
ദോഹ: ഖത്തര്‍ മ്യൂസിയംസിന്റെ(ക്യുഎം) ഖത്തര്‍- ഇന്ത്യ സാംസ്‌കാരികവര്‍ഷാഘോഷത്തിന് സമാപനം. ക്യുഎം ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍മയാസ ബിന്‍ത് ഹമദ് അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു പരിപാടികള്‍.
വാര്‍ഷിക സാംസ്‌കാരികപരിപാടിയുടെ വിജയകരമായ മറ്റൊരു പതിപ്പു കൂടി പൂര്‍ത്തിയാക്കാനായതായി ക്യുഎം അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ ഖത്തറിലും ഇന്ത്യയിലുമായി എക്‌സിബിഷനുകള്‍, ഉത്സവങ്ങള്‍, മത്സരങ്ങള്‍, പരിപാടികള്‍, ഫോട്ടോഗ്രഫി പ്രദര്‍ശനങ്ങള്‍ എന്നിവയെല്ലാം നടന്നു. ഇന്ത്യയും ഖത്തറും തമ്മിലുള്ള പരസ്പര ധാരണ, അംഗീകാരം, അഭിനന്ദനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രദ്ധാപൂര്‍വ്വം ക്യൂറേറ്റ് ചെയ്ത പരിപാടികള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്നായ ബോളിവുഡിന് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള ടിക്കറ്റ് ടു ബോളിവുഡ് പരിപാടിയോടെയാണ് ഖത്തറില്‍ സാംസ്‌കാരികവര്‍ഷാഘോഷങ്ങള്‍ക്ക് തുടക്കമായത്. ആധുനിക ഇന്ത്യയുടെ ഗാനം എന്നറിയപ്പെടുന്ന മണ്‍സൂണ്‍ വെഡ്ഡിംഗ് മ്യൂസിക്കല്‍ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ത്യയിലെ പരിപാടികള്‍ തുടങ്ങിയത്. വ്യത്യസ്ത ആശയങ്ങളെയും പ്രമേയങ്ങളെയും അടിസ്ഥാനമാക്കിയുള്ള വിവിധ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞ വര്‍ഷം നടന്നു. ഡല്‍ഹി കേന്ദ്രമായ രഖ്‌സ് മീഡിയ കളക്ടീവ് പതിമൂന്ന് ഇന്‍സ്റ്റലേഷനുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടിലെ മൂന്നു ഗ്യാലറികളാണ് ഇവ പ്രദര്‍ശിപ്പിച്ചത്. ഇതില്‍ രണ്ടെണ്ണം ദോഹ ഷോക്കായി പ്രത്യേകമായി തയാറാക്കിയതാണ്. ദോഹാസ് ഫോര്‍ ദോഹ, ടു പീപ്പിള്‍ എന്നിവ ബുര്‍ജ് ദോഹയില്‍ പ്രദര്‍ശിപ്പിച്ചു.
മുംബൈയില്‍ റസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി ഒരു മാസത്തെ വാസത്തിനുശേഷം തിരിച്ചെത്തിയ ഖത്തരി ആര്‍ട്ടിസ്റ്റ്് ഫറാജ് ദഹാമിന്റെ സൃഷ്ടികളുടെ പ്രദര്‍ശനം ഫയര്‍സ്റ്റേഷനില്‍ നടന്നു. ഇന്ത്യന്‍ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും സവിശേഷ പ്രദര്‍ശനം മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടില്‍ സംഘടിപ്പിച്ചു. ജനുവരി 18വരെ തുടരും. ഇന്ത്യയില്‍ നിന്നുള്ള അമൂല്യങ്ങളായ രത്‌നങ്ങളുടെ വൈവിവിധ്യമാര്‍ന്ന ശേഖരമാണ് പ്രദര്‍ശനത്തിലുള്ളത്. ഖത്തര്‍ മ്യൂസിയംസിന്റെ പക്കലുള്ള നൂറിലധികം മനോഹരമായ ശേഖരങ്ങളുമുണ്ട്. ഇതിനുമുമ്പ് പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത നിരവധി മാസ്റ്റര്‍പീസുകളും പ്രദര്‍ശനത്തിലുണ്ട്. മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ടിന്റെ സ്ഥിരം ശേഖരം, ഖത്തര്‍ നാഷണല്‍ മ്യൂസിയം, ഖത്തര്‍ മ്യൂസിയംസിന്റെ ഓറിയന്റലിസ്റ്റ് ശേഖരം എന്നിവയില്‍ നിന്നുള്ളവ പ്രദര്‍ശിപ്പിക്കും. ആഭരണങ്ങള്‍, രത്‌ന വസ്തുക്കള്‍, കടലാസ് സൃഷ്ടികള്‍, ഫോട്ടോഗ്രഫി എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടിന്റെ വിഖ്യാതമായ സ്വര്‍ണ- രത്‌ന സെറ്റ് ഫാല്‍ക്കണും വാരണാസിയില്‍ നിന്നുള്ള അതിശയകരമായ ഡയമണ്ട് നെക്ലേസും ഉള്‍പ്പെടുന്നു. നിക്കോളെറ്റ ഫാസിയോ, രീം അബൂഗസാല, തമാദൂര്‍ താരിഖ് അല്‍ശംലന്‍ എന്നിവരുടെ പിന്തുണയോടെ ഡോ.താര ദെസ്ജാര്‍ദിന്‍സാണ് പ്രദര്‍ശനം ക്യുറേറ്റ് ചെയ്തിരിക്കുന്നത്.
സവിശേഷമായ ഫോട്ടോഗ്രാഫി പ്രദര്‍ശനം കത്താറ കള്‍ച്ചറല്‍ വില്ലേജിലും സംഘടിപ്പിച്ചു. ‘സംസ്‌കാരങ്ങള്‍ കണ്ടുമുട്ടുന്നിടത്ത്: ഖത്തറും ഇന്ത്യയും തമ്മിലുള്ള ഒരു ഫോട്ടോഗ്രാഫിക് ഏറ്റുമുട്ടല്‍’ എന്ന പ്രമേയത്തിലായിരുന്നു പ്രദര്‍ശനം. ഡിസംബര്‍ 31വരെ കത്താറ കള്‍ച്ചറല്‍ വില്ലേജിലെ 18-ാം നമ്പര്‍ ഗ്യാലറിയില്‍ നടന്നു. ലഡാക്കിന്റെയും ദോഹയുടെയും ദൃശ്യഭംഗി പ്രതിഫലിപ്പിക്കുന്നതായിരുന്നു പ്രദര്‍ശനം. ഖത്തരി ഫോട്ടോഗ്രാഫര്‍മാരായ ഹമദ് അല്‍ ഷമ്മാരി, അയിഷ അല്‍സദാ എന്നിവര്‍ രണ്ടാഴ്ചകാലയളവില്‍ ഇന്ത്യയിലെ ലഡാക്കിലെ ഹിമാലയന്‍ മേഖലകളില്‍ യാത്ര ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണയും സാംസ്‌കാരിക ബന്ധവും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന പ്രചോദനാത്മകമായ ഒരു പോര്‍ട്ട്ഫോളിയോ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. പ്രദര്‍ശനത്തിലെ ഇന്ത്യന്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രണ്ട് ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരായ അജീഷ് പുത്തിയടത്ത്, സലിം അബ്ദുല്ല എന്നിവരെയും തെരഞ്ഞെടുത്തിരുന്നു. ഇവര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയത്.
പുരസ്‌കാരാര്‍ഹമായ മ്യൂസിക്കല്‍ ഷോ മുഗള്‍ ഇ-ആസാം ആയിരുന്നു ഈ വര്‍ഷത്തെ അവസാന പരിപാടി. ഇന്ത്യയിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്. ഖത്തറിലെയും ഇന്ത്യയിലെയും പ്രമുഖ സംരഭങ്ങളായ ഖത്തര്‍ എയര്‍വേയ്‌സ്, ദില്ലിയിലെ ഖത്തര്‍ എംബസി, ദോഹയിലെ ഇന്ത്യന്‍ എംബസി, ഖത്തര്‍ സാംസ്‌കാരിക, കായിക മന്ത്രാലയം, ഖത്തര്‍ ഫൗണ്ടേഷന്‍, കത്താറ, ദേശീയ ടൂറിസം കൗണ്‍സില്‍, ഖത്തര്‍ നാഷണല്‍ ലൈബ്രറി, ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുള്‍പ്പടെയുള്ളവയുമായി സഹകരിച്ചായിരുന്നു പരിപാടികള്‍.