
ദോഹ: ഖത്തറിലെ സുപ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ കത്താറ കള്‍ച്ചറല്‍ വില്ലേജിലെ ഈദ് ആഘോഷ പരിപാടികള്‍ സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമായി. വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പരിപാടികളും ഷോകളുമാണ് കഴിഞ്ഞദിവസങ്ങളില്‍ കത്താറയില്‍ നടന്നത്.
ദോഹ മെട്രോ സര്‍വീസ് തുടങ്ങിയതോടെ കത്താറയിലേക്ക് ഗതാഗതക്കുരുക്കില്ലാതെ എത്താന്‍ സന്ദര്‍ശകര്‍ക്ക് കഴിയുന്നുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ ആയിരങ്ങളാണ് ദോഹ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തി കത്താറയിലെത്തിയത്. ഈദ് അവധിദിവസങ്ങളില്‍ കത്താറ ബീച്ചിലും വലിയ സന്ദര്ശകബാഹുല്യമായിരുന്നു.കുട്ടികളും കുടുംബങ്ങളുമായി നിരവധിപേര്‍ ബീച്ചിലെത്തി.

കത്താറ സന്ദര്‍ശകരില്‍ നല്ലൊരുപങ്കും ദോഹ മെട്രോയാണ് ഗതാഗതത്തിനായി ഉപയോഗപ്പെടുത്തിയത്. ഗതാഗതതടസങ്ങളില്ലെന്നതും കുറഞ്ഞ ചെലവില്‍ എത്താമെന്നതും ദോഹ മെട്രോ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കുന്നുണ്ട്. ദോഹ മെട്രോ കത്താറ സ്റ്റേഷന് തുറന്നിട്ടില്ലെങ്കിലും അല്‍ഖസര്‍ സ്റ്റേഷനില്‍ നിന്നും കത്താറയിലേക്ക് സുഗമമായ ഗതാഗത സൗകര്യം ഉറപ്പാക്കിയിരുന്നു.
ഈദ് ദിനങ്ങളില്‍ അല്ഖസറില് നിന്നും കത്താറയിലേക്ക് മെട്രോ യാത്രക്കാര്‍ക്കായി സൗജന്യമായിട്ടായിരുന്നു യാത്രാസൗകര്യം. ഇതിനായി ഗോള്‍ഫ് കാര്‍ട്ടുകളാണ് കത്താറ ഉപയോഗപ്പെടുത്തിയത്.
കത്താറയിലേക്ക് ഒട്ടേറെ യാത്രക്കാരാണ് ദോഹ മെട്രോയുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്തിയത്. ദോഹ മെട്രോയുടെ റെഡ്ലൈന്‍ സൗത്തില്‍ നിലവില്‍ 13 സ്റ്റേഷനുകളാണ് സര്‍വീസിനായി തുറന്നത്. കത്താറ, ലെഗ്തൈഫിയ, ഖത്തര്‍ യൂണിവേഴ്സിറ്റി, ലുസൈല്‍ സ്റ്റേഷനുകള്‍ സമീപഭാവിയില്‍തന്നെ തുറക്കും.