
ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ കുട്ടികള്‍ക്കായുള്ള മേള(ചില്‍ഡ്രന്‍സ് ഫെസ്റ്റിവല്‍) തുടങ്ങി. ലോക ശിശുദിനത്തോടനുബന്ധിച്ചാണ് മേള ഒരുക്കിയിരിക്കുന്നത്. കത്താറ ആംഫിതിയറ്ററിനും അല്‍തുറായ പ്ലാനറ്റേറിയത്തിനും എതിര്‍വശത്തായാണ് ത്രിദിന പരിപാടികള്‍ നടക്കുന്നത്.
വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടുവരെയാണ് പരിപാടികള്‍. കഴിഞ്ഞ ദിവസം കുട്ടികളുടെ മേളയുടെ ഭാഗമായ പരിപാടികളും കലാപ്രവര്‍ത്തനങ്ങളും കത്താറ ഡയറക്ടര്‍ ജനറല്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി സന്ദര്‍ശിച്ചു. ലോക ശിശുദിനത്തോടനുബന്ധിച്ച് ഖത്തര്‍ പോസ്റ്റുമായി സഹകരിച്ച് കത്താറയ്ക്കായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുന്നുണ്ട്. കുട്ടികളുടെ കണ്ണില്‍ ഖത്തര്‍ എന്ന പേരില്‍ നടത്തുന്ന പെയിന്റിങ് മത്സരം മുഖേനയാണ സ്റ്റാമ്പ് പുറത്തിറക്കുന്നത്. പ്രൈമറി, പ്രിപ്പറേറ്ററി, സെക്കന്ററി സ്‌കൂള്‍ തലങ്ങളില്‍ മികച്ച ആറു പെയിന്റിങുകള്‍ തെരഞ്ഞെടുക്കുകയും വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്യും. കുട്ടികളുടെ മേളയില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ കുടുംബങ്ങളോടു ഡോ.അല്‍സുലൈത്തി ആവശ്യപ്പെട്ടു. സാംസ്‌കാരിക, വിനോദപരിപാടികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ശില്‍പ്പശാലകള്‍, അല്‍ദാദ് ഗെയിമുകള്‍, അറബിക് കാലിഗ്രഫി, കുട്ടികളുടെ ചുവര്‍ചിത്രങ്ങള്‍, ലിറ്റില്‍ എന്‍ജീനിയര്‍ എന്നിവയെല്ലാം നടക്കുന്നു. ഖത്തര്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ ആനിമേറ്റഡ് സംഗീതപരിപാടിയോടെയായിരിക്കും സമാപനം.