in ,

കത്താറയിലെ ഈദ് ആഘോഷങ്ങള്‍ വേറിട്ട അനുഭവമായി; ആസ്വദിക്കാനെത്തിയത് ആയിരങ്ങള്‍

കത്താറയില്‍ ഈദുല്‍ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി നടന്ന വെടിക്കെട്ടിന്റൈ ദൃശ്യം

ദോഹ: ഈദുല്‍ അദ്ഹ ആഘോഷങ്ങളുടെ വര്‍ണക്കാഴ്ചകളൊരുക്കി കത്താറ കള്‍ച്ചറല്‍ വില്ലേജ്. ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളും വര്‍ണാഭമായ വെടിക്കെട്ടും ആസ്വദിക്കാനെത്തിയത് ആയിരങ്ങള്‍. കുട്ടികള്‍ക്കായി നിരവധി സമ്മാനങ്ങളും ഒരുക്കിയിരുന്നു.

എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പരിപാടികളായിരുന്നു കത്താറയില്‍ ഒരുക്കിയത്. പൊലീസ് മ്യൂസിക്കല്‍ ബാന്‍ഡിന്റെ സംഗീതപ്രകടനം ഈദുല്‍ അദ്ഹ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. നൂറു കണക്കിനു കുടുംബങ്ങളാണ് ദിവസവും ഉച്ച കഴിഞ്ഞതോടെ കത്താറയിലേക്ക് എത്തിയത്. ആഘോഷ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തം അനുഭവപ്പെട്ടു. എല്ലാ ദിവസവും വെടിക്കെട്ടും അരങ്ങേറി.

കുട്ടികള്‍ക്കു ഈദിയ്യ എന്ന തലക്കെട്ടില്‍ പെരുന്നാള്‍ സമ്മാനം നല്‍കുന്ന പതിവ് ഇത്തവണയും ആവര്‍ത്തിച്ചു. ഈദ് അവധി ദിനങ്ങളില്‍ നിരവധി കുരുന്നുകള്‍ക്കാണ് കത്താറയുടെ പെരുന്നാള്‍ സമ്മാനം ലഭിച്ചത്. മേഖലയിലെതന്നെ പ്രധാന വിനോദ കേന്ദ്രമെന്ന ഖ്യാതി നിലനിര്‍ത്തുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്കാണു കത്താറ ഇത്തവണയും വേദിയായത്.

കത്താറയില്‍ ഈദ് പരിപാടികള്‍ ആസ്വദിക്കാനെത്തിയ ജനക്കൂട്ടം

കത്താറയുടെ തീര ഭാഗത്തും, തീരത്തോടു ചേര്‍ന്നുള്ള നടപ്പാതകളിലുമെല്ലാം ജനക്കൂട്ടത്താല്‍ നിറഞ്ഞു.കുട്ടികള്‍ക്കു വേണ്ടിയുള്ള മല്‍സരങ്ങളും വിവിധ വിനോദപരിപാടികളും അരങ്ങേറി. വേനല്‍ ചൂടായിട്ടും പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു.

ബീച്ചില്‍ ജലകേളികളും നടന്നു. സന്ദര്‍ശകര്‍ക്കു ആശ്വാസത്തിനായി കുടിവെള്ളവും, ലഘുഭക്ഷണവും പതിവു പോലെ വിതരണം ചെയ്തു. ഇവിടത്തെ നിരവധി ഭക്ഷണ ശാലകളും, കഫെറ്റേരിയകളും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. എല്ലാ സന്ദര്‍ശകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന പരിപാടികളായിരുന്നു സവിശേഷത.

പോലീസ് ബാന്‍ഡിന്റെ സംഗീതപ്രകടനം ആസ്വദിക്കുന്നവര്‍

സന്ദര്‍ശകര്‍ക്കു വിശേഷാവസരത്തില്‍ ആഘോഷങ്ങളുടെ അന്തരീക്ഷം സൃഷ്ടിക്കുകയും കുടുംബവുമായി പുറത്തെ ആഘോഷങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരവും ഒരുക്കുകയുമാണ് ഈദ് പരിപാടികളിലൂടെ ലക്ഷ്യമിട്ടത്. ഏറ്റവും മികച്ച കാഴ്ചാനുഭവമായി മാറി പരിപാടികളെന്ന് സന്ദര്‍ശകരും പ്രതികരിച്ചു.

ദേശസ്‌നേഹം പ്രതിഫലിപ്പിക്കുന്നതുള്‍പ്പടെയുള്ള ഗാനങ്ങളാണ് പോലീസ് മ്യൂസിക്കല്‍ ബാന്‍ഡ് അവതരിപ്പിച്ചത്. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിന് കത്താറയിലെ ജീവനക്കാര്‍ നേതൃത്വം നല്‍കി. കത്താറ ആംഫിതിയറ്ററിനുസമീപവും സംഗീതപ്രകടനങ്ങളുണ്ടായി.

അല്‍ഖസര്‍ മുതല്‍ അല്‍ വഖ്‌റ വരെ നീളുന്ന ദോഹ മെട്രോയുടെ റെഡ് ലൈനിന്റെ പ്രവര്‍ത്തനം കത്താറയിലേക്കുള്ള വരവ് സുഗമമാക്കിയിട്ടുണ്ട്. അല്‍വഖ്‌റയിലുള്ളവര്‍ക്ക് ദോഹ മെട്രോ മുഖേന ഗതാഗത തടസങ്ങളില്ലാതെതന്നെ കത്താറയിലെത്താനാകും. ദോഹ മെട്രോയിലാണ് അല്‍ ഖാസറിലേക്ക് എത്തുന്നത്.

അവിടെ നിന്ന് മെട്രോ ലിങ്ക് കര്‍വ ബസുകളില്‍ കത്താറയിലേക്ക് എത്താം. രണ്ടു റിയാലാണ് മെട്രോയില്‍ ഒറ്റത്തവണ യാത്രാ ചാര്‍ജ്. വാഹനങ്ങളുടെ കുരുക്കില്‍പ്പെടാതെ കത്താറയിലേക്ക് വേഗത്തില്‍ എത്താമെന്നത് ഇത്തവണ സന്ദര്‍ശക പങ്കാളിത്തം വര്‍ധിപ്പിച്ചു. ഈദ് അവധിയെ തുടര്‍ന്നുള്ള തിരക്ക് കണക്കിലെടുത്ത് ദോഹ മെട്രോ വെള്ളിയാഴ്ചയും സര്‍വിസ് നടത്തിയിരുന്നു.

കുട്ടികള്‍ക്കായി ഗെയിമുകളും വിനോദ പരിപാടികളുമൊക്കെയുണ്ട്. കടല്‍തീരത്തും ഒട്ടേറെ വിനോദ പരിപാടികള്‍ നടക്കുന്നുണ്ട്. ഈദ് വിഭവങ്ങളുടെ രുചിയറിയാന്‍ കത്താറയിലെ റസ്റ്ററന്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

അല്‍തുറാായ പ്ലാനിറ്റേറിയത്തില്‍ അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ ത്രിഡി ഷോകള്‍ ആസ്വദിക്കാനും നിരവധിപേരെത്തി. കത്താറ ബീച്ചിന് മുകളില്‍ വര്‍ണം നിറച്ചുള്ള വെടിക്കെട്ട് പ്രദര്‍ശനം കാണാനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നാലു ദിവസത്തെ ഈദ് ആഘോഷം ഇന്നു സമാപിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സൂഖ് വാഖിഫിലും വഖ്‌റ സൂഖിലും ഈദ് ആഘോഷങ്ങള്‍ ശ്രദ്ധേയമായി

ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ മഞ്ഞുപാര്‍ക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു