
ആര്‍ റിന്‍സ്
ദോഹ
ഒന്‍പതാമത് ദേശീയ കായികദിനം ഇന്ന്. രാജ്യമെങ്ങളും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കായികദിനത്തോടനുബന്ധിച്ച് ഇന്ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ചില സ്ഥലങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റ് വീശാനുമിടയുണ്ട്. സമുദ പ്രവര്‍ത്തനങ്ങള്‍ക്കു പോകുന്നവര്‍ ജാഗ്രത പാലിക്കണം.
ശീത കാലാവസ്ഥയാണ് ഇന്ന് അനുഭവപ്പെടാന്‍ സാധ്യതയെന്നും കായികദിനത്തിലെ കാലാവസ്ഥാ സാധ്യതകള്‍ സംബ്ന്ധിച്ച റിപ്പോര്‍ട്ടില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. രാജ്യത്തെ പൊതുപാര്‍ക്കുകളിലും കളിസ്ഥലങ്ങളിലും പതിനായിരക്കണക്കിന് പേര്‍ കായികദാനാഘോഷങ്ങളില്‍ പങ്കാളികളാകും. എല്ലാവരെയും കായികദിന പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഖത്തര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്പോര്‍ട്സ് ക്ലബ്ബുകള്‍, അക്കാദമികള്‍, സ്‌കൂളുകള്‍ തുടങ്ങി നൂറിലധികം സ്ഥാപനങ്ങളുടെ പങ്കാളിത്തത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ഒമ്പത് വ്യത്യസ്ത മേഖലകളിലായിരിക്കും ഇന്നത്തെ പരിപാടികള്‍. ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, ടെന്നീസ്, തായ്ക്വോണ്ടോ, സൈക്ലിംഗ്, നീന്തല്‍, നടത്തം എന്നിവയും വിനോദ വ്യായാമ പ്രവര്‍ത്തനങ്ങളും പലഭാഗങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്. ഖത്തരി സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത ചാമ്പ്യന്‍ഷിപ്പുകള്‍ക്കും കായികദിനം ഊന്നല്‍ നല്‍കുന്നു.
പരമ്പരാഗത അല്‍ഷവാഹെഫ് റോവിങ് ചാമ്പ്യന്‍ഷിപ്പ്് ഖത്തറിന്റെ പുരാതന കായികപാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്. കായികത്തിനായി ഒരു ദിവസം നീക്കിവെച്ച ലോകത്തെ ആദ്യത്തെ രാജ്യം ഖത്തറാണ്. രാജ്യത്തിന്റെ എല്ലാ മേഖലകളിലും കായികദിനപ്രവര്‍ത്തനങ്ങള്‍ വിജയകരമായി സംഘടിപ്പിക്കുന്നതിനായുള്ള എല്ലാ തയാറെടുപ്പുകളും ദേശീയ സംഘാടകസമിതി പൂര്‍ത്തിയാക്കി. ഓരോ സ്ഥാപനങ്ങള്‍ക്കും പരിപാടികള്‍ക്കായി നിശ്ചിത സ്ഥലം അനുവദിച്ചിട്ടുണ്ട്.
ജനങ്ങളില്‍ ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജനപങ്കാളിത്തത്തോടെയാണ് രാജ്യം കായികദിനം ആഘോഷിക്കുന്നത്. ഫിഫ ക്ലബ്ബ് ലോകകപ്പ്, ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍, ആഫ്രിക്കന്‍ സൂപ്പര്‍ കപ്പ് ഉള്‍പ്പടെ ഈ വര്‍ഷം ഖത്തറില്‍ ഒട്ടേറെ മേഖലാ, രാജ്യാന്തര കായിക ചാമ്പ്യന്‍ഷിപ്പുകളാണ് നടക്കുന്നത്. അവയുടെ വിജയകരമായ സംഘാടനത്തിന് കായികദിനം ഉണര്‍വേകും. രാജ്യത്തെ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കമ്പനികളും സര്‍ക്കാര്‍ മന്ത്രാലയങ്ങളും സന്നദ്ധ സംഘടനകളും കായികദിനം ഒട്ടൊന്നാകെ ആഘോഷിക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാാക്കി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ശൈഖുമാരും വിശിഷ്ട വ്യക്തിത്വങ്ങളുമെല്ലാം കായികദിനത്തില്‍ അണി ചേരും. നടത്തവും കൂട്ടയോട്ടവുമെല്ലാം സംഘടിപ്പിച്ചിട്ടുണ്ട്. പ്രവാസി സംഘടനകളും കൂട്ടായ്മകളും കായികദിനത്തില്‍ പങ്കാളികളാകുന്നു. കെ.എം.സി.സി ഉള്‍പ്പടെയുള്ള പ്രവാസി സംഘടനകള്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് പാര്‍ക്ക്, അല്‍ബിദ, കത്താറ, ആസ്പയര്‍, ഏഷ്യന്‍ ടൗണ്‍, ലുസൈല്‍ സര്‍ക്യൂട്ട്, പേള്‍ ഖത്തര്‍, ദോഹ ഫയര്‍സ്റ്റേഷന്‍, ഷെറാട്ടണ്‍ ഹോട്ടല്‍ എന്നിവിടങ്ങളിലും രാജ്യത്തെ എല്ലാ പൊതുപാര്‍ക്കുകളിലും വേറിട്ട പരിപാടികള്‍ അരങ്ങേറും. സാംസ്‌കാരിക കായിക മന്ത്രാലയത്തിന്റെയും ഖത്തര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്റെയും(ക്യുഎസ്എഫ്എ) നേതൃത്വത്തിലാണ് ഔദ്യോഗിക പരിപാടികള്‍ നടക്കുക. എല്ലാത്തരം കായിക ഇനങ്ങളും ഇത്തവണ പരിപാടികളില്‍ ഇടംനേടിയിട്ടുണ്ട്. വിവിധ ഖത്തരി ക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് കായികമത്സരങ്ങള്‍ നടക്കും.
വ്യക്തിയുടേയും സമൂഹത്തിന്റെയും ജീവിതത്തില്‍ വ്യായാമത്തിന്റെയും കായിക വിനോദത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യമിടുന്നത്. കായിക വിനോദങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് രാജ്യം നല്‍കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള കായിക സൗകര്യങ്ങളും സുരക്ഷയുമാണ് കായിക ദിനത്തില്‍ ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗത്തിനും എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന വ്യത്യസ്തങ്ങളായ കായിക പരിപാടികളാണ് സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കായിക രംഗത്ത് ആഗോള തലത്തില്‍ തന്നെ വഴികാട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ് ഖത്തര്‍ എന്ന കൊച്ചുരാജ്യം. ഖത്തറിനെ മാതൃകയാക്കി ചില രാജ്യങ്ങള്‍ മേഖലാ, അന്തര്‍ദേശീയ തലങ്ങളില്‍ കായിക ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നു. ഒന്‍പത് വര്‍ഷത്തെ ആഘോഷങ്ങള്‍ ഖത്തറിന്റെ കായിക കാഴ്ചപ്പാടുകള്‍ പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്.
സമൂഹത്തില്‍ ഗുണഫലങ്ങള്‍ സൃഷ്ടിക്കാനായിട്ടുമുണ്ട്. 2011ല്‍ 80-ാം നമ്പര്‍ അമീരി പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ കായികദിനം ആചരിക്കുന്നത്. തൊട്ടടുത്തവര്‍ഷം മുതല്‍ രാജ്യം വിപുലമായി ആഘോഷിച്ചുവരുന്നു. എല്ലാവര്‍ഷവും ഫെബ്രുവരിയിലെ രണ്ടാം ചൊവ്വാഴ്ചയാണ് കായികദിനം. കേവലം ഒരു ദിവസത്തെ ചടങ്ങ് എന്നതിലുപരി വര്‍ഷം മുഴുവന്‍ തുടരുന്നതിനുള്ള പ്രതിബദ്ധതയിലൂന്നിയാണ് ഭരണകൂടം മുന്നോട്ടുപോകുന്നത്. കായികദിനപരിപാടികളില്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
ഓരോ സ്ഥാപനത്തിനും മികച്ച നിലവാരത്തിലുള്ള ആരോഗ്യകരമായ കായിക വിനോദങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടേയും പങ്കാളിത്തം ഉറപ്പാക്കണമെന്നും സുരക്ഷയിലും മത്സരാര്‍ഥികളുടെ ആരോഗ്യത്തിലും ശ്രദ്ധചെലുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രത്യേക പരിശീലനം നേടിയ കായിക വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് പരിപാടികള്‍. ഏറ്റവും മികച്ച കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ സ്ഥാപനങ്ങളും സംഘടനകളും സജീവമാണ്.
ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനില്‍
വിപുലമായ കായികദിന പരിപാടികള്‍
ദോഹ: രാജ്യത്തെ 18ലധികം പൊതു സ്വകാര്യ സ്ഥാപനങ്ങളുടെ കായികദിന പരിപാടികള്‍ ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനില്‍ നടക്കും. സാമൂഹ്യസ്ഥാപനങ്ങളുടെ പരിപാടികളും ഇവിടെ നടക്കും. ലോകനിലവാരത്തിലുള്ള സൗകര്യങ്ങളില്‍ കായികദിനപരിപാടികളില്‍ പങ്കാളികളാകാനുള്ള അവസരമാണ് കായികാസ്വാദകര്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്.
ആസ്പയര്‍ ലോജിസ്റ്റിക്‌സ്, ആസ്പയര്‍ അക്കാഡമി, ആസ്‌പെറ്റര്‍ എന്നിവയുടെ സഹകരണവും പരിപാടികള്‍ക്കുണ്ട്.ഈ വര്‍ഷം ആസ്പയറിലെ കായികദിനപരിപാടികള്‍ക്ക് ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്ക്, ഖത്തര്‍ ഗ്യാസ്, സ്‌പോര്‍ട്‌സ് കോര്‍ണര്‍, കിഡ്‌സാനിയ, ആസ്പയര്‍ ആക്ടീവ്, സാലേഹ് ഹമദ് അല്‍മനാ കമ്പനി എന്നിവയുടെ പിന്തുണയുണ്ട്. വൈവിധ്യമാര്‍ന്ന 20ലധികം പരിപാടികളാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്. ആസ്പയര്‍ പാര്‍ക്കില്‍ നടത്തത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവിധ പരിപാടികള്‍ ആസ്പയര്‍ഡോമില്‍ നടക്കും. ഓട്ടം, ഹാമര്‍ത്രോ, പോളിമെട്രിക് വെല്ലുവിളികള്‍ തുടങ്ങിയവയുണ്ടാകും.
എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും അനുയോജ്യമായ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. വലിയതോതിലുള്ള പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ആസ്പയറിന്റെ സ്‌പോര്‍ട്‌സ് സയന്‍സ് ആന്റ് ഫുട്‌ബോള്‍ പെര്‍ഫോമന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഷൂട്ടിങ്, ഡ്രിബ്ലിങ്, ഫിറ്റ്‌നസ് ചലഞ്ച്, ഫുട്‌ബോള്‍ മത്സരങ്ങള്‍ എന്നിവയെല്ലാം നടക്കും. പത്തുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ പരിപാടികളുമുണ്ടാകും. കുട്ടികള്‍ക്കായി ജിംനാസ്റ്റിക്‌സ്, വാള്‍ ക്ലൈംബിങ് എന്നിവയെല്ലാമുണ്ടാകും. ആസ്പയര്‍ ഡോമിലെ മള്‍ട്ടി പര്‍പ്പസ് ഹാള്‍- രണ്ടില്‍ രാവിലെ 10.30 മുതല്‍ ഉച്ചക്കുശേഷം മൂന്നുവരെ വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായുള്ള പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. പൂര്‍ണമായും സ്വകാര്യത ഉറപ്പാക്കിക്കൊണ്ടാണ് പരിപാടികള്‍.
രാജ്യമെമ്പാടുമുള്ള എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിക്കൂടിയാണ് കായികദിനത്തിലെ ആസ്പയര്‍സോണ്‍ ഫൗണ്ടേഷന്റെ പങ്കാളിത്തം. ഫൂട്ട് വോളിബോള്‍, റണ്‍ ആന്റ് ബൈക്ക്, ഒബ്‌സറ്റക്കിള്‍ കോഴ്‌സ് റേസ് എന്നിവയാണ് ഇത്തവണത്തെ മുഖ്യ ആകര്‍ഷണം.
ഒരു റണ്ണറും ബൈക്കറും ഉള്‍പ്പെട്ട ടീമാണ് റണ്‍ ആന്റ് ബൈക്കില്‍ പങ്കെടുക്കേണ്ടത്. ഒരാള്‍ ബൈക്കോടിക്കുമ്പോള്‍ ടീമംഗം ഓടണം. രണ്ടുപേരും ചേര്‍ന്ന് നാലു കിലോമീറ്ററാണ് പൂര്‍ത്തിയാക്കണ്ടത്.രാവിലെ പത്തിന് മത്സരങ്ങള്‍ തുടങ്ങും. ടോര്‍ച്ച് ഹോട്ടലിനും ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിനുമിടയിലായാണ് മത്സരം. മുന്‍വര്‍ഷങ്ങളിലെ ആസ്പയറിന്റെ ജനപ്രിയ പരിപാടിയായ ഫണ്‍ റണ്‍ ഉത്തവണയും സംഘടിപ്പിക്കുന്നുണ്ട്. പുരുഷന്‍മാര്‍, വനിതകള്‍, കുടുംബങ്ങള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം അംഗങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം.
കത്താറയില്‍ 54 പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ പരിപാടികള്‍
ദോഹ: ഒന്‍പതാമത് ദേശീയ കായിക ദിനാഘോഷത്തോട് അനുബന്ധിച്ചു കത്താറയില്‍ വിവിധ പരിപാടികള്‍ നടക്കും. ആയിരക്കണക്കിന് പേര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ വരവേല്‍ക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളും ക്രമീകരണങ്ങളുമാണ് കത്താറയില്‍ ഏര്‍പ്പെടുത്തുന്നത്. 17 കായിക ഫെഡറേഷനുകളും 15 മന്ത്രാലയങ്ങളും 14 ആരോഗ്യ സ്ഥാപനങ്ങളും ഭക്ഷ്യ കമ്പനികളും ഏഴു സ്വകാര്യ കമ്പനികളും ഉള്‍പ്പടെ 54 പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ ഇത്തവണ കത്താറയിലെ കായികദിനാഘോഷങ്ങളില്‍ പങ്കെടുക്കും. എല്ലാത്തരം കായികപ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി തിരക്കേറിയ പ്രോഗ്രാമാണ് കത്താറ തയാറാക്കിയിരിക്കുന്നത്. ത്തര്‍ ദേശീയ ദര്‍ശന രേഖ 2030ന്റെ ഭാഗമായി ആരോഗ്യമുള്ള ജീവിത ശൈലികളുടെ പ്രചരണം, ബോധവല്‍ക്കരണം എന്നിവയ്ക്കാണ് കായികദിനത്തില്‍ ഊന്നല്‍. എല്ലാ കായിക വിനോദങ്ങളിലും പങ്കെടുക്കാനുള്ള സൗകര്യം കത്താറയില്‍ ഒരുക്കുന്നുണ്ട്. ആരോഗ്യവും വിനോദവും നിറഞ്ഞ അന്തരീക്ഷമാണു കത്താറയില്‍ ക്രമീകരിക്കുന്നത്.
കായികദിനത്തിന്റെ ഒന്‍പതാം പതിപ്പില്‍ കത്താറയില്‍ സവിശേഷമായ പുതിയ പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. രാവിലെയും വൈകുന്നേരവുമായി ഖത്തര്‍ എയര്‍സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ എയര്‍ഷോ കത്താറയുടെ ആകാശത്തുണ്ടാകും. ഖത്തര്‍ ഡൗണ്‍ സിന്‍ഡ്രോം അസോസിയേഷന്‍ പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്കായി വിവിധങ്ങളായ പരിപാടികള്‍ നടത്തും. കത്താറ ബീച്ചില്‍ സമുദ്ര മത്സരങ്ങളും മറ്റു ആകര്‍ഷകമായ പരിപാടികളും നടക്കും. ധാരാളം കായിക ഫെഡറേഷനുകളുടെ പങ്കാളിത്തത്തിലൂടെ കായികപ്രേമികള്‍ക്ക് വിവിധ ഗെയിമുകളിലും മത്സരങ്ങളിലും പങ്കാളികളാകാനാകും. ബോക്‌സിങ്, ഗുസ്തി, ടെന്നീസ്, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ഫുട്‌ബോള്‍, സെയ്‌ലിങ്, റോവിങ്, ടേബിള്‍ ടെന്നീസ്, റഗ്ബി എന്നിവയെല്ലാം നടക്കും. സ്‌കൗട്ട് ആന്റ് ഗൈഡ് അസോസിയേഷന്റെ മാര്‍ച്ചുമുണ്ടാകും. വാണിജ്യ വ്യവസായ മന്ത്രാലയം. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയം, കഹ്‌റമ, ഹമദ് ഫൗണ്ടേഷന്‍ എന്നിവയും കത്താറയിലെ കായികപരിപാടികളില്‍ പങ്കാളികളാകും. പതിനഞ്ച് ഹെല്‍ത്ത് സെന്ററുകളുടെ പങ്കാളിത്തവുമുണ്ടാകും. പൊതുജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കും. ആരോഗ്യ അവബോധം വര്‍ധിപ്പിക്കല്‍, ആരോഗ്യ കണ്‍സള്‍ട്ടേഷനുകള്‍, പരിശോധനകള്‍ എന്നിവയുണ്ടാകും.
അല്‍ബയ്ത്ത് സ്‌റ്റേഡിയത്തിന്റെ ഔട്ട്‌ഡോര്‍ പാര്‍ക്ക് ഇന്ന് തുറക്കും
ദോഹ: 2022 ഫിഫ ലോകകപ്പ് സെമിഫൈനല്‍ മത്സരവേദിയായ അല്‍ ഖോര്‍ ‘അല്‍ ബയ്ത്ത്’ -സ്‌റ്റേഡിയത്തിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി ഇന്ന് തുറന്നുനല്‍കും. സ്്‌റ്റേഡിയത്തിന്റെ ഔട്ട്്‌ഡോര്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകും. 30 ഫുട്‌ബോള്‍ പിച്ചുകള്‍ക്കു തുല്യമായ വിസ്തീര്‍ണത്തിലാണ് ആധുനികസൗകര്യങ്ങളോടെയുള്ള ഹരിതപാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. സ്‌റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക് അടുത്തിട്ടുണ്ട്. ലോകകപ്പിനായി സജ്ജമാകുന്ന എട്ടു സ്റ്റേഡിയങ്ങളിലൊന്നാണിത്.