റണ്‍റേറ്റ് കണക്കുകൂട്ടലിലെ തെറ്റു തിരുത്തിയതിനുശേഷമാണ് ഖത്തറിന് വെള്ളി മെഡല്‍ ലഭിച്ചത്

ദോഹ: സിംഗപ്പൂരില്‍ നടന്ന ഐസിസി ടി20 ലോകകപ്പ് ക്രിക്കറ്റ് ഏഷ്യ റീജിയണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സംഘാടകരുടെ പിഴവിനെത്തുടര്‍ന്ന് നഷ്ടമായ രണ്ടാം സ്ഥാനം റണ്‍റേറ്റ് കണക്കുകൂട്ടലിലെ തെറ്റു തിരുത്തിയതിനുശേഷം ഖത്തറിന് ലഭിച്ചു. ഖത്തര്‍ ക്രിക്കറ്റ് ടീം മാനേജര്‍ ഗുല്ഖാന് ജാദൂനിന്റെ സമയോചിതമായ ഇടപെടലാണ് ഖത്തറിന് അര്‍ഹിച്ച രണ്ടാംസ്ഥാനം ലഭിക്കാന്‍ സഹായകമായത്.
ഒരു മത്സരംപോലും തോല്‍ക്കാതെ ഏഴു പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയ സിംഗപ്പൂര്‍ ജേതാക്കളായി. രണ്ടു ജയവും രണ്ടു തോല്‍വിയുമായി ഖത്തറിനും നേപ്പാളിനും നാലു പോയിന്റാണ് ലഭിച്ചത്.
റണ്‍റേറ്റില്‍ ഖത്തറിനാണ് രണ്ടാം സ്ഥാനം ലഭിക്കേണ്ടിയിരുന്നതെങ്കിലും സംഘാടകര്‍ കണക്കുകൂട്ടിയതിലെ പിഴവിനെത്തുടര്‍ന്ന് നേപ്പാളിന് രണ്ടാംസ്ഥാനം അനുവദിക്കുകയും മെഡല്പോഡിയത്തില്വെച്ച് വെള്ളിമെഡല്‍ അവര്‍ക്ക് സമ്മാനിക്കുകയും ചെയ്തു. നെറ്റ്റണ്‍റേറ്റ് കണക്കാക്കിയതിലെ പിഴവ് മനസിലാക്കിയ ഖത്തര്‍ ക്രിക്കറ്റ് ടീം മാനേജര്‍ ജാദൂന് പിഴവ് സംഘാടകരുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഖത്തറിന്റെ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു. തെറ്റുമനസിലാക്കിയ സംഘാടകര്‍ ഖത്തര്‍ ടീമിനോടു ക്ഷമാപണം നടത്തുകയും ടൂര്‍ണമെന്റ് ഡയറക്ടര്‍ നതീഷ മാധ്യമങ്ങള്‍ക്കു മുമ്പാകെവെച്ച് ജാദൂനിന് വെള്ളിമെഡല്‍ കൈമാറുകയും ചെയ്തു. അതേസമയം നെറ്റ്റണ്‍റേറ്റ് കണക്കാക്കിയതിലെ പിഴവിനെത്തുടര്‍ന്ന് പോഡിയത്തില്വെച്ച് നേപ്പാളിന് വെള്ളിമെഡല്‍ നല്കിയ അബദ്ധം യുട്യൂബില്‍ വൈറലാകുകയും ചെയ്തു.
രണ്ടാംസ്ഥാനക്കാരെ നിര്‍ണയിക്കുന്നതില്‍ സിംഗപ്പൂരും നേപ്പാളും തമ്മിലുള്ള അവസാന മത്സരം നിര്‍ണായകമായിരുന്നു. രണ്ടുവിജയവും കുവൈത്തുമായുള്ള മത്സരം ഉപേക്ഷിച്ചതിലെ ഒരു പോയിന്റുമായി സിംഗപ്പൂര്‍ ഒന്നാംസ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. വിജയിച്ചാല്‍ മാത്രമെ നേപ്പാളിന് കിരീടം നേടാനാകുമായിരുന്നുള്ളു.
ഖത്തറിനെ പിന്തള്ളി രണ്ടാംസ്ഥാനത്തെത്തണമെങ്കില് വിജയമോ സമനിലയോ അതല്ലെങ്കില്‍ നെറ്റ്റണ്റേറ്റില് മുന്നേറുകയോ വേണമായിരുന്നു. എന്നാല്‍ നേപ്പാള്‍ സിംഗപ്പൂരിനോടു 82 റണ്‍സിനു തോല്‍ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംഗപ്പൂര്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. നെറ്റ് റണ്‍റേറ്റില്‍ ഖത്തറിനെ മറികടക്കണമെങ്കില്‍ നേപ്പാള്‍ മറുപടി ബാറ്റിങില്‍ 128 റണ്‍സ് സ്കോര്‍ ചെയ്യണമായിരുന്നു.
ലോകറാങ്കിങില്‍ 11-ാം സ്ഥാനത്തുള്ള നേപ്പാളിന് പക്ഷെ 109 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 15 ഓവറില്‍ നേപ്പാള്‍ ടീം ഓള്‍ഔട്ടാകുകയായിരുന്നു. ഖത്തര്‍ ക്രിക്കറ്റ് ടീം മാനേജര്‍ തന്റെ കണക്കുകൂട്ടല്‍ പൂര്‍ത്തിയാക്കുകയും നേപ്പാളീസ് ടീമിന്റെ ഇന്നിങ്സ് പൂര്‍ത്തിയാകാനായി കാത്തിരിക്കുകയുമായിരുന്നു.
109 റണ്‍സിനു അവര്‍ പുറത്തായതോടെ ഖത്തര്‍ രണ്ടാംസ്ഥാനം ഉറപ്പിച്ചു. പക്ഷെ സംഘാടകരുടെ കണക്കുകൂട്ടലിലെ ഭീമാബദ്ധത്തില്‍ നേപ്പാളിന് വെള്ളി മെഡല്‍ നല്‍കുകയായിരുന്നു. ഖത്തറിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് കാര്യങ്ങള്‍ ഖത്തറിന് അനുകൂലമായി മാറിയത്.
രാജ്യത്തിന്റെ അഭിമാനത്തിനായി പോരാടേണ്ടത് ടീം മാനേജര്‍ എന്ന നിലയില്‍ തന്റെ കടമായിരുന്നുവെന്ന് മത്സരശേഷം ദോഹയില്‍ തിരിച്ചെത്തിയ ജാദൂന് പറഞ്ഞു. അവസാന ലീഗ് മത്സരത്തില്‍ സിംഗപ്പൂര്‍ ബാറ്റിങ് പൂര്‍ത്തിയാക്കിയപ്പോള്‍തന്നെ നെറ്റ് റണ്‍റേറ്റുമായി ബന്ധപ്പെട്ട കണക്കുകൂട്ടലുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. മത്സരം പൂര്‍ത്തിയായതോടെ റണ്ണേഴ്സ് അപ്പായി ഖത്തറിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചത്.
എന്നാല്‍ നേപ്പാളിനെ പ്രഖ്യാപിച്ചത് തങ്ങളെ ഞെട്ടിച്ചു. അവര്‍ക്ക് മെഡല്‍ നല്‍കുകയും ചെയ്തു. സംഘാടകരുടെ തീരുമാനത്തില്‍ മാറ്റംവരുത്താന്‍ ശക്തമായ ഇടപെടലാണ് ഖത്തര്‍ നടത്തിയത്. പിന്നീട് ഖത്തറിനെ രണ്ടാംസ്ഥാനക്കാരായി പ്രഖ്യാപിക്കുകയായിരുന്നു.
തന്റെ അധികാപരിധിക്കുള്ളില്നിന്നുകൊണ്ട് ചെയ്യാനാകുന്നത് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. രണ്ടാംസ്ഥാനം ഖത്തറിന് ലഭിച്ചത് നല്ല നേട്ടമാണ്. ഭാവിചാമ്പ്യന്ഷിപ്പുകളിലേക്ക് മികച്ചതിനായി കഠിനാധ്വാനം നടത്താന്‍ സഹായിക്കുമെന്നും ജാദൂന് പറഞ്ഞു. ചാമ്പ്യന്‍ഷിപ്പ് കിരീടനേട്ടത്തോടെ സിംഗപ്പൂര്‍ യുഎഇയില്‍ നടക്കുന്ന ഗ്ലോബല്‍ യോഗ്യതാ ടൂര്ണമെന്റലേക്ക് യോഗ്യത നേടി.
നേരിട്ട് യോഗ്യത ലഭിച്ച സിംബാബ് വെയെ ഐസിസി സസ്പെന്‍ഡ് ചെയ്തതിനാല്‍ പകരക്കായി രണ്ടാംസ്ഥാനക്കാരായ ഖത്തറിന് യോഗ്യത ലഭിച്ചേക്കാം. ഐസിസിയുടെ സസ്പെന്ഷന് നീക്കാന്‍ സിംബാബ്വെക്കു സാധിച്ചില്ലെങ്കില്‍ ഖത്തറിന് യോഗ്യത ലഭിക്കും.