബന്ധിച്ചുള്ള നൂതന താളാത്മക സംഭാഷണങ്ങളിലൂടെ സംവേദനാത്മക വിവരണവും ഷോയുടെ ഭാഗമായിരിക്കും.
ദീബസ്മിത ഭട്ടാചാര്യ, സംഗീത ഭട്ടാചാര്യ(തന്ത്രികളടങ്ങിയ ഇന്ത്യന്‍ സംഗീത ഉപകരണമായ തന്‍പുര വായിക്കുന്നതില്‍ അതിപ്രശസ്തര്‍), വിഖ്യാത തബലിസ്റ്റ് ദേബാജിത് പട്ടിടുണ്ഡി എന്നിവരാണ് ഷോക്കു നേതൃത്വം നല്‍കുന്നത്. സരോദില്‍ പ്രാവീണ്യമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച യുവകലാകാരികളിലൊരാളാണ് ദേബശ്മിത.
നാലാം വയസില്‍ സംഗീതയാത്ര തുടങ്ങിയ അവര്‍ ഇതിനോടകം നിരവദി അംഗീകാരങ്ങളും നിരൂപകപ്രശംസയും നേടിയെടുത്തിട്ടുണ്ട്. നാളത്തെ പരിപാടിയില്‍ സൗജന്യപ്രവേശനമാണ്. ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ സാംസ്കാരിക മന്ത്രാലയം, ഖത്തര്‍ മ്യൂസിയംസ് എന്നിവയുടെ സഹകരണമുണ്ട്. അതേസമയം ഈ ട്രൂപ്പിന്റെ പരിപാടി ഇന്ന് കത്താറയില്‍ നടക്കും.
കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ സഹകരണത്തോടെ കത്താറ ബില്‍ഡിങ് 16 ഡ്രാമാ തീയറ്ററിലാണ് പരിപാടി. ഇന്ത്യന്‍ സൊസൈറ്റി ദുഖാന്റെ സഹകരണത്തോടെ ദുഖാന് സിനിമയില്‍ ആഗസ്ത് 28ന് രാത്രി എഴിനും പരിപാടി നടക്കും.