in ,

കടലാമകളെ സംരക്ഷിക്കാന്‍ പദ്ധതിയുമായി ഇഎസ്‌സി

ഹലൂല്‍ ദ്വീപില്‍ ഇഎസ്‌സി ശാസ്ത്ര ഗവേഷകന്‍ കടലാമയെ നിരീക്ഷണ വിധേയമാക്കുന്നു

ദോഹ: വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതിയുമായി ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ എന്‍വയോണ്‍മെന്റല്‍ സയന്‍സ് സെന്റര്‍(ഇഎസ്‌സി- പാരിസ്ഥിതിക ശാസ്ത്ര കേന്ദ്രം). ഖത്തര്‍ പെട്രോളിയത്തിന്റെ ധനസഹായത്തോടെയാണ് ഹോക്‌സ്ബില്‍ കടലാമകളെ സംരക്ഷിക്കുന്നതിനായുള്ള പദ്ധതി നടപ്പാക്കിവരുന്നത്.

പ്രത്യേക വിദഗ്ദ്ധരടങ്ങിയ ടീമാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഇഎസ്‌സി ഡയറക്ടര്‍ പ്രൊഫ. ഡോ.ഹമദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍സാദ് അല്‍കുവാരി പദ്ധതിക്ക് നേതൃത്വം നല്‍കുന്നു. ഖത്തരി തീരങ്ങളിലെ ഹോക്‌സ്ബില്‍ കടലാമകളെക്കുറിച്ച് 2002 മുതല്‍ ഖത്തര്‍ പെട്രോളിയവും ഇഎസ്‌സിയും പഠനങ്ങള്‍ നടത്തിവരുന്നുണ്ട്.

കടലാമകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. രാജ്യത്തിന്റെ വടക്കന്‍ തീരങ്ങളില്‍ പ്രത്യേകിച്ച് അല്‍ഗാരിയ, അല്‍മഫ്‌യര്‍, അല്‍മുറൂന, അല്‍ഹുവൈല തീരങ്ങളിലും ഹലുല്‍, ഷരീവു, റാസ് രഖന്‍, ഉംതെയ്‌സ് എന്നീ ദ്വീപുകളിലും കാണപ്പെടുന്ന അപൂര്‍വയിനം കടലാമകളുടെ സംരക്ഷണവും പരിപാലനവുമാണ് പദ്ധതിയുടെ ലക്ഷ്യം.

ഇഎസ് സിയില്‍ നിന്നുള്ള ശാസ്ത്രസംഘമാണ് ഇവിടങ്ങളിലെ കടലാമകളെ നിരീക്ഷണ വിധേയമാക്കുന്നത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നുള്ള നിരീക്ഷകരുള്‍പ്പെട്ട ടീമിന്റെ സഹകരണവുമുണ്ട്. ഈ വര്‍ഷം ഇതാദ്യമായി ഹലൂല്‍ ദ്വിപീല്‍ കടലാമകള്‍ക്കുമേല്‍ സാറ്റലൈറ്റ് ട്രാന്‍സ്മിറ്ററുകള്‍ വിന്യസിക്കും.

ഗള്‍ഫില്‍ അവയുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനും സ്വഭാവസവിശേഷതകള്‍ മനസിലാക്കുന്നതിനുമായാണിത്- ഇഎസ്‌സി ഗവേഷകന്‍ ഷഫീഖ് ഹംസ പറഞ്ഞു. ഹലൂല്‍ ദ്വീപിലെ നെസ്റ്റിങ് ബീച്ചുകള്‍ വേലികെട്ടി തിരിച്ചിട്ടുണ്ട്. ഹലൂല്‍ ഓഫ്‌ഷോര്‍ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ദ്വീപ്.

കടലാമകളുടെ വംശനാശ ഭീഷണി കണക്കിലെടുത്ത് കടലില്‍ ഇവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തീരത്തെ മുട്ടകള്‍ സംരക്ഷിക്കുന്നതിനും പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മെയ് 16ന് ദോഹ മെട്രോയിലൂടെ യാത്ര നടത്തിയത് 68,725 പേര്‍

ദായേന്‍ മുനിസിപ്പാലിറ്റിയില്‍ ഭക്ഷ്യഔട്ട്‌ലെറ്റുകളില്‍ പരിശോധന