ആര്.റിന്‍സ്
ദോഹ

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ വാസ്തുശില്പ്പികളിലൊരാളായ ഐ.എം പെയിയുടെ ഏറ്റവും മികച്ച രൂപകല്‍പ്പനകളില്‍ ദോഹയിലെ മ്യുസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടും. ന്യുൂയോര്ക്ക് ടൈംസ് തെരഞ്ഞെടുത്ത അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ആറു രൂപകല്പ്പനകളിലാണ് ഖത്തറിലെ മിയയും ഇടംപിടിച്ചത്. പ്രിറ്റ്സ്കര്‍ പ്രൈസ് ജേതാവായ 102 കാരനായ പെയ് കഴിഞ്ഞദിവസമാണ് അന്തരിച്ചത്.
പെയിയുടെ ഏറ്റവും അവസാനത്തെ സാംസ്കാരിക കെട്ടിട രൂപകല്പ്പനയായിരുന്നു മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടിന്റേത്. 2008ലായിരുന്നു ഡിസൈന്‍ നിര്‍വഹിച്ചത്. ഇസ് ലാമിക് കലകളെക്കുറിച്ചുള്ള പരിമിതമായ അറിവുകളെ തന്റെ പക്കലുള്ളുവെന്ന് സ്വയം സമ്മതിച്ചാണ് പെയ് ഇത്തരമൊരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. ഒരു സംസ്കാരത്തെ അറിയാനും മനസിലാക്കാനുമുള്ള അവസരമായിക്കൂടി അദ്ദേഹം ഈ അവസരത്തെ കണ്ടു.

പ്രവാചകന് മുഹമ്മദി(സ)നെക്കുറിച്ചു ജീവചരിത്രം വായിച്ചുകൊണ്ടായിരുന്നു അദ്ദേഹം തന്റെ ഇസ്ലാമിക ഗവേഷണം തുടങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏറ്റവും മികച്ച ഇസ് ലാമിക് രൂപകല്പ്പനയിലധിഷ്ഠിതമായ കെട്ടിടങ്ങളില്‍ പര്യടനം നടത്തി. തുടര്‍ന്നായിരുന്നു ഡിസൈനിലേക്ക് കടന്നത്. സഞ്ചിത ബോക്സ് ഡിസൈനായിരുന്നു അദ്ദേഹം തയാറാക്കിയത്.
ദോഹ ഹാര്‍ബറിലെ ഒരു മനുഷ്യ നിര്‍മിത ദ്വീപായി മ്യൂസിയത്തെ വിഭാവനം ചെയ്യുകയായിരുന്നു. വളരെയധികം നിരൂപക പ്രശംസയും ലോക ശ്രദ്ധയും നേടിയ ഡിസൈനായിരുന്നു മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടിന്റേത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്നും വിരമിച്ചശേഷം 91-ാം വയസില്‍ ഖത്തറിന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരമായിരുന്നു അദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തത്.
പുരാതന ഇസ് ലാമിക് വാസ്തുവിദ്യയില്നിന്നായിരുന്നു പ്രചോദനം ഉള്‍ക്കൊണ്ടത്, പ്രധാനമായും കെയ്റോയിലെ ഇബ്നു തുലൂന് പള്ളിയില്‍ നിന്ന്. അഞ്ചുനിലകളിലുള്ള പ്രധാന കെട്ടിടത്തെ സമീപത്തുള്ള എജ്യൂക്കേഷന്‍ വിങുമായി വലിയ കോര്‍ട്ട്യാര്‍ഡ് മുഖേന ബന്ധിപ്പിച്ചിരിക്കുകയാണ്. പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യയില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് ചുണ്ണാമ്പുകല്ല് കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ മ്യൂസിയം പ്രകാശത്തിനും നിഴലിനുമനുസരിച്ച് മണിക്കൂറുകളില്‍ മാറ്റം വരുത്തുന്നുണ്ട്. ഇസ്ലാമിക ലോകത്തിന്റെ ജ്യാമിതീയ പാറ്റേണുകള്‍ അകത്തെ സ്ഥലത്തെ അലങ്കരിക്കുന്നു.
മരം, കല്ല് എന്നിവയുള്‍പ്പെടെ വിവിധങ്ങളായ അവശിഷ്ടങ്ങളും വസ്തുക്കളും മ്യൂസിയത്തിലെ അതിശയകരമായ ശേഖരങ്ങളിലേക്ക് അനന്യമായ ഒരു അന്തരീക്ഷം ഉണ്ടാക്കിയിട്ടുണ്ട്. പെയുടെ നിര്യാണത്തില്‍ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് അനുശോചിച്ചു. അദ്ദേഹത്തിന്റെ പൈതൃകം മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ടിലൂടെ ജീവിക്കുമെന്ന് മിയ ഡയറക്ടര്‍ ഡോ. ജൂലിയ ഗൊന്നെല്ല ്അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കൊളറാഡോയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫെറിക് റിസര്‍ച്ച്, ന്യുയോര്‍ക്കിലെ എവേര്സണ് മ്യൂസിയം ഓഫ് ആര്‍ട്ട്, വാഷിങ്ടണ്‍ ഡിസിയിലെ നാഷണല്‍ ഗ്യാലറി ഓഫ് ആര്‍ട്ട്സിന്റെ കിഴക്കന്‍ കെട്ടിടം, പാരീസിലെ ലൗവ്റെ മ്യൂസിയത്തിനു മുന്നിലുള്ള ഗ്ലാസ് പിരമിഡ്, ഒഹിയോയിലെ ക്ലീവ്ലന്‍ഡിലുള്ള റോക്ക് ആന്റ് റോള്‍ ഹാള്‍ ഓഫ് ഫെയിം മ്യൂസിയം എന്നിവയാണ് ന്യുയോര്‍ക്ക് ടൈംസ് പട്ടികയില്‍ ഇടം നേടിയ ഐ.എം.
പെയുടെ മറ്റു അഞ്ചു രൂപകല്‍പ്പനകള്‍. ചൈനയില്‍ ജനിച്ച പെയ് അമേരിക്കയിലെ മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഹാര്‍വഡിലെ ഡിസൈന്‍ സ്കൂളിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.ന്യുയോര്‍ക്കില്‍ പ്രവര്‍ത്തിക്കവെ താഴ്ന്ന വരുമാനക്കാര്‍ക്കായി പെയ് രൂപകല്‍പ്പന ചെയ്ത വീടുകള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു.
ഇതേത്തുടര്‍ന്നാണ് മുന്‍ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ മിത്തറാംഗിന്റെ ക്ഷണപ്രകാരം 1983ല്‍ ലൗവ്റെ മ്യൂസിയത്തിന്റെ നവീകരണത്തിനു രൂപകല്‍പ്പന നിര്‍വഹിച്ചത്. മാന്‍ഹട്ടണിലെ ജേക്കബ് ജെവിറ്റ്സ് കണ്വന്ഷന് സെന്റര്‍, ഡാലസിലെ മോര്‍ട്ടണ്‍ മെയ്സണ്‍ സിംഫണി സെന്റര്‍, ഹോങ്കോങിലെ ബാങ്ക് ഓഫ് ചൈനാ ടവര്‍, ജപ്പാനിലെ ക്യോട്ടോയ്ക്കു സമീപമുള്ള മിഹോ മ്യൂസിയം ഉള്‍പ്പടെയുള്ളവ പെയുടെ സവിശേഷമായ രൂപകല്‍പ്പനകള്‍ക്ക് ഉദാഹരണങ്ങളാണ്.
അദ്ദേഹം ഡിസൈന്‍ ചെയ്ത മ്യൂസിയങ്ങള്‍, മുനിസിപ്പല്‍ കെട്ടിടങ്ങള്‍, ഹോട്ടലുകള്‍, സ്കൂളുകള്‍ എന്നിവയെല്ലാം സവിശേഷ ശ്രദ്ധ നേടിയെടുത്തിരുന്നു.