Thursday, January 23

ഔഖാഫ് മന്ത്രാലയം രണ്ടാമത് ഇഹ്‌സാന്‍ സ്‌കൂള്‍ തുറന്നു

Spread the love

ദോഹ: ഔഖാഫ് ഇസ് ലാമിക കാര്യമന്ത്രാലയത്തിന്റെ രണ്ടാമത് ഇഹ്‌സാന്‍ സ്‌കൂള്‍ ദോഹയില്‍ തുറന്നു. വിവിധ കാരണങ്ങളാല്‍ ഖത്തറിലെ വിദ്യാഭ്യാസ അവസരങ്ങള്‍ നഷ്ടപ്പെടുന്ന അറബ് കുട്ടികള്‍ക്ക് ഈ സ്‌കൂളില്‍ വിദ്യാഭ്യാസം ലഭ്യമാക്കും. ഔഖാഫ്, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെയും എജ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്റെയും(ഇഎഎ) സംയുക്താഭിമുഖ്യത്തിലാണ് സ്‌കൂള്‍ തുറന്നിരിക്കുന്നത്.
ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഖത്തറില്‍ താമസിക്കുന്ന അറബ് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഖത്തറിലെ നോണ്‍ അറബ് കമ്യൂണിറ്റിയിലെ വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രായ, വിദ്യാഭ്യാസ വിടവ്, സാമ്പത്തിക തടസങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഉംഗുവൈലിനയില്‍ തുറന്ന പ്രഥമ ഇഹ്‌സാന്‍ സ്‌കൂളിന്റെ വിപുലീകരണമെന്ന നിലയിലാണ് രണ്ടാം സ്‌കൂള്‍.
ഉന്നത നിലവാരത്തില്‍ സൗജന്യ വിദ്യാഭ്യാസമായിരിക്കും സ്‌കൂള്‍ ലഭ്യമാക്കുക. മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കും. വിപുലമായ സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും സ്‌കൂളില്‍ ക്രമീകരിച്ചിട്ടുണ്ട്. ഖത്തര്‍ ചാരിറ്റിയുടെയും അഫീഫ് ചാരിറ്റിയുടെയും പിന്തുണയുണ്ട്. രാജ്യത്ത് ഒരു കുട്ടിയും വിദ്യാഭ്യാസ സമ്പ്രദായത്തിന് പുറത്തുനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഖത്തറിന്റെ താല്‍പര്യമാണ് പുതിയ സ്‌കൂള്‍ തുറന്നതില്‍ പ്രതിഫലിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ഹമ്മാദി പറഞ്ഞു. അറബി രഹിത ഭാഷ സംസാരിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക കരിക്കുലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രഥമ ഇഹ്‌സാന്‍ സ്‌കൂള്‍ തുറന്നത്.