in

ഒന്‍പതാമത് ഹലാല്‍ ഫെസ്റ്റിവലില്‍ സന്ദര്‍ശകത്തിരക്കേറുന്നു

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടരുന്ന ഖത്തറിന്റെ കാര്‍ഷിക മൃഗസംരക്ഷണ പൈതൃകം പ്രതിഫലിപ്പിക്കുന്ന ഹലാല്‍ ഫെസ്റ്റിവലില്‍ സന്ദര്‍ശകത്തിരക്കേറുന്നു. വൈവിധ്യമാര്‍ന്ന ആടുകളുടെ സൗന്ദര്യമത്സരവും പ്രദര്‍ശനവു വിപണനവും ലക്ഷ്യമിട്ടുള്ള ഹലാല്‍ ഫെസ്റ്റിവലിന്റെ ഒന്‍പതാമത് എഡീഷനാണ് ഇത്തവണ നടക്കുന്നത്. കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഹലാല്‍ ബ്രീഡര്‍മാരെയും ഈ വ്യവസായ മേഖലയില്‍ താല്‍പര്യമുള്ളവരെയും ആകര്‍ഷിക്കുന്ന സുപ്രധാന പരിപാടിയായി ഫെസ്റ്റിവല്‍ മാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യത്യസ്തമായ പരിപാടികള്‍ ഉള്‍പ്പെടുത്തി ഓരോ പതിപ്പും പുതുമയുള്ളതാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തവണയും പുതിയ മത്സരങ്ങളും പരിപാടികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കത്താറ പൈതൃകഗ്രാമത്തിന്റെ തെക്കുഭാഗത്ത് ജൈവ കാര്‍ഷികോത്പന്നങ്ങളുടെ വിപണനവേദിയായ മഹാസീല്‍ സൂഖിനു സമീപത്തായാണ് ഹലാല്‍ ഫെസ്റ്റിവലിനും വേദി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ കുട്ടികളും കുടുംബങ്ങളുമായി നിരവധിപേരാണ് ഫെസ്റ്റിവലിനെത്തിയത്. ഗള്‍ഫ് മേഖലയിലെ ഏറ്റവും ജനപ്രിയ ആഘോഷപരിപാടികളിലൊന്നാണിത്.
വിവിധയിനം ആടുകളുടേയും ചെമ്മരിയാടുകളുടേയും സൗന്ദര്യമത്സരമാണ് പ്രധാന ആകര്‍ഷണം. വൈവിധ്യമാര്‍ന്ന സ്റ്റാളുകളുണ്ടാകും. ക്ഷീര, കന്നുകാലി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപിണനവും ഈ സ്റ്റാളുകള്‍ മുഖേന നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് ഒട്ടേറെപ്പേര്‍ എല്ലാവര്‍ഷവും ഹലാല്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനും ആസ്വദിക്കാനും എത്തുന്നുണ്ട്.
അല്‍ മസൈന്‍ എന്നപേരിലുള്ള ആടുകളുടെ സൗന്ദര്യമത്സരമാണ് മേളയുടെ മുഖ്യാകര്‍ഷണം. വിവിധതരം കന്നുകാലികളുടെ പ്രദര്‍ശനമായ ബാണ്‍സ് ആണ് മറ്റൊരാകര്‍ഷണം. ആടുകളെ ലേലത്തില്‍ വില്‍ക്കുന്ന അല്‍ മസാദ് ചന്തയും ഇതോടൊപ്പമുണ്ട്. ഖത്തറിലെ പഴയകാല ചന്തകള്‍ എങ്ങനെയായിരുന്നു എന്നറിയാനും ഫെസ്റ്റിവലില്‍ അവസരമുണ്ട്. കരകൗശലമേളയും പരമ്പരാഗത ഭക്ഷണമേളയും ഇതിനൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പരമ്പരാഗത മത്സരങ്ങളും അരങ്ങേറും. ചെമ്മരിയാടുകളുടെ ആലയങ്ങളുടെ അവതരണം (ഷീപ്പ് ബാണ്‍ പ്രസന്റേഷന്‍), കരകൗശലകൈത്തറി ഉത്പന്ന പ്രദര്‍ശനം, പരമ്പരാഗത ഭക്ഷ്യമേള, പരമ്പരാഗത കൂടാരങ്ങള്‍, ചികിത്സാ സേവനം എന്നിവയും മേളയുടെ ഭാഗമായി നടക്കുന്നു. ഖത്തറിന്റെ സംസ്‌കാരവും പൈതൃകവും നേരിട്ട് അനുഭവിക്കാനും അടുത്തറിയാനുമുള്ള അവസരമാണ്.
ഇത്തവണയും വര്‍ധിച്ച ജനപങ്കാളിത്തമാണുള്ളത്. കുതിരപ്പുറത്തും ഒട്ടകപ്പുറത്തുമുള്ള സവാരി തുടങ്ങി അനുബന്ധ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രഭാഷണങ്ങള്‍, ശില്‍പ്പശാലകള്‍, മത്സരങ്ങള്‍ എന്നിവയെല്ലാം സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വിനോദ പരിപാടികളും അരങ്ങേറും.
കാലികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പുരാതന സംസ്‌കാരത്തിന്റെ അറിവുകള്‍ പുതുതലമുറക്ക് പകര്‍ന്നുനല്‍കുന്നതിനും കഴിഞ്ഞുപോയ കാലത്തെ വര്‍ത്തമാന കാലവുമായി ബന്ധിപ്പിക്കുന്നതിനുമായാണ് കത്താറ ഇത്തരമൊരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വ്യാജ ഫോണ്‍കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

ഇസ്‌ലാഹി സെന്റര്‍: ഹുസൈന്‍ മുഹമ്മദ് പ്രസിഡണ്ട്, അന്‍ഫസ് നന്മണ്ട ജനറല്‍ സെക്രട്ടറി