in , , ,

കണ്ണീര്‍ ബാല്യങ്ങള്‍; ഫലസ്തീന്‍ നോവുകളുടെ പ്രദര്‍ശനം കത്താറയില്‍

കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടരുന്ന നമീര്‍ ഖാസിമിന്റെ കലാപപ്രദര്‍ശനത്തില്‍ നിന്ന്

ദോഹ: ഫലസ്തീന്‍ കൂട്ടികള്‍ നേരിടുന്ന ദുര്‍ഘടമായ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സവിശേഷമായ കലാപ്രദര്‍ശനത്തിനു കത്താറയില്‍ തുടക്കമായി. ഫലസ്തീന്‍ വിഷ്വല്‍ ആര്‍ട്ടിസ്റ്റ് നമീര്‍ ഖാസെമിന്റെ പ്രദര്‍ശനം കത്താറയിലെ 18-ാം നമ്പര്‍ ബില്‍ഡിങിലാണ് നടക്കുന്നത്. സസ്പീഷന്‍ എക്‌സിബിഷന്‍ എന്നു പേരിട്ടിരിക്കുന്ന കലാപ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി, ഖത്തറിലെ ഫലസ്തീന്‍ അംബാസഡര്‍ മുനീര്‍ ഗന്നാം, നയതന്ത്രദൗത്യസംഘങ്ങളുടെ പ്രതിനിധികള്‍, മാധ്യമപ്രതിനിധികള്‍, മറ്റു അതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നമീര്‍ ഖാസിമിന്റെ വ്യക്തിഗത പ്രദര്‍ശനമാണിത്. എല്ലാ കലാസൃഷ്ടികളിലും പ്രധാനപങ്ക് വഹിക്കുന്ന ഘടകമായി ബാഗിനെയാണ് നമീര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ആശയപരമായ കലാശൈലിയില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടാണ് സൃഷ്ടികള്‍. സ്‌കൂള്‍ ബാഗ് കൈവശം വച്ചുകൊണ്ട് രക്തസാക്ഷിത്വം വരിച്ച നാദിം നവാരക്കും ഫലസ്തീന്‍ രക്തസാക്ഷികള്‍ക്കും കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത തടവുകാര്‍ക്കുമുള്ള സമര്‍പ്പണമാണ് ഈ പ്രദര്‍ശനം.

നമീര്‍ ഖാസിം കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തിക്കൊപ്പം


2014 മെയ് 15 ന് വെസ്റ്റ് ബാങ്ക് ഗ്രാമമായ ബീതൂണിയയില്‍ നടന്ന നഖ്ബ ദിന പ്രതിഷേധത്തിനിടെയാണ് ഫലസ്തീന്‍ കൗമാരക്കാരനായ നാദിം നവര കൊല്ലപ്പെട്ടത്. നാദിം യാതൊരു പ്രപോകപനവും സൃഷ്ടിച്ചില്ലെന്നു മാത്രമല്ല നിരായുധനുമായിരുന്നു. കയ്യില്‍ സ്‌കൂള്‍ ബാഗ് മാത്രമാണുണ്ടായിരുന്നത്. പാഞ്ഞുവന്ന ഒരു വെടിയുണ്ട നാദിമിന്റെ ജീവനെടുക്കുകയായിരിന്നു. ആ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് നമീര്‍ ഈ കലാസൃഷ്ടികളിലേക്ക് തിരിഞ്ഞത്. വിഭജനത്തിന്റെയും കുറ്റാരോപണങ്ങളുടെയും അടിച്ചമര്‍ത്തലിന്റെയും കാരണമായി ബാഗുകള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് പ്രദര്‍ശനം ചര്‍ച്ച ചെയ്യുന്നത്. പ്രദര്‍ശനത്തിലുള്ള പത്ത് പെയിന്റിങുകളും ബാഗുകളെ കേന്ദ്രീകരിച്ചാണ്. 1948, 1967 എന്നീ വര്‍ഷങ്ങള്‍ രേഖപ്പെടുത്തിയ ബാഗ് പെയിന്റിങുകള്‍ ഫലസ്തീന്‍ ചരിത്രത്തിലെ ഇരുണ്ടതും ദുരന്തവുമായ രണ്ട് കാലഘട്ടങ്ങളെ പരാമര്‍ശിക്കുന്നതാണ്. ലക്ഷക്കണക്കിന് ഫലസ്തീനികളെ വീടുകളില്‍ നിന്നും നിര്‍ബന്ധിതമായി നാടുകടത്തുകയും ഗ്രാമങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കാലഘട്ടമാണ് ഇതില്‍ അടയാളപ്പെടുത്തുന്നത്.

കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടരുന്ന നമീര്‍ ഖാസിമിന്റെ കലാപപ്രദര്‍ശനത്തില്‍ നിന്ന്


ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള മാര്‍ഗമാണ് ബഹുതലസ്പര്‍ശിയും വിവിധ ആകൃതികളിലും വര്‍ണാഭമായതുമായ ബാഗുകളെന്ന് നമീര്‍ ചൂണ്ടിക്കാട്ടി. ഞങ്ങള്‍ എവിടെ പോയാലും ഞങ്ങളോടൊപ്പം കൊണ്ടുപോകുകയും എല്ലാ നിമിഷങ്ങളും പൂര്‍ണ്ണമായി പങ്കിടുകയും ചെയ്യുന്നു. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ ബാഗ് നമ്മളെപ്പോലെയാണ്. ബാഗ് അതിന്റെ ഉടമയെപ്പോലെയാണ്. എന്നിരുന്നാലും, ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ബാഗ് ഒരു സുഖസൗകര്യത്തില്‍ നിന്ന് ഒരു വലിയ ഭാരമായി മാറുന്നു.
അധിനിവേശം ഏര്‍പ്പെടുത്തിയ ചെക്ക്പോസ്റ്റുകളും തടസ്സങ്ങളും കാരണം ബാഗ് ഉടമ സംശയാസ്പദമാകുന്ന സാഹചര്യമാണ്. ബാഗുകള്‍ കലാസൃഷ്ടിക്കായി തെരഞ്ഞെടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് നമീര്‍ വിശദീകരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളെ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി ടാര്‍ഗറ്റ് ചെയ്യപ്പെടുന്നതിനാല്‍ സ്‌കൂള്‍ ബാഗുകളെയാണ് നമീര്‍ തെരഞ്ഞെടുത്തത്. വിഭജനത്തെ അഭിമുഖീകരിക്കുന്നതിനാല്‍ ബാഗ് പൊതുവെ ഫലസ്തീനെയും പ്രത്യേകിച്ച് ജറുസലേമിനെയും പ്രതിനിധീകരിക്കുന്നതായും നമീര്‍ ചൂണ്ടിക്കാട്ടി. ഒറ്റപ്പെടലും നിയന്ത്രണങ്ങളും നേരിടുന്നവരെ പ്രതിഫലിപ്പിക്കുന്നു. ജറുസലേം നിവാസികള്‍ പ്രത്യേകിച്ചും കുട്ടികള്‍ അനുഭവിക്കുന്ന സ്ഥിരമായ ആരോപണങ്ങളെയും അന്വേഷണങ്ങളെയുമെല്ലാം പ്രതിനിധാനം ചെയ്യുന്നു. വിശുദ്ധ നഗരത്തിന്റെ യാഥാര്‍ഥ്യത്തെയും ആകാശത്ത് വ്യാപിക്കുന്ന പിരിമുറുക്കം നിരീക്ഷിക്കുന്നതിനുള്ള നിരീക്ഷണ ക്യാമറുകളുടെ പ്രകോപനത്തെയും തെരുവുകളില്‍ ചിരികളെ അടിച്ചമര്‍ത്തുന്നതിനെയും നിരന്തരമായ ആരോപണ ചക്രങ്ങളില്‍പ്പെടുത്തി ജനങ്ങളെ ഉപരോധിക്കുന്നതിനെയും എല്ലാവരെയും സംശയനിഴലില്‍ നിര്‍ത്തുന്നതിനെയുമെല്ലാം ചിത്രീകരിക്കുന്നതാണ് പ്രദര്‍ശനത്തിലെ കലാസൃഷ്ടികള്‍. ബില്‍ഡിങ് 18ലെ ഗ്യാലറി രണ്ടില്‍ ജനുവരി 14വരെ പ്രദര്‍ശനം തുടരും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

യു.പിയില്‍ പൊലീസ് നടത്തിയത് ആസൂത്രിത കലാപം: അഡ്വ.ഫൈസല്‍ ബാബു

ഖത്തര്‍ ഓപ്പണ്‍ ടെന്നീസ്: പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഇന്ന് മുതല്‍